മികച്ച ഡിജിറ്റൽ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്ന മ്യൂസ്, സാമ്പത്തിക ഇടപാടുകൾക്കും ഇമെയിലുകൾ അയക്കുന്നതിനും ഉപയോക്താവിന്റെ പ്രത്യേക അനുമതി നിർബന്ധമായും തേടുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ന്യൂയോർക്ക്:പുത്തൻ എഐ ഗാഡ്ജറ്റ് പ്രഖ്യാപിച്ച് മെറ്റ.രണ്ട് ഇഞ്ച് ടച്ച് സ്ക്രീനും 5ജി കണക്ടിവിറ്റിയുമുള്ള കുഞ്ഞൻ ഗാഡ്ജറ്റിന്റെ പേര് പേര് മ്യൂസ് ചാം. വയർലെസ് ഇയർബഡ് കേസിനേക്കാള്‍ ചെറിയ ഉപകരണമാണ് മ്യൂസ് ചാം. ഡിസംബറിൽ വിപണിയിലെത്തുന്ന ഇവയുടെ വില പ്രഖ്യാപിച്ചിട്ടില്ല. ഓപ്പൺ എഐ സ്വന്തം എഐ ഗാഡ്ജറ്റ് പ്രഖ്യാപിക്കാനിരിക്കെയാണ് മെറ്റയുടെ നീക്കം. സാധാരണ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന പരമ്പരാഗത എഐ ചാറ്റ്‌ബോട്ടുകളിൽ നിന്ന് വ്യത്യസ്തമായി, ഉപയോക്താക്കൾക്ക് വേണ്ട കാര്യങ്ങൾ സ്വന്തമായി ചെയ്തുതീർക്കാൻ ശേഷിയുള്ള പ്രായോഗികമായ ഏജന്റിക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനമായാണ് മെറ്റാ മ്യൂസിനെ അവതരിപ്പിച്ചിരിക്കുന്നത്.

വളരെ സ്വാഭാവികമായ ചാറ്റ് ഇന്റർഫേസിലൂടെ പ്രവർത്തിക്കുന്ന ഈ സംവിധാനത്തിന് ഉപയോക്താവിന്റെ വ്യക്തിഗത വിവരങ്ങളും മുൻഗണനകളും ഓർത്തു വെക്കാനും, അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യുക, ചെലവുകൾ ചുരുക്കുക തുടങ്ങിയ ദൈർഘ്യമേറിയ ജോലികൾ ഉപയോക്താവിന്റെ നേരിട്ടുള്ള മേൽനോട്ടമില്ലാതെ തന്നെ സ്വതന്ത്രമായി ചെയ്തുതീർക്കാനും സാധിക്കും. ഡിജിറ്റൽ സുരക്ഷയെയും സ്വകാര്യതയെയും കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിനായി മെറ്റാ കടുപ്പമേറിയ മുൻകരുതലുകൾ മ്യൂസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ ഉപയോക്താവിന്റെയും വിവരങ്ങൾ ക്ലൗഡിലെ പ്രത്യേകം വിർച്വൽ കമ്പ്യൂട്ടറിലാണ് സൂക്ഷിക്കുന്നത്. കൂടാതെ, ഈ ചാറ്റ് വിവരങ്ങൾ പരസ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കില്ലെന്ന് ഉറപ്പുനൽകുന്ന മെറ്റാ, ഭാവിയിൽ പൂർണ്ണമായ എൻക്രിപ്ഷൻ സംവിധാനം നടപ്പിലാക്കാനും പദ്ധതിയുണ്ട്.

ഉപയോക്താവിന്റെ അനുമതിയില്ലാതെ പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യാതിരിക്കാൻ, ഇമെയിലുകൾ അയക്കുകയോ സാമ്പത്തിക ഇടപാടുകൾ നടത്തുകയോ ചെയ്യുന്നതിന് മുമ്പ് മ്യൂസ് നിർബന്ധമായും ഉപയോക്താവിൽ നിന്ന് നേരിട്ട് അനുമതി തേടുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. നിർദ്ദേശം നൽകിയാൽ ബ്രൗസർ തുറന്ന് ഫോമുകൾ പൂരിപ്പിക്കാനും, യാത്രകൾ ബുക്ക് ചെയ്യാനും, ആവശ്യമായ ചർച്ചകൾ നടത്താനും മ്യൂസിന് തനിയെ സാധിക്കും. ദീർഘനേരം ആവശ്യമുള്ള ജോലികളിൽ, ഉപയോക്താവ് ആപ്പ് അടച്ചുപൂട്ടിയാലും ബാക്കി കാര്യങ്ങൾ പശ്ചാത്തലത്തിൽ തുടർന്ന് ചെയ്യാനും, ഇമെയിൽ അയക്കൽ അല്ലെങ്കിൽ പണം അടയ്ക്കൽ പോലുള്ള പ്രധാന സന്ദർഭങ്ങളിൽ അനുമതിക്കായി ഉപയോക്താവിനെ തിരികെ സമീപിക്കാനും ഇതിന് കഴിയും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം