വാഷിങ്ടണ്‍: ഭൂമിയെ 'ബെന്നു' തകര്‍ക്കുമോ അതോ ജീവന് പിന്തുണയാകുമോയെന്നതില്‍ വസ്തുകള്‍ കണ്ടെത്താനുള്ള നിര്‍ണായക നീക്കത്തിലാണ് ഒസിരിസ് റെക്സ്. 150 വര്‍ഷത്തിനുള്ളില്‍ ഭൂമിയുമായി കൂട്ടിയിടിക്കാന്‍ ഏറ്റവുമധികം സാധ്യതകള്‍ കല്‍പ്പിച്ചിരിക്കുന്ന ഛിന്നഗ്രഹമാണ് ബെന്നു. എന്നാല്‍ ജീവന് പിന്തുണയേകാന്‍ സാധ്യതയുള്ള ജൈവീക പദാര്‍ത്ഥങ്ങള്‍ കാണാനുള്ള സാധ്യതകള്‍ കൂടി ഈ ഛിന്നഗ്രഹത്തില്‍ ഉണ്ടെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. ഛിന്നഗ്രഹത്തിൽ നിന്ന് സാംപിള്‍ ശേഖരിക്കുകയെന്ന ശ്രമകരമായ ദൗത്യമായാണ് ഒസിരിസ് 2016 സെപ്തബറില്‍ വിക്ഷേപിക്കുന്നത്. 

ഏഴു വര്‍ഷം നീളുന്ന ദൗത്യമാണ് ഒസിരിസില്‍ നിക്ഷിപ്തമായിട്ടുള്ളത്. കാര്‍ബണ്‍ അടിസ്ഥാനമായ ഓര്‍ഗാനിക് തന്മാത്രകളാലാണ് ബെന്നു നിര്‍മിതമായിരിക്കുന്നതെന്നാണ്  ഗവേഷകര്‍ കണക്കാക്കുന്നത്. ജീവന്‍ നിലനിര്‍ത്തുന്നതില്‍ ഏറെ പ്രാധാന്യമുള്ള ജലത്തിന്റെ സാന്നിധ്യം ഈ ഛിന്നഗ്രഹത്തില്‍ ഉണ്ടാവുമെന്നും ഗവേഷകര്‍ വിശദമാക്കുന്നുണ്ട്. 150 വര്‍ഷത്തിന് ശേഷം ഭൂമിയില്‍ വന്നിടിക്കാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിട്ടുള്ള ഈ ഛിന്നഗ്രഹം ബഹിരാകാശത്ത് വച്ച് തന്നെ തകര്‍ക്കാനുള്ള സാധ്യതകളും നാസ പരിശോധിക്കുന്നുണ്ട്. 

എന്നാൽ ഇത്തരത്തില്‍ ബെന്നു തകര്‍ക്കുന്നത്  ഭൂമിക്കു ഭീഷണി സൃഷ്ടിക്കുമെന്ന് വിലയിരുത്താനും ഒസിരിസ് റെക്സിന് സാധിക്കുമെന്നാണ് വിശദീകരണം. സൂര്യനില്‍ നിന്ന് താപം ആഗിരണം ചെയ്താണ് ബെന്നു സഞ്ചരിക്കുന്നത്. ബെന്നുവിന്റെ ഘടന മനസിലാക്കി  സാംപിളുകള്‍ പരിശോധിക്കുന്നതിലൂടെ ഭൂമിയുടെ എത്രയടുത്തേക്ക് ബെന്നു എത്തുവെന്ന് കണക്കാക്കാന്‍ സാധിക്കുമെന്നാണ് നാസ വിശദമാക്കുന്നത്.  

ലോകത്തിലെ ഏറ്റവും ഉയർന്ന കെട്ടിടങ്ങളിലൊന്നായ എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിനേക്കാൾ ഉയരമാണ് ബെന്നുവിന് ഉള്ളതെന്നാണ് നിരീക്ഷണം.  ആദ്യഘട്ട സർവേ മേഖലയിലാണ് ഒസിരിസ് ഇപ്പോൾ എത്തിയിരിക്കുന്നത്.  ഏറെ വൈകാതെ ഈ ഛിന്നഗ്രഹത്തിന്റെ 12 മൈൽ ദൂരത്തിലേക്ക് ഒസിരിസ് എത്തുമെന്നാണ് വിലയിരുത്തല്‍. ഡിസംബർ ആകുന്നതോടെ ബെന്നുവിൽ നിന്നു 1.2 മൈൽ ദൂരെ മാത്രമായിരിക്കും ഒസിരിസ് എന്നാണ് പ്രതീക്ഷിക്കുന്നത്. 

ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തിൽ നിന്ന് ആറടി മാത്രം അകലത്തിൽ ഒസിരിസ് എത്തുന്ന ഘട്ടത്തിലായിരിക്കും സാംപിൾ ശേഖരിക്കാന്‍ ഒസിരിസ് ശ്രമിക്കുക. ഉപഗ്രഹത്തിൽ നിന്നുള്ള യന്ത്ര കൈ ഉപയോഗിച്ചായിരിക്കും ബെന്നുവിന്റെ ഉപരിതലത്തിൽ നിന്ന് സാംപിൾ ശേഖരിക്കുക. 2020 ജൂലൈ 20നായിരിക്കും ഈ നിർണായക ദൗത്യം നടക്കുമെന്നാണ് നാസയിലെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.