പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമായ ലിങ്ക്‌ഡ്ഇനിലെ ആറാമത്തെ ഇൻ-ആപ്പ് ഗെയിമാണ് മിനി സുഡോകു പസില്‍
ഉപയോക്തൃ ഇടപെടൽ വർധിപ്പിക്കുന്നതിനായി പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് സൈറ്റായ ലിങ്ക്ഡ്ഇൻ ഒരു പുതിയ മാർഗം കണ്ടെത്തിയിരിക്കുകയാണ്. ഇതിനായി പ്ലാറ്റ്‌ഫോമിൽ കമ്പനി ഒരു പുതിയ പസിൽ ചേർത്തു. ഉപയോക്താക്കളെ ആപ്പിലേക്ക് വീണ്ടും വരുത്താനും ഏറെ സമയം അതില്‍ നിലനിര്‍ത്താനും ആറാമത്തെ ഇൻ-ആപ്പ് ഗെയിമായി മിനി സുഡോകുവാണ് ലിങ്ക്ഡ് ഇൻ അവതരിപ്പിച്ചത്. ജനപ്രിയമായ സുഡോകുവിന്‍റെ ഒരു മിനിയേച്ചർ പതിപ്പാണ് ഈ ഗെയിം.
മൂന്ന് തവണ ലോക സുഡോകു ചാമ്പ്യനായ തോമസ് സ്‌നൈഡറും ജാപ്പനീസ് പസിൽ പ്രസാധകനായ നിക്കോളിയും ചേർന്ന് വികസിപ്പിച്ചെടുത്ത ക്ലാസിക് സുഡോകുവിന്‍റെ ഒരു സ്കെയിൽ ഡൗൺ പതിപ്പാണ് പുതിയ പസിൽ. സ്റ്റാൻഡേർഡ് 9x9 ഗ്രിഡിന് പകരം, മിനി സുഡോകു 6x6 ഫോർമാറ്റാണ് ഉപയോഗിക്കുന്നത്. അത് വെറും രണ്ടോ മൂന്നോ മിനിറ്റിനുള്ളിൽ പൂർത്തിയാക്കാൻ കഴിയും. ജോലിയിൽ നിന്ന് ശ്രദ്ധ തിരിക്കാതെ ചെറിയ മാനസിക വിശ്രമം തേടുന്ന തിരക്കുള്ള പ്രൊഫഷണലുകളെ ലക്ഷ്യം വച്ചുള്ളതാണ് ഈ ചെറിയ ഫോർമാറ്റ്.
ഉൽപ്പാദനക്ഷമതയ്ക്കും വിനോദത്തിനും ഇടയിൽ സന്തുലിതാവസ്ഥ നൽകിക്കൊണ്ട്, കാഷ്വൽ ഗെയിമിംഗിലൂടെ ഉപയോക്തൃ ഇടപെടലുകൾ വളർത്തിയെടുക്കുന്നതിനുള്ള ലിങ്ക്ഡ്ഇനിന്‍റെ വിശാല തന്ത്രത്തിന്‍റെ ഭാഗമാണ് മിനി സുഡോകുവിന്‍റെ അവതരണം. ലിങ്ക്ഡ്ഇനിൽ 20 മിനിറ്റ് കൊണ്ട് പരിഹരിക്കാവുന്ന ഒരു പസിൽ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ഗെയിമുകൾക്കുവേണ്ടിയുള്ള ഗെയിമുകളല്ല ഇതെന്ന് വ്യക്തമാക്കിക്കൊണ്ടും ലിങ്ക്ഡ്ഇന്നിലെ സീനിയർ പ്രൊഡക്റ്റ് ഡയറക്‌ടർ ലക്ഷ്‍മൺ സോമസുന്ദരം ഗെയിമിന്‍റെ രൂപകൽപ്പനയ്ക്ക് പിന്നിലെ തന്ത്രപരമായ ഉദ്ദേശ്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞു.
മൂന്നുതവണ ലോക സുഡോകു ചാമ്പ്യനായ തോമസ് സ്‌നൈഡറാണ് ഓരോ പസിലും രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് സോമസുന്ദരം എടുത്തുപറഞ്ഞു. ക്വീൻസ്, ടാങ്കോ, സിപ്പ് എന്നിവയ്‌ക്കായി ദൈനംദിന ഗ്രിഡുകളും അദ്ദേഹം രൂപകൽപ്പന ചെയ്യുന്നു. ലിങ്ക്ഡ്ഇനിലെ മറ്റ് പസിൽ അധിഷ്‍ഠിത ഗെയിമുകളെപ്പോലെ, ആഴ്‌ചയിലെ ഓരോ ദിവസം കഴിയുന്തോറും മിനി സുഡോകു പരിഹരിക്കാൻ കൂടുതൽ ബുദ്ധിമുട്ടുള്ളതായിത്തീരുന്നു.
മിനി സുഡോകു ഉപയോഗിച്ച്, ഉപയോക്താക്കളുടെ നൊസ്റ്റാൾജിയയെ ഉണർത്താൻ ലിങ്ക്ഡ്ഇൻ ശ്രമിക്കുന്നു. ആർക്കാണ് ആദ്യം പസിൽ പരിഹരിക്കാൻ കഴിയുക എന്ന കാര്യത്തിൽ സഹപ്രവർത്തകർ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ തുടങ്ങിയവർക്കിടയിൽ ആരോഗ്യകരമായ മത്സരത്തിനും ഇത് കാരണമായേക്കാം. ഉപയോക്താക്കൾക്ക് സംസാരിക്കാൻ പുതിയ എന്തെങ്കിലും നൽകുന്നതിനൊപ്പം ഇടപെടലുകളും വർധിപ്പിക്കുന്നതിന് ലിങ്ക്ഡ്ഇൻ അതിന്‍റെ പ്ലാറ്റ്‌ഫോമുകളിൽ ഗെയിമുകൾ അവതരിപ്പിക്കുന്നു.
2003-ൽ ആരംഭിച്ച ലിങ്ക്ഡ്ഇന്നിനെ 2016-ൽ മൈക്രോസോഫ്റ്റ് ഏറ്റെടുത്തു. ജോലി ലിസ്റ്റിംഗുകൾക്കും റിക്രൂട്ട്‌മെന്‍റ് ടൂളുകൾക്കും അപ്പുറം ലിങ്ക്ഡ്ഇൻ ഓഫറുകൾ വികസിപ്പിക്കുന്നത് തുടരുന്നു. നിലവിൽ, ലിങ്ക്ഡ്ഇൻ പ്ലാറ്റ്‌ഫോമിൽ പിൻപോയിന്‍റ്, ക്രോസ്-ക്ലൈംബ്, ക്വീൻസ്, ടാംഗോ, സിപ്പ് തുടങ്ങിയവ ഉൾപ്പെടെ അഞ്ച് മറ്റ് ഗെയിമുകൾ കൂടി വാഗ്‍ദാനം ചെയ്യുന്നു. ഇവയെല്ലാം എല്ലാ ഉപയോക്താക്കൾക്കും സൗജന്യമായി ലഭ്യമാകുന്ന ദൈനംദിന പസിൽ ഗെയിമുകളാണ്.



