ആപ്പിളിന്‍റെ ഫോള്‍ഡറില്‍ നിന്ന് 63 രേഖകൾ ചെൻ ഷി ഡൗൺലോഡ് ചെയ്‌തുവെന്നും കമ്പനി വിടുന്നതിന്‍റെ തലേന്ന് ഈ ഫയലുകൾ ഒരു യുഎസ്ബി ഡ്രൈവിലേക്ക് മാറ്റിയെന്നും ആപ്പിൾ ആരോപിക്കുന്നു

കാലിഫോര്‍ണിയ: ചൈനീസ് സ്‍മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഓപ്പോയിൽ ചേർന്ന ഒരു മുൻ ജീവനക്കാരനെതിരെ രഹസ്യങ്ങൾ മോഷ്‍ടിച്ചെന്ന് ആരോപിച്ച് അമേരിക്കൻ ടെക് ഭീമനായ ആപ്പിൾ കേസ് ഫയൽ ചെയ്തു. ആപ്പിളിലെ മുൻ സെൻസർ സിസ്റ്റംസ് ആർക്കിടെക്റ്റായ ചെൻ ഷി എന്നയാള്‍ക്ക് എതിരെയാണ് കമ്പനി പരാതി നൽകിയിരിക്കുന്നത്. ആപ്പിൾ വാച്ചുമായി ബന്ധപ്പെട്ട വ്യാപാര രഹസ്യങ്ങൾ മോഷ്‌ടിച്ച് തന്‍റെ പുതിയ കമ്പനികൾക്ക് നൽകി എന്ന കുറ്റമാണ് അദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ജൂണിലാണ് ചെൻ ഷി ആപ്പിളിൽ നിന്ന് രാജിവച്ചത്. എന്നാൽ കമ്പനിയിൽ നിന്നും പുറത്തുപോകുന്നതിന് മുമ്പ് ഇദ്ദേഹം ആപ്പിളിന്‍റെ ആരോഗ്യ സെൻസിംഗ് സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ ചോർത്തി ഓപ്പോയ്ക്ക് നൽകി എന്നാണ് ആപ്പിൾ ആരോപിക്കുന്നത്. സാൻ ജോസിലെ ഒരു ഫെഡറൽ കോടതിയിലാണ് കേസ് ഫയൽ ചെയ്‌തിരിക്കുന്നത്.

ചെൻ ഷി ജൂണിൽ കമ്പനി വിടുന്നതിന് മുമ്പ് ആപ്പിളിന്‍റെ ആരോഗ്യ സെൻസിംഗ് സവിശേഷതകളുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ മോഷ്‌ടിച്ചുവെന്നാണ് ആപ്പിൾ ആരോപിക്കുന്നത്. തുടർന്ന് ഷി ഈ വിവരങ്ങൾ ഓപ്പോയ്ക്ക് കൈമാറിയതായും ഓപ്പോയെ ഇതേ ഡിവൈസ് വികസിപ്പിക്കാൻ സഹായിച്ചതായും ആപ്പിൾ ആരോപിക്കുന്നു. കമ്പനി വിടുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലെ രാത്രികളിൽ ഷി ഡാറ്റാ മോഷണം നടത്തിയതായും കമ്പനി ആരോപിക്കുന്നു. ആപ്പിൾ വിടുന്നതിന് മൂന്ന് ദിവസം മുമ്പ് രാത്രിയിൽ ഷി ഒരു സംരക്ഷിത ബോക്‌സ് ഫോൾഡറിൽ നിന്ന് 63 രേഖകൾ ഡൗൺലോഡ് ചെയ്‌തുവെന്നും ആപ്പിളിന്‍റെ പരാതിയിൽ പറയുന്നു. പോകുന്നതിന് ഒരു ദിവസം മുമ്പ് അദേഹം ഈ ഫയലുകൾ ഒരു യുഎസ്ബി ഡ്രൈവിലേക്ക് മാറ്റിയെന്നും ആപ്പിൾ ആരോപിക്കുന്നു.

2020 മുതൽ ആപ്പിളിൽ ജോലി ചെയ്‌തിരുന്ന ചെൻ ഷി, പ്രായമായ മാതാപിതാക്കളെ പരിചരിക്കുന്നതിനായി ചൈനയിലേക്ക് മടങ്ങുകയാണെന്നാണ് ആപ്പിളിനോട് പറഞ്ഞത്. ഷി തന്‍റെ ജോലിമാറ്റം മറച്ചുവെച്ചതായും ആപ്പിൾ ആരോപിക്കുന്നു. ചൈനയിലേക്ക് മടങ്ങുന്നതിനു പകരം ചെൻ ഷി, സിലിക്കൺ വാലിയിലെ ഓപ്പോയുടെ ഗവേഷണ കേന്ദ്രത്തിൽ ചേർന്നതായും ആപ്പിൾ പറയുന്നു. ആപ്പിളിന്‍റെ ശമ്പളം വാങ്ങിക്കൊണ്ടിരിക്കുമ്പോഴും ഷി ഓപ്പോ എക്‌സിക്യൂട്ടീവുകളുമായി നേരിട്ട് ആശയവിനിമയം നടത്തിയിരുന്നുവെന്നും ആപ്പിൾ ആരോപിക്കുന്നു.

ആപ്പിളിന്‍റെ ആരോപണങ്ങൾക്കെതിരെ ഓപ്പോ ശക്തമായി രംഗത്തെത്തി. ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ആരോപണങ്ങൾക്ക് തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും വീചാറ്റ് വഴിയുള്ള പ്രസ്‌താവനയിൽ ഓപ്പോ പ്രതിനിധി പറഞ്ഞു. ആപ്പിൾ ഉൾപ്പെടെ എല്ലാ കമ്പനികളുടെയും വ്യാപാര രഹസ്യങ്ങളെ ഓപ്പോ ബഹുമാനിക്കുന്നുവെന്നും ആപ്പിളിന്‍റെ വ്യാപാര രഹസ്യങ്ങൾ ഓപ്പോ ദുരുപയോഗം ചെയ്‌തിട്ടില്ലെന്നും നിയമ പ്രക്രിയയുമായി ഓപ്പോ സജീവമായി സഹകരിക്കുമെന്നും കമ്പനി വ്യക്തമാക്കി. അതേസമയം ഓപ്പോയിൽ സെൻസിംഗ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഒരു ടീമിനെയാണ് ചെന്‍ ഷി ഇപ്പോൾ നയിക്കുന്നത്. വ്യക്തിപരവും കുടുംബപരവുമായ കാരണങ്ങളാൽ കമ്പനി വിടുകയാണെന്ന് ആപ്പിളിന് അയച്ച രാജി കത്തിൽ ഷി അവകാശപ്പെട്ടു.

അതേസമയം, ബൗദ്ധിക സ്വത്തവകാശ മോഷണം ആരോപിച്ച് മുൻ ജീവനക്കാർക്കും എതിരാളികൾക്കുമെതിരെ ആപ്പിൾ നിയമ നടപടിയുമായി നീങ്ങുന്നത് ഇതാദ്യമല്ല. ഇത്തരത്തിലുള്ള നിയമ പോരാട്ടങ്ങളുടെ പരമ്പര തന്നെ അടുത്തകാലത്തായി കോടതികളിൽ നടക്കുന്നുണ്ട്. ആപ്പിളിന്‍റെ സെൽഫ് ഡ്രൈവിംഗ് കാർ പ്രോജക്റ്റിലെ രഹസ്യങ്ങൾ ചൈനയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതിന് എഞ്ചിനീയർമാർക്കെതിരെ ആപ്പിൾ മുമ്പ് കേസ് കൊടുത്തിരുന്നു. സ്‍മാർട്ട് വാച്ച് പേറ്റന്‍റുകൾ സംബന്ധിച്ച് കാലിഫോർണിയ ആസ്ഥാനമായുള്ള മാസിമോ കോർപ്പറേഷനുമായി ആപ്പിൾ ദീർഘകാല നിയമ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയുമാണ്.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Rahul Mamkootathil