മൈക്രോസോഫ്റ്റ് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയത്തിനുള്ള ക്ലൗഡ് സേവനങ്ങളില്‍ ചൈനീസ് എഞ്ചിനീയര്‍മാരെ ഉപയോഗിക്കുന്നതായുള്ള ആക്ഷേപം ഉയര്‍ന്നിരുന്നു
വാഷിംഗ്‌ടണ്‍: യുഎസ് പ്രതിരോധ ഏജന്‍സികള്‍ക്കായി ക്ലൗസ് സേവനങ്ങള്‍ ഒരുക്കുന്ന പ്രോജക്‌ടുകളില്‍ നിന്ന് ചൈനീസ് എഞ്ചിനീയര്‍മാരെ ഒഴിവാക്കാന്‍ തീരുമാനമെടുത്ത് ടെക് ഭീമനായ മൈക്രോസോഫ്റ്റ്. യുഎസ് പ്രതിരോധ വകുപ്പ് (ഡിഒഡി) ചൈനയില്‍ നിന്നുള്ള മൈക്രോസോഫ്റ്റ് എഞ്ചിനീയർമാരെ എങ്ങനെ ആശ്രയിച്ചിരുന്നുവെന്ന് പ്രോപബ്ലിക്ക നടത്തിയ അന്വേഷണം വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം ചൈനീസ് സാങ്കേതികവിദഗ്‌ധരെ ആശ്രയിക്കുന്നത് ദേശീയ സുരക്ഷയെയും സൈബർ അപകടസാധ്യതകളെയും കുറിച്ചുള്ള ആശങ്കകൾക്ക് വഴിവെച്ചിരുന്നു.
നാവികസേനയുടെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ ടോം ഷില്ലർ പത്രപ്രവർത്തക ലോറ ലൂമറുമായുള്ള അഭിമുഖത്തിനിടയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഈ വെളിപ്പെടുത്തലുകളെ തുടർന്ന് കടുത്ത വിമർശനങ്ങൾ നേരിടുകയാണ് മൈക്രോസോഫ്റ്റ്. ഗവൺമെന്റ് അസൂർ ക്ലൗഡ് പ്ലാറ്റ്‌ഫോം വഴി യുഎസ് പ്രതിരോധ വകുപ്പിന്റെ (DoD) സൈബർ സിസ്റ്റങ്ങൾക്ക് സാങ്കേതിക പിന്തുണ നൽകാൻ മൈക്രോസോഫ്റ്റ് ചൈന ആസ്ഥാനമായുള്ള എഞ്ചിനീയർമാരെ അനുവദിച്ചെന്നായിരുന്നു ഷില്ലർ പറഞ്ഞത്. ഇത് ഒരു ദശാബ്‍ദത്തിൽ ഏറെയായി ചൈനീസ് ഉദ്യോഗസ്ഥർക്ക് വളരെ സെൻസിറ്റീവായ യുഎസ് സൈനിക വിവരങ്ങൾ ലഭ്യമാക്കാന്‍ ഇടവരുത്തിയതായി സംശയമുയര്‍ന്നിരുന്നു. തുടർന്നാണ് മൈക്രോസോഫ്റ്റിന്‍റെ സുപ്രധാന നയം മാറ്റ പ്രഖ്യാപനം വന്നത് എന്നാണ് റിപ്പോർട്ടുകൾ.
വെള്ളിയാഴ്ച എക്‌സിൽ പോസ്റ്റ് ചെയ്ത ഒരു പ്രസ്താവനയിൽ മൈക്രോസോഫ്റ്റിന്‍റെ ചീഫ് കമ്മ്യൂണിക്കേഷൻസ് ഓഫീസർ ഫ്രാങ്ക് ഷാ നയം മാറ്റം സ്ഥിരീകരിച്ചു. യുഎസ് മേൽനോട്ടത്തിലുള്ള വിദേശ എഞ്ചിനീയർമാരെക്കുറിച്ച് ഈ ആഴ്ച ആദ്യം ഉയർന്നുവന്ന ആശങ്കകളെ തുടര്‍ന്ന് യുഎസ് ഗവൺമെന്‍റ് ഉപഭോക്താക്കൾക്കുള്ള പിന്തുണയിൽ മൈക്രോസോഫ്റ്റ് മാറ്റങ്ങൾ വരുത്തി എന്ന് അദേഹം വ്യക്തമാക്കി. ഡിഒഡി ഗവൺമെന്‍റ് ക്ലൗഡിനും അനുബന്ധ സേവനങ്ങൾക്കും ചൈന ആസ്ഥാനമായുള്ള എഞ്ചിനീയറിംഗ് ടീമുകളൊന്നും സാങ്കേതിക സഹായം നൽകുന്നില്ലെന്ന് ഉറപ്പാക്കുമെന്നും ഫ്രാങ്ക് ഷാ വ്യക്തമാക്കി.
മൈക്രോസോഫ്റ്റിന്‍റെ ക്ലൗഡ് സേവന വിഭാഗമായ മൈക്രോസോഫ്റ്റ് അസ്യൂറിനെയാണ് ഈ നയ പരിഷ്‍കരണം നേരിട്ട് ബാധിക്കുന്നത്. നിലവിൽ മൈക്രോസോഫ്റ്റിന്‍റെ ആഗോള വരുമാനത്തിന്‍റെ 25 ശതമാനത്തിലധികവും ഗൂഗിൾ ക്ലൗഡിനേക്കാൾ വലുതാണ്. കമ്പനിയുടെ ഏറ്റവും പുതിയ വരുമാന റിപ്പോർട്ട് സൂചിപ്പിക്കുന്നത്, ക്യു 1-ലെ 70 ബില്യൺ ഡോളറിന്‍റെ വരുമാനത്തിന്‍റെ പകുതിയിലധികവും യുഎസ് ആസ്ഥാനമായുള്ള ക്ലയന്‍റുകളിൽ നിന്നാണ് ലഭിച്ചതെന്നും അതിൽ വലിയൊരു പങ്ക് സർക്കാർ കരാറുകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുമാണ്.
അതേസമയം, യുഎസ് സൈന്യവുമായുള്ള മൈക്രോസോഫ്റ്റിന്‍റെ ക്ലൗഡ് പങ്കാളിത്തം വിമർശനത്തിന് വിധേയമാകുന്നത് ഇതാദ്യമല്ല. 2019-ൽ, കമ്പനി പെന്‍റഗണുമായി 10 ബില്യൺ ഡോളറിന്‍റെ ക്ലൗഡ് കരാർ ഉറപ്പിച്ചിരുന്നു, എന്നാൽ നിയമപരമായ തർക്കങ്ങൾക്ക് ശേഷം 2021-ൽ അത് റദ്ദാക്കപ്പെട്ടു. 2022 ആയപ്പോഴേക്കും, ആമസോൺ, ഗൂഗിൾ, ഒറാക്കിൾ എന്നിവയ്‌ക്കൊപ്പം ഒമ്പത് ബില്യൺ ഡോളറിന്‍റെ മൾട്ടി-സപ്ലയർ ഡിഫൻസ് ക്ലൗഡ് കരാറിൽ തിരഞ്ഞെടുക്കപ്പെട്ട വെണ്ടർമാരിൽ ഒരാളായി മൈക്രോസോഫ്റ്റ് വീണ്ടും മാറി.
യുഎസ് ഗവൺമെന്‍റ് ടെക്നോളജി കരാറുകളിൽ മൈക്രോസോഫ്റ്റ് വളരെക്കാലമായി ഒരു പ്രധാന പങ്കാളിയാണ്. 2019-ൽ, ജോയിന്റ് എന്‍റര്‍പ്രൈസ് ഡിഫൻസ് ഇൻഫ്രാസ്ട്രക്ചർ (ജെഡിഐ) പ്രോഗ്രാമിന് കീഴിൽ പെന്‍റഗണിൽ നിന്ന് കമ്പനി 10 ബില്യൺ ഡോളറിന്‍റെ വിവാദപരമായ ക്ലൗഡ് കരാർ നേടി. എങ്കിലും, ആമസോണുമായുള്ള നിയമപോരാട്ടത്തെത്തുടർന്ന് 2021-ൽ കരാർ റദ്ദാക്കി. അടുത്ത വർഷം, മൈക്രോസോഫ്റ്റിന് 9 ബില്യൺ ഡോളറിന്‍റെ മൾട്ടി-വെണ്ടർ ക്ലൗഡ് സേവന കരാറിന്‍റെ ഒരു ഭാഗം ലഭിച്ചു. മൈക്രോസോഫ്റ്റിന്‍റെ ഏറ്റവും പുതിയ ത്രൈമാസ വരുമാന റിപ്പോർട്ട് അനുസരിച്ച്, ഒന്നാം പാദത്തിലെ 70 ബില്യൺ ഡോളറിന്‍റെ വരുമാനത്തിന്‍റെ പകുതിയിലധികവും അമേരിക്കയിലെ ഉപഭോക്താക്കളിൽ നിന്നാണ്. ഇത് ഫെഡറൽ ഏജൻസികളുമായുള്ള കമ്പനിയുടെ ബന്ധത്തിന്‍റെ പ്രാധാന്യം എടുത്തുകാണിക്കുന്നു.

