ലണ്ടന്‍: ലോക ഇമോജി ദിനത്തോട് അനുബന്ധിച്ച് ഹിജാബ് ധരിച്ച യുവതിയുടെ ഇമോജി പുറത്തിറക്കിയ ആപ്പിളിന്റെ നടപടിയ്ക്കെതിരെ ട്വിറ്ററില്‍ പ്രതിഷേധം. മതവികാരം ഉയർത്തിക്കാട്ടിയുള്ള കമൻ്റുകളോട് കൂടിയാണ് പലരും ഹിജാബ് ഇമോജി ഉൾപ്പെടുത്തിയതിനെതിരെ രംഗത്ത് വന്നിട്ടുളളത്. അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം പ്രതികരണങ്ങളുടെ പ്രവാഹമാണ് ഹിജാബ് ഇമോജിക്ക് ലഭിക്കുന്നത്. 12 പുതിയ ഇമോജികളാണ് ആപ്പിൾ കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.ഹിജാബ് ധരിച്ച യുവതിയും മുലയൂട്ടുന്ന അമ്മയും താടിക്കാരനുമൊക്കെ ഇമോജികളിൽ ഇടം പിടിച്ചിരുന്നു.

ആൻഡ്രോയിഡ് ഉൾപ്പെടെയുള്ള ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ നേരത്തെ തന്നെ ഈ ഇമോജികള്‍ ലഭ്യമാണ്. ധ്യാനിക്കുന്ന പുരുഷൻ, സോബീസ്, സാൻവിച്ച്, തേങ്ങ, സീബ്ര, ദിനോസര്‍ തുടങ്ങിയവയും കൂട്ടത്തിൽ ഇടം പിടിച്ചിട്ടുണ്ട്. ഐഒഎസ്, മാക് ഒഎസ് .വാച്ച് ഒ എസ് എന്നി പ്ലാറ്റ്ഫോമുകളിലെല്ലാം പുതിയ ഇമോജികള്‍ ലഭ്യമാകും.
ഈ വർഷം അവസാനത്തോടെ ഫോണുകളിൽ ഇമോജികൾ ലഭ്യമായി തുടങ്ങുമെന്ന് ആപ്പിൾ അറിയിച്ചു. വാക്കുകളും ആശയങ്ങളും കൈമാറുന്നതിൽ ഒരു ഇമോജി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മെക്സികോ, ബ്രസീല്‍, ഇന്തോനേഷ്യ, തായ്‌ലന്‍ഡ്.യുകെ, സ്പെയിന്‍, ഫ്രാന്‍സ്, ഇറ്റലി ജർമനി തുടങ്ങിയ രാജ്യങ്ങളാണ് ഇമോജി ഉപയോഗിക്കുന്നതിൽ മുന്നിൽ നിൽക്കുന്നത്. ഫേസ്ബുക്ക് മെസഞ്ചർ വഴി മാത്രം ദിവസം 500 കോടി ഇമോജികൾ അയക്കുന്നുണ്ടെന്നാണ് കണക്ക്.തനിക്കും കൂട്ടുകാർക്കും സ്വീകാര്യമായ ഇമോജി തേടികൊണ്ടുള്ള സൗദി പെൺകുട്ടിയുടെ പ്രയത്നം ആണ് ആപ്പിളിൻ്റെ ഹിജാബ് ഇമോജിയ്ക്ക് കാരണമായത്.
