Asianet News MalayalamAsianet News Malayalam

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ്; ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി #MeTooUrbanNaxal

ചലച്ചിത്രകാരനും ബിജെപി അനുഭാവിയുമായ വിവേക് അഗ്നിഹോത്രി അര്‍ബന്‍ നക്‌സല്‍ എന്ന പ്രയോഗത്തെ പ്രതിരോധിക്കുന്നവരുടെ പട്ടിക തയ്യാറാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയതിനെ തുടർന്നാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധങ്ങൾ ഉയര്‍ന്നിരിക്കുന്നത്. 

MeTooUrbanNaxal trending in twitter
Author
Mumbai, First Published Aug 29, 2018, 9:07 PM IST

ദില്ലി: മാവോവാദ ബന്ധം ആരോപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച മീ ടു ക്യാമ്പയിൻ #MeTooUrbanNaxal ട്വിറ്ററില്‍ ട്രെന്‍ഡിങ്ങില്‍ രണ്ടാമതെത്തി.  

ചലച്ചിത്രകാരനും ബിജെപി അനുഭാവിയുമായ വിവേക് അഗ്നിഹോത്രി അര്‍ബന്‍ നക്‌സല്‍ എന്ന പ്രയോഗത്തെ പ്രതിരോധിക്കുന്നവരുടെ പട്ടിക തയ്യാറാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയതിനെ തുടർന്നാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധങ്ങൾ ഉയര്‍ന്നിരിക്കുന്നത്. 

തുടർന്ന് #MeTooUrbanNaxal എന്ന ഹാഷ്ടാഗുമായി നിരവധി പ്രമുഖര്‍ രംഗത്തെത്തി. ഞാനും ആധുനിക നക്‌സലാണ് എന്നേയും അറസ്റ്റ് ചെയ്യൂ എന്ന് പറഞ്ഞ് കൊണ്ടാണ് ഹാഷ്ടാഗ് ക്യാംപെയ്ന്‍ പുരോഗമിക്കുന്നത്.

കഴിഞ്ഞ ജനുവരിയില്‍ നടന്ന മഹാരാഷ്ട്രയിലെ ഭീമാ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് തെലുങ്ക് കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വരവരറാവു, അഭിഭാഷക സുധാ ഭരദ്വാജ്, മനുഷ്യാവകാശപ്രവര്‍ത്തകരായ വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, മാധ്യമപ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖ എന്നിവരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പൂനൈ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍, മാവോയിസ്റ്റ് ബന്ധവും പ്രധാനമന്ത്രിയെ വധിക്കാനുള്ള ഗൂഢാലോചനയുമാണ് അറസ്റ്റിന് കാരണമെന്ന് പിന്നീട് തിരുത്തിയിരുന്നു. 

മാവോവാദ ബന്ധം ആരോപിച്ച് അറസ്റ്റിലായവര്‍ ഉള്‍പ്പെടെ രാജ്യത്തെ പത്ത് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകരുടെ വീടുകളിലാണ് പൂനൈ പൊലീസിന്റെ വിവിധ സംഘങ്ങള്‍ ഒരേ സമയം റെയ്ഡ് നടത്തിയത്. മുംബൈ, ഗോവ, ഹൈദരാബാദ്, റാഞ്ചി, ദില്ലി, ഫരീദാബാദ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ മുതലാണ്പൊലീസ് ഇവിടങ്ങളില്‍ റെയ്ഡ് ആരംഭിച്ചത്. 

Follow Us:
Download App:
  • android
  • ios