മെറ്റ ഇന്ത്യ തലവയായിരുന്ന സന്ധ്യ ദേവനാഥന് സൗത്ത് ഈസ്റ്റ് ഏഷ്യാ മേഖലയുടെ അധിക ചുമതല

ദില്ലി: ഫേസ്ബുക്കും വാട്സ്ആപ്പും ഇന്‍സ്റ്റഗ്രാമും അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ മാതൃകമ്പനിയായ മെറ്റയ്ക്ക് ഇന്ത്യയില്‍ പുതിയ മേധാവി. അരുണ്‍ ശ്രീനിവാസ് ആണ് മെറ്റയുടെ പുതിയ ഇന്ത്യ തലവനും മാനേജിംഗ് ഡയറക്ടറും. മെറ്റ ഇന്ത്യ തലവയായിരുന്ന സന്ധ്യ ദേവനാഥന് സൗത്ത് ഈസ്റ്റ് ഏഷ്യാ മേഖലയുടെ അധിക ചുമതല കമ്പനി നല്‍കിയതോടെയാണ് അരുണ്‍ ശ്രീനിവാസിനെ ഇന്ത്യയിലെ ഹെഡായി തെരഞ്ഞെടുത്തത്. നിലവില്‍ മെറ്റയുടെ ഇന്ത്യയിലെ പരസ്യ വിഭാഗത്തെ നയിച്ചുകൊണ്ടിരിക്കുകയായിരുന്നു അരുണ്‍ ശ്രീനിവാസ്. ജൂലൈ ഒന്നിന് അരുണ്‍ ശ്രീനിവാസ് മെറ്റ ഇന്ത്യ എംഡിയായി ചുമതലയേല്‍ക്കും.

മെറ്റയുടെ ഇന്ത്യയിലെ ബിസിനസ്, ഇന്നവേഷന്‍സ്, വരുമാനം തുടങ്ങിയ മേഖലകളുടെ മേല്‍നോട്ടം അരുണ്‍ ശ്രീനിവാസ് വഹിക്കും. 2020ല്‍ മെറ്റയില്‍ ജോലിയില്‍ പ്രവേശിച്ച ശ്രീനിവാസ് കമ്പനിയുടെ ഇന്ത്യയിലെ പരസ്യ വിഭാഗത്തിന്‍റെ ഡയറക്ടറും തലവനുമായിരുന്നു. 'മെറ്റയുടെ ഏറ്റവും വലിയ സാമ്പത്തിക വളര്‍ച്ചയും ഇന്നവേഷന്‍സും ഉള്ള രാജ്യമെന്ന നിലയില്‍ അരുണ്‍ ശ്രീനിവാസിനെ ചുമതല ഏല്‍പിക്കുന്നത് വലിയ ആകാംക്ഷ സൃഷ്ടിക്കുന്നു. എഐ, വാട്സ്ആപ്പ്, റീല്‍സ് എന്നിവയുടെ കാര്യത്തില്‍ ഇന്ത്യയില്‍ മെറ്റ ഏറെ മുന്നിലാണ്. മികച്ച പ്രകടനമുണ്ടാക്കുന്ന ടീമിനെയും ശക്തമായ ബിസിനസ് പങ്കാളികളെയും സൃഷ്ടിക്കുന്നതില്‍ അരുണ്‍ ശ്രീനിവാസനുള്ള ട്രാക്ക് റെക്കോര്‍ഡാണ് അദേഹത്തെ മെറ്റ ഇന്ത്യയുടെ തലപ്പത്തേക്ക് തെരഞ്ഞെടുക്കാനുള്ള കാരണം' എന്നും മെറ്റ ഇന്ത്യ, സൗത്ത് ഈസ്റ്റ് ഏഷ്യ വൈസ് പ്രസിഡന്‍റ് സന്ധ്യ ദേവനാഥന്‍ പറഞ്ഞു.

മാര്‍ക്കറ്റിംഗ്, മാനേജ്‌മെന്‍റ്, ഓപ്പറേഷനല്‍ രംഗത്ത് 25 വര്‍ഷത്തെ പരിചയമുള്ളയാളാണ് അരുണ്‍ ശ്രീനിവാസ്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഓല ഇന്ത്യ കമ്പനികളില്‍ ഉയര്‍ന്ന ചുമതലകള്‍ വഹിച്ചു. 1996ല്‍ റീബോക്കിലൂടെയായിരുന്നു അരുണ്‍ ശ്രീനിവാസിന്‍റെ തുടക്കം. റീബോക്കില്‍ പ്രൊഡക്ട് മാനേജര്‍, റീജിയനല്‍ സെയില്‍സ് മാനേജര്‍ (ദക്ഷിണേന്ത്യ), മാര്‍ക്കറ്റിംഗ് മാനേജര്‍ എന്ന പദവികള്‍ വഹിച്ചു. 2001ല്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറില്‍ ജോലിയില്‍ പ്രവേശിച്ച അദേഹം 15 വര്‍ഷക്കാലം അവിടെ തുടര്‍ന്നു. വിവിധ വിഭാഗങ്ങളിലായി വൈസ് പ്രസിഡന്‍റ് ചുമതല വരെ വഹിച്ചു. 2017ല്‍ വെസ്റ്റ്ബ്രിഡ്‌ജ് ക്യാപിറ്റലില്‍ പ്രവേശിച്ച അരുണ്‍ 2019 മുതല്‍ ഓല ഇന്ത്യയുടെ സിഒഒ, ഗ്ലോബല്‍ സിഎംഒ എന്നി പദവികളിലെത്തിയിരുന്നു. ഇതിന് ശേഷമാണ് 2020 സെപ്റ്റംബറില്‍ അരുണ്‍ ശ്രീനിവാസ് ഫേസ്ബുക്ക് ഇന്ത്യയുടെ ഭാഗമായത്.

Asianet News Live | Israel - Iran conflict | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News