ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ പ്ലാറ്റ്‌ഫോമുകളില്‍ പുത്തന്‍ സുരക്ഷാ ഫീച്ചറുകളും മുന്നറിയിപ്പുകളും ചേര്‍ത്ത് മെറ്റ. പ്രായമായവര്‍ക്കാണ് ഈ സുരക്ഷാ സവിശേഷതകളുടെ പ്രധാന പരിഗണന ലഭിക്കുക.
ദില്ലി: ഓൺലൈൻ തട്ടിപ്പുകളിൽ നിന്നും ഉപയോക്താക്കളെ, പ്രത്യേകിച്ച് പ്രായമായവരെ സംരക്ഷിക്കുന്നതിനായി സവിശേഷ സുരക്ഷാ സവിശേഷതകൾ അവതരിപ്പിച്ച് മെറ്റ. സൈബർ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള ആഗോള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് വാട്‌സ്ആപ്പ്, മെസഞ്ചർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയുൾപ്പെടെയുള്ള ആപ്പുകളിൽ വിപുലമായ സുരക്ഷാ ഫീച്ചറുകൾ മെറ്റ അവതരിപ്പിച്ചത്. ഓൺലൈൻ തട്ടിപ്പുകാരെ തിരിച്ചറിയാനും ഒഴിവാക്കാനും ഇവ ഉപയോക്താക്കളെ സഹായിക്കും.
വാട്‌സ്ആപ്പിലും മെസഞ്ചറിലും പുതിയ സുരക്ഷാ ഫീച്ചറുകള്‍
വാട്‌സ്ആപ്പിലെ വീഡിയോ കോളിൽ ഒരു അജ്ഞാത വ്യക്തി നിങ്ങളോട് സ്‌ക്രീൻ ഷെയർ ചെയ്യാൻ ആവശ്യപ്പെട്ടാൽ നിങ്ങൾക്ക് ഇനിമുതല്‍ മുന്നറിയിപ്പ് ലഭിക്കും. തട്ടിപ്പുകാർ പലപ്പോഴും ആളുകളുടെ സ്‌ക്രീനുകൾ വാട്‌സ്ആപ്പിൽ പങ്കിടാൻ ആവശ്യപ്പെടുകയും വിവരങ്ങൾ ചോർത്തി അവരുടെ ബാങ്ക് അക്കൗണ്ടുകൾ കാലിയാക്കുകയും ചെയ്യുന്നു. ഇത് തടയാൻ പുതിയ ഫീച്ചർ സഹായിക്കും. ഇതിനുപുറമെ, മെസഞ്ചറിൽ എഐ പവർഡ് സ്‌കാം ഡിറ്റക്ഷനും മെറ്റ പരീക്ഷിക്കുന്നുണ്ട്. ഇത് സംശയാസ്‌പദമായ സന്ദേശങ്ങൾ തിരിച്ചറിയുകയും ഉപയോക്താക്കളെ അറിയിക്കുകയും ചെയ്യും. ഇതിനുപുറമെ, പാസ്‌കീ സവിശേഷത വഴി വിരലടയാളം, മുഖം അല്ലെങ്കിൽ പിൻ എന്നിവ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഇപ്പോൾ മെറ്റയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ സുരക്ഷിതമായി ലോഗിൻ ചെയ്യാനും സാധിക്കും.
പ്രായമായവർക്ക് പ്രഥമ പരിഗണന
ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പുമായി സഹകരിച്ച് മെറ്റ ഒരു ക്യാംപയിനും ആരംഭിച്ചിട്ടുണ്ട്. അതിന്‍റെ പേര് "സ്‌കാം സേ ബച്ചാവോ" എന്നാണ്. ഈ ക്യംപയിന്‍, പ്രായമായവര്‍ക്കായി വ്യത്യസ്‌ത ഭാഷകളിൽ വീഡിയോ ഉള്ളടക്കങ്ങള്‍ തയ്യാറാക്കും. അതായത് മുതിർന്ന പൗരന്മാർക്ക് ഓൺലൈൻ തട്ടിപ്പ് തിരിച്ചറിയാനും ഒഴിവാക്കാനും റിപ്പോർട്ട് ചെയ്യാനും സഹായിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത ബഹുഭാഷാ വീഡിയോ ഉള്ളടക്കം ഈ ക്യാംപയിനില്‍ മെറ്റ വികസിപ്പിക്കും. രാജ്യത്തുടനീളമുള്ള മുതിർന്ന പൗരന്മാർക്ക് ഡിജിറ്റൽ സുരക്ഷാ പരിശീലനം നൽകുന്ന "സാക്ഷം സീനിയർ" പോലുള്ള സംരംഭങ്ങളെയും മെറ്റ പിന്തുണയ്ക്കുന്നു.
മെറ്റ തടഞ്ഞത് എട്ട് ദശലക്ഷം ക്രിമിനൽ തട്ടിപ്പുകൾ
മ്യാൻമർ, ലാവോസ്, കംബോഡിയ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) എന്നിവിടങ്ങളിൽ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഏകദേശം എട്ട് ദശലക്ഷം ക്രിമിനൽ തട്ടിപ്പുകൾ കണ്ടെത്തി തടഞ്ഞതായി മെറ്റ പറയുന്നു. മെസേജിംഗ്, ഡേറ്റിംഗ് ആപ്പുകൾ, സോഷ്യൽ മീഡിയ, ക്രിപ്‌റ്റോ, മറ്റ് ആപ്പുകൾ എന്നിവയിലെ തട്ടിപ്പുകളാണ് തടഞ്ഞത്. ആളുകളെ കബളിപ്പിച്ച് വിവരങ്ങൾ പങ്കുവെക്കുന്നതിനായി ഫേസ്ബുക്കിലെ ഉപഭോക്തൃ പിന്തുണയെന്ന വ്യാജേന പ്രവർത്തിക്കുന്ന 21,000-ത്തിലധികം പേജുകൾക്കും അക്കൗണ്ടുകൾക്കുമെതിരെ നടപടി സ്വീകരിച്ചതായും മെറ്റ പറയുന്നു.



