ഡിജിറ്റൽ തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി ഭാരതി എയർടെൽ ഗൂഗിളുമായി സഹകരിക്കുന്നു. ഗൂഗിളിന്‍റെ മെസേജിംഗ് പ്ലാറ്റ്‌ഫോമിൽ എഐ അടിസ്ഥാനമാക്കിയുള്ള സ്പാം പ്രൊട്ടക്ഷൻ ടൂൾ സംയോജിപ്പിച്ച് സ്പാം മെസേജുകൾ തത്സമയം തിരിച്ചറിഞ്ഞ് തടയും. 

കൊച്ചി: ഡിജിറ്റൽ തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി ഭാരതി എയർടെൽ ഗൂഗിളുമായി കൈകോർക്കുന്നു. എയർടെല്ലിന്‍റെ നെറ്റ്‌വർക്ക് ഇന്‍റലിജന്‍സും ഗൂഗിളിന്‍റെ ആധുനിക മെസേജിംഗ് സംവിധാനമായ റിച്ച്‍ കമ്മ്യൂണിക്കേഷൻ സർവീസസ് പ്ലാറ്റ്‌ഫോമും സംയോജിപ്പിച്ചാണ് ഈ സേവനം തയ്യാറാക്കിയിരിക്കുന്നത്. ഗൂഗിളിന്‍റെ മെസേജിംഗ് പ്ലാറ്റ്‌ഫോം വഴി അയക്കുന്ന ടെക്സ്റ്റ് മെസേജുകളിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സ് അധിഷ്ഠിത സ്പാം പ്രൊട്ടക്ഷൻ ടൂൾ ഭാരതി എയർടെൽ ഏർപ്പെടുത്തും. ഇതിലൂടെ സ്പാം മെസേജുകൾ തത്സമയം തിരിച്ചറിയാനും ബ്ലോക്ക് ചെയ്യാനും സാധിക്കും.

വാട്‍സ്ആപ്പിന് സമാനമായി ഉയർന്ന നിലവാരമുള്ള ഫോട്ടോകളും വീഡിയോകളും അയക്കുവാനും മെസേജുകൾക്ക് റിയാക്ഷനുകൾ നൽകാനുമുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു. ഒടിടി പ്ലാറ്റ്‌ഫോമുകൾ വഴി നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളും വ്യാജ സന്ദേശങ്ങളും തടയാൻ ടെലികോം ഗ്രേഡ് സുരക്ഷാ മാനദണ്ഡങ്ങൾ ഈ പ്ലാറ്റ്‌ഫോമിൽ നടപ്പിലാക്കും. കമ്പനികളിൽ നിന്ന് വരുന്ന സന്ദേശങ്ങൾ ഒറിജിനൽ ആണോ എന്ന് തിരിച്ചറിയാൻ പ്രത്യേക വെരിഫിക്കേഷൻ സംവിധാനമുണ്ടാകും എന്നും എയർടെല്‍ അറിയിച്ചു.

സൈബർ തട്ടിപ്പുകള്‍ തടയാന്‍ എയർടെല്ലിന് മറ്റ് നടപടികളും

സ്‍പാമുകളിലും മറ്റ് സൈബർ തട്ടിപ്പുകളിലും നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാനുള്ള എയർടെല്ലിന്‍റെ തീവ്രയജ്ഞത്തിന്‍റെ ഭാഗമായാണ് ഗൂഗിളുമായുള്ള പുതിയ സഹകരണവും. സ്‍പാം കോളുകളും സന്ദേശങ്ങളും തടയുന്നതിനായി മുമ്പ് എയർടെൽ നടപ്പിലാക്കിയ എഐ സംവിധാനം വിജയമായിരുന്നു. സ്പാം തിരിച്ചറിയാനുള്ള എഐ സംവിധാനം അവതരിപ്പിച്ച് 19 ദിവസങ്ങൾക്കുള്ളില്‍ കേരളത്തില്‍ 5.5 കോടി സ്പാം കോളുകളും 10 ലക്ഷം സ്പാം എസ്എംഎസുകളും കണ്ടെത്തിയിരുന്നു.

പ്രത്യേക സർവീസ് റിക്വസ്റ്റ്, പുതിയ ആപ്പ് ഡൗൺലോഡ് എന്നിവ ആവശ്യമില്ലാതെ തന്നെ കേരളത്തിലെ എല്ലാ എയർടെൽ ഉപഭോക്താക്കൾക്കും എഐ സ്പാം ഡിറ്റക്ഷന്‍ സേവനം സൗജന്യമായും സ്വമേധയായും ലഭിക്കുന്നുണ്ട്. സ്‌കാമുകൾ, തട്ടിപ്പുകൾ, മറ്റ് അനാവശ്യമായ കമ്മ്യൂണിക്കേഷനുകൾ എന്നിവ തടയുന്നതിനായിട്ടാണ് എഐ സംവിധാനം രാജ്യത്താകമാനം എയർടെൽ നടപ്പിലാക്കിയത്. ഇതിന്‍റെ ഭാഗമായി കേരളത്തിലും എഐ സംവിധാനം എയർടെല്‍ അവതരിപ്പിക്കുകയായിരുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming