ഇന്ത്യയുടെ ഉന്നമനത്തിനായി എന്നും പ്രയത്നിച്ചയാളാണ് രത്തന്‍ ടാറ്റ എന്ന് സുന്ദര്‍ പിച്ചൈയുടെ വാക്കുകള്‍  

മുംബൈ: വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്‍റെ ചെയര്‍മാന്‍ എമിരറ്റ്സുമായ രത്തന്‍ ടാറ്റയെ അനുസ്‌മരിച്ച് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. രത്തന്‍ ടാറ്റയുമായുള്ള അവസാന കൂടിക്കാഴ്ചയുടെ മധുരമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചാണ് പിച്ചൈയുടെ അനുസ്‌മരണ കുറിപ്പ്. ഇന്ത്യയുടെ ഉന്നമനം എന്നും മനസില്‍ കൊണ്ടുനടന്നയാളാണ് രത്തന്‍ ടാറ്റ എന്ന് സുന്ദര്‍ പിച്ചൈ കുറിച്ചു.

'ഗൂഗിളിന്‍റെ ഓഫീസില്‍ വച്ച് രത്തന്‍ ടാറ്റയുമായി അവസാനം നടത്തിയ കൂടിക്കാഴ്ചയില്‍ വെമോയുടെ (ഗൂഗിൾ സെൽഫ്-ഡ്രൈവിംഗ് കാർ പ്രോജക്ട്) പുരോഗതിയെ കുറിച്ച് സംസാരിച്ചു. അദേഹത്തിന്‍റെ കാഴ്‌ചപ്പാട് പ്രചോദനകരമായിരുന്നു. അസാധാരണമായ ബിസിനസ് പാടവവും ജീവകാരുണ്യരംഗത്തെ ലെഗസിയും ബാക്കിയാക്കിയാണ് രത്തന്‍ ടാറ്റ വിടവാങ്ങിയത്. ഇന്ത്യയിലെ ആധുനിക ബിസിനസ് നേതൃത്വത്തെ നയിക്കുകയും വികസിപ്പിക്കുകയും ചെയ്‌ത പ്രതിഭയായിരുന്നു അദേഹം. ഇന്ത്യയെ കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ എന്നും അദേഹം അതീവശ്രദ്ധ പുലര്‍ത്തി. രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ അദേഹത്തിന്‍റെ എല്ലാ പ്രിയപ്പെട്ടവരെയും അഗാധമായ അനുശോചനം അറിയിക്കുന്നു'- എന്നും സുന്ദര്‍ പിച്ചൈ എക്‌സില്‍ കുറിച്ചു. 

Scroll to load tweet…

മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയില്‍ ഇന്നലെ 86-ാം വയസിലായിരുന്നു രത്തന്‍ ടാറ്റയുടെ അന്ത്യം. 1991 മുതൽ 2012 വരെ ടാറ്റ ​ഗ്രൂപ്പ് ചെയർമാൻ ആയിരുന്നു. 2016ല്‍ ഇടക്കാല ചെയര്‍മാനായും അദേഹം പ്രവര്‍ത്തിച്ചു. രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ച വ്യക്തി കൂടിയാണ് രത്തൻ ടാറ്റ. നൂറിലേറെ രാജ്യങ്ങളിലായി ടാറ്റ ഗ്രൂപ്പിന്‍റെ വ്യവസായ സാമ്രാജ്യം പടുത്തുയർത്തിയ രത്തന്‍ ടാറ്റ ജീവകാരുണ്യരംഗത്തും സമാനതകളില്ലാത്ത ലെഗസി സൃഷ്ടിച്ചു. രത്തന്‍ ടാറ്റയെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ള പ്രമുഖർ അനുസ്‌മരിച്ചു. രത്തന്‍ ടാറ്റയുടെ സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് നടക്കും. 

Read more: ഉപ്പുതൊട്ട് വിമാനം വരെ നീണ്ട വ്യവസായ സാമ്രാജ്യം, നൈതികത ഉയർത്തിപ്പിടിച്ച മനുഷ്യസ്നേഹി; രത്തൻ ടാറ്റയുടെ ജീവിതം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം