ദില്ലി: കേന്ദ്ര മന്ത്രി മേനക ഗാന്ധിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പീപ്പിൾ ഫോർ അനിമൽസിന്‍റെ വെബ്സൈറ്റ് മലയാളി ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു. തെരുവ് നായ വിമുക്ത ഇന്ത്യയ്ക്കായി ക്യാംപയിൻ നടത്തുന്ന കേരള സൈബർ വാരിയേഴ്സാണ് മേനക ഗാന്ധി അധ്യക്ഷയായ പീപ്പിൾ ഫോർ അനിമൽസിന്റെ വെബ്സൈറ്റ് ഭാഗികമായി ഹാക്ക് ചെയ്തത്. 

അതിലെ രണ്ടു പേജുകളിൽ കടന്നുകയറി തിരുത്തൽ വരുത്തുകയായിരുന്നു. ഹാക്ക് ചെയ്ത പേജില്‍ തെരുവ് നായ്ക്കള്‍ ഇല്ലാത്ത ഇന്ത്യ എന്ന തലക്കെട്ടിൽ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. തെരുവ് നായ്ക്കളെ കൊല്ലാന്‍ അനുവദിക്കില്ലെന്ന മനേക ഗാന്ധിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് വെബ്‌സൈറ്റ് പൂട്ടിക്കൽ ശ്രമം നടത്തിയത്. 

തിരുവനന്തപുരത്തെ പുല്ലുവിള സംഭവത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഹാക്കിങ്. എന്നാൽ വെബ്‌സൈറ്റ് ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.