മുംബൈ : റിലയന്‍സിന്‍റെ ജിയോ ഫീച്ചര്‍ ഫോണ്‍ ആവശ്യക്കാരുടെ കൈയ്യില്‍ എത്താന്‍ വൈകിയേക്കും. കഴിഞ്ഞ 24നാണ് പൊതുജനങ്ങള്‍ക്കായുള്ള ഫോണിന്‍റെ ബുക്കിങ് ആരംഭിച്ചത്. ബുക്കിങ് തുടങ്ങി കുറച്ച് സമയത്തിനുള്ളില്‍ തിരക്ക് കാരണം വെബ്‌സൈറ്റുകള്‍ ലഭിക്കാതായി. തുടര്‍ന്ന് കമ്പനി ബുക്കിങ് നിര്‍ത്തിവച്ചു. നിലവില്‍ ബുക്ക് ചെയ്‌തവര്‍ക്കു പോലും ഫോണ്‍ ലഭിക്കണമെങ്കില്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് ഇപ്പോഴത്തെ സൂചന.
സെപ്‌റ്റംബര്‍ ആദ്യവാരം ഫോണുകള്‍ വിപണിയിലെത്തിക്കുമെന്നായിരുന്നു കമ്പനി പറഞ്ഞിരുന്നത്. വിപണിയിലെ ആവശ്യകത കൂടുതലായതിനാല്‍ ഫോണ്‍ ഒരു മാസത്തോളം വൈകിയേക്കാം. ആദ്യം ബുക്ക് ചെയ്‌തവര്‍ക്ക് ആദ്യമെന്ന കണക്കിലാകും ഫോണ്‍ ലഭ്യമാകുക. ഇതുവരെ ബുക്ക് ചെയ്യാന്‍ സാധിക്കാത്തവര്‍ക്കായി ഉടന്‍ത്തന്നെ ബുക്കിങ് പുനരാരംഭിക്കുമെന്നും കമ്പനി വ്യക്‌തമാക്കിയിട്ടുണ്ട്. ഇതുവരെ ലക്ഷക്കണക്കിന് ആളുകള്‍ ജിയോ ഫോണുകള്‍ ബുക്ക് ചെയ്‌തതായി ജിയോ സ്‌ഥിരീകരിച്ചു.
കമ്പനിയുടെ കഴിഞ്ഞ വാര്‍ഷിക യോഗത്തിലാണ് ജിയോ സൗജന്യ 4ജി ഫീച്ചര്‍ ഫോണുകള്‍ പ്രഖ്യാപിച്ചത്. മൂന്നു വര്‍ഷത്തേയ്‌ക്ക് 1500 രൂപ ഡെപ്പോസിറ്റ് മാത്രമാണ് ഫോണിന് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീടത് മൂന്നു വര്‍ഷത്തിനു മുമ്പും ഫോണ്‍ തിരിച്ചു നല്‍കുന്ന പക്ഷവും ഡെപ്പോസിറ്റ് പിന്‍വലിക്കാമെന്നാക്കി. ബുക്കിങ് സമയത്ത് 500 രൂപ മാത്രമാണ് ഉപയോക്‌താവ് നല്‍കേണ്ടതുള്ളു. ബാക്കി ഫോണ്‍ കൈയ്യിലെത്തുമ്പോള്‍ നല്‍കിയാല്‍ മതിയാകും.
