2014 ല്‍ ഇന്ത്യയില്‍ എത്തിയ വണ്‍പ്ലസ് 2018 രണ്ടാം പാദത്തില്‍ ഇന്ത്യയിലെ പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ വിപണിയുടെ 40 ശതമാനം പിടിച്ചുവെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്

മുംബൈ: പ്രീമിയം മൊബൈല്‍ വിപണിയില്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വമ്പന്മാരായ ആപ്പിള്‍, സാംസങ്ങ് എന്നിവരെ അട്ടിമറിച്ച് വണ്‍ പ്ലസ്. 2014 ല്‍ ഇന്ത്യയില്‍ എത്തിയ വണ്‍പ്ലസ് 2018 രണ്ടാം പാദത്തില്‍ ഇന്ത്യയിലെ പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ വിപണിയുടെ 40 ശതമാനം പിടിച്ചുവെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. രണ്ടാം സ്ഥാനത്ത് സാംസങ്ങ് ആണ് 34 ശതമാനം ആണ് അവരുടെ വിപണി വിഹിതം. അതേ സമയം ആപ്പിളിന്‍റെ മൂന്നാം സ്ഥാനം 14 ശതമാനം വിപണി വിഹിതത്തില്‍ ഒതുങ്ങി. 

കഴിഞ്ഞ മെയില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ വണ്‍പ്ലസ് 6 ന്‍റെ വന്‍ വില്‍പ്പനയാണ് ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളെ അത്ഭുതപ്പെടുത്തുന്ന ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചത്. ആമസോണ്‍.ഇന്‍ വഴി എക്സ്ക്യൂസീവായി വില്‍ക്കുന്ന ഫോണിന്‍റെ ഓഫ് ലൈന്‍ കച്ചവട സാധ്യതകളും നിര്‍മ്മാതാക്കള്‍ തേടുന്നുണ്ട്. ചിലപ്പോള്‍ ഓണം വിപണി മുന്നില്‍ കണ്ട് ഇത് സംഭവിച്ചുകൂടാ എന്നില്ലെന്നാണ് ചില റീട്ടെലുകാര്‍ പറയുന്നത്.

അതേ സമയം രാജ്യത്തെ വിവിധ ദേശീയ പത്രങ്ങളില്‍ മുന്‍പേജ് പരസ്യത്തോടെയാണ് വണ്‍പ്ലസ് തങ്ങളുടെ വിജയം ആഘോഷിച്ചത്. വില്‍പ്പനയുടെ ആദ്യദിനം തന്നെ 100 കോടിക്ക് അടുത്ത യൂണിറ്റുകള്‍ വില്‍പ്പന നടത്തി റെക്കോഡ് ഇട്ടിരുന്നു വണ്‍പ്ലസ് 6.