മെറ്റ രണ്ടായിരത്തിൽ അധികം അഡൾട്ട് സിനിമകൾ നിയമവിരുദ്ധമായി ഡൗൺലോഡ് ചെയ്‌തതായി ആരോപിച്ചാണ് രണ്ട് അഡൾട്ട് സിനിമ കമ്പനികൾ കേസ് ഫയല്‍ ചെയ്‌തിരിക്കുന്നത്
കാലിഫോര്‍ണിയ: എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിനായി ടെക് ഭീമനായ മെറ്റ 2,000ത്തിൽ അധികം അഡൾട്ട് സിനിമകൾ നിയമവിരുദ്ധമായി ഡൗൺലോഡ് ചെയ്‌തതായി ആരോപിച്ച് രണ്ട് അഡൾട്ട് സിനിമ കമ്പനികൾ മെറ്റയ്‌ക്കെതിരെ കേസ് ഫയൽ ചെയ്‌തു. ഈ അഡൽറ്റ് ഫിലിം കമ്പനികള്‍ മെറ്റയ്‌ക്കെതിരെ 359 മില്യൺ ഡോളറോളം നഷ്‍ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്‌തിരിക്കുന്നത്. മെറ്റ 2,000-ത്തിലധികം സിനിമകൾ നിയമവിരുദ്ധമായി ഡൗൺലോഡ് ചെയ്‌ത് കൃത്രിമബുദ്ധിയെ പരിശീലിപ്പിച്ചതായി ഇരു കമ്പനികളും അവകാശപ്പെടുന്നു. 2018 മുതൽ മെറ്റ ബോധപൂർവ്വം പകർപ്പവകാശ ലംഘനം നടത്തിയെന്ന് ആരോപിച്ച് കാലിഫോർണിയയിൽ ആണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
അമേരിക്കയിലെ ഏറ്റവും സജീവമായ പകർപ്പവകാശ വ്യവഹാരിയാണ് സ്ട്രൈക്ക് 3. സാധാരണയായി ബിറ്റ് ടോറന്‍റിൽ അവരുടെ സിനിമകൾ പൈറേറ്റ് ചെയ്യുന്ന വ്യക്തികളെയാണ് സ്ട്രൈക്ക് 3 ലക്ഷ്യമിടുന്നത്. എങ്കിലും ഇത്തവണ സ്ട്രൈക്ക് 3 ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മെറ്റ എഐ പരിശീലനത്തിനായി പൈറേറ്റഡ് ഉള്ളടക്കം എങ്ങനെ ഉപയോഗിച്ചു എന്നതിലാണ്.
മെറ്റാ മൂവി ജെൻ, എൽഎൽഎഎംഎ തുടങ്ങിയ എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിനായി പൈറേറ്റ് ഉറവിടങ്ങളിൽ നിന്ന് സിനിമകൾ മെറ്റ അനധികൃതമായി ഡൗൺലോഡ് ചെയ്തതായി സ്ട്രൈക്ക് 3 ഹോൾഡിംഗ്‌സും കൗണ്ടർലൈഫ് മീഡിയയും പറയുന്നു. നിയമപരമായി സബ്‌സ്‌ക്രിപ്‌ഷനുകൾ വാങ്ങുന്നതിനുപകരം, മെറ്റ വ്യാജ ഉള്ളടക്കം ആവർത്തിച്ച് പങ്കിട്ടുവെന്ന് പരാതിയിൽ ആരോപിക്കുന്നു. ഉപയോക്താക്കൾക്ക് അവരുടെ ഡൗൺലോഡ് വേഗത വർധിപ്പിക്കുന്നതിലൂടെ മറ്റുള്ളവരുമായി ഉള്ളടക്കം പങ്കിടുന്നതിന് പ്രതിഫലം നൽകുന്ന ബിറ്റ്‌ടോറന്‍റ് ട്രാൻസ്‌ഫറുകളുടെ 'ടിറ്റ്-ഫോർ-ടാറ്റ്' അൽഗോരിതം മുതലെടുക്കാൻ മെറ്റ ശ്രമിക്കുന്നതായും കമ്പനി അറിഞ്ഞുകൊണ്ട് നിയമം ലംഘിച്ചുവെന്ന് ഇത് തെളിയിക്കുന്നുവെന്നും ഫിലിം കമ്പനികൾ വാദിക്കുന്നു.
എഐ പരിശീലിപ്പിക്കുന്നതിനായി വ്യാജ ഉള്ളടക്കം തേടിയതായി മെറ്റ നേരത്തെ ചില കേസുകളിൽ സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ പുതിയ കേസും വരുന്നത്. മെറ്റയുടെ ആ കുറ്റസമ്മതം ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്താൻ പ്രേരിപ്പിച്ചതായി അഡൽറ്റ് ഫിലിം കമ്പനികൾ പറയുന്നു. ഇപ്പോൾ മെറ്റ വ്യാപകമായ നിയമലംഘനം നടത്തിയെന്ന് അഡൽറ്റ് ഫിലിം കമ്പനികൾ ആരോപിക്കുന്നു. അതേസമയം, മെറ്റ ഇക്കാര്യത്തിൽ ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. എന്തായാലും ഈ കേസ് എഐ പരിശീലനത്തെ സംബന്ധിച്ച് ഒരു വലിയ നിയമ യുദ്ധത്തിന് കാരണമായേക്കാം.



