ഇലോണ്‍ മസ്‌കിന്‍റെ ടെസ്‌ല നിര്‍മ്മിക്കുന്ന ഹ്യൂമനോയ്‌ഡ് റോബോട്ടാണ് ‘ഒപ്റ്റിമസ്’. ഈ റോബോട്ടിന് സര്‍ജറി ചെയ്യാന്‍ കഴിയുന്ന കാലം വിദൂരമല്ലെന്ന് ഇലോണ്‍ മസ്‌കിന്‍റെ പ്രഖ്യാപനം. എന്നാല്‍ ഇതുവരെ ഈ കഴിവ് ഒപ്റ്റിമസ് തെളിയിച്ചിട്ടില്ല.
ടെക്‌സസ്: ടെസ്‌ല സിഇഒയും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക് ഇപ്പോൾ ഇലക്‌ട്രിക് കാര്‍ നിര്‍മ്മാണത്തിനൊപ്പം റോബോട്ടിക്‌സിന്‍റെ മേഖലയിലും കൂടുതല്‍ സജീവമാകുന്നു. വരും വർഷങ്ങളിൽ തന്‍റെ കമ്പനി ഒരുദശലക്ഷം (10 ലക്ഷം) ഒപ്റ്റിമസ് റോബോട്ടുകൾ നിർമ്മിക്കുമെന്ന് മസ്‌ക് പ്രഖ്യാപിച്ചു. ഈ റോബോട്ടുകൾ മനുഷ്യരെപ്പോലെ പ്രവർത്തിക്കുമെന്നും ലോകമെമ്പാടുമുള്ള പരമ്പരാഗത തൊഴിൽ രീതിയെ മാറ്റാൻ ഇവയ്ക്ക് കഴിയുമെന്നും ഇലോണ്‍ മസ്ക് പറയുന്നു.
ഒപ്റ്റിമസ് വരുംകാല സര്‍ജനാവുമോ?
കമ്പനിയുടെ ത്രൈമാസ വരുമാന ചർച്ചയ്ക്കിടെ, ടെസ്‌ലയുടെ ചരിത്രത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ പദ്ധതിയായി പ്രോജക്റ്റ് ഒപ്റ്റിമസ് മാറുമെന്ന് ഇലോണ്‍ മസ്‌ക് പ്രസ്‍താവിച്ചു. മനുഷ്യരെക്കാൾ അഞ്ചിരട്ടി കാര്യക്ഷമമായി ജോലികൾ ചെയ്യാൻ ഈ റോബോട്ടിന് കഴിയുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഒപ്റ്റിമസ് റോബോട്ടുകളുടെ വികസന പ്രക്രിയ വേഗത്തിലാക്കാൻ മസ്‌ക് ടെസ്‍ലയുടെ ബോർഡിനോട് ആവശ്യപ്പെട്ടു. മനുഷ്യരെപ്പോലെ തോന്നിക്കുന്ന ടെസ്‌ലയുടെ ഹ്യൂമനോയിഡ് റോബോട്ടുകൾ നിർമ്മാണം, ലോജിസ്റ്റിക്‌സ്, ആരോഗ്യ സംരക്ഷണം, വീട്ടുജോലികൾ തുടങ്ങിയ ആവർത്തിച്ചുള്ളതോ മടുപ്പിക്കുന്നതോ ആയ ജോലികൾ ചെയ്യുന്നതിനായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ദാരിദ്ര്യം നിർമാർജനം ചെയ്യപ്പെടുകയും എല്ലാവർക്കും വൈദ്യസഹായം ലഭ്യമാകുകയും ചെയ്യുന്ന ഒരു ഭാവിക്ക് അടിത്തറയിടാൻ ഈ റോബോട്ടിന് കഴിയുമെന്ന് ഇലോണ്‍ മസ്ക് പറയുന്നു. ഒരു റോബോട്ട് സർജനായി പോലും ഇതിന് പ്രവർത്തിക്കാൻ സാധിക്കുമെന്നും മസ്‍ക് അവകാശപ്പെടുന്നു.
കുങ്ഫു പയറ്റിയ റോബോട്ട്
2023-ൽ നടന്ന ഒരു പരിപാടിയിലാണ് ഇലോണ്‍ മസ്‌ക് ഈ റോബോട്ട് ആദ്യമായി അനാച്ഛാദനം ചെയ്‌തത്. അന്നുമുതൽ ഒപ്റ്റിമസ് വാർത്തകളിൽ ഇടം നേടിയിരുന്നു. അടുത്തിടെ, കുങ്ഫുവിൽ റോബോട്ട് പരിശീലനം നടത്തുന്നതായി കാണിക്കുന്ന ഒരു വീഡിയോ പുറത്തുവന്നു. എന്നാല്‍ ഒപ്റ്റിമസിന് സര്‍ജറി നടത്താനാകുമെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. 2023-ന് ശേഷം ടെസ്‌ല ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കിയിട്ടുണ്ട്. മസ്‌കിന്‍റെ അഭിപ്രായത്തിൽ, ഒപ്റ്റിമസ് റോബോട്ട് പൂർണ്ണമായും കൃത്രിമബുദ്ധിയെ (AI) അടിസ്ഥാനമാക്കിയുള്ളതാണ്. അതായത് മനുഷ്യ സഹായം ആവശ്യമില്ല. ഇതിനർഥം ഇതിന് സ്വന്തമായി ചിന്തിക്കാനും പ്രതികരിക്കാനും കഴിയും എന്നാണ്. 2026-ന്‍റെ തുടക്കത്തോടെ ഒപ്റ്റിമസിന്‍റെ ഒരു പ്രൊഡക്ഷൻ പ്രോട്ടോടൈപ്പ് തയ്യാറാകുമെന്നും വർഷാവസാനത്തോടെ വൻതോതിലുള്ള ഉൽപാദനം ആരംഭിക്കുമെന്നും ടെസ്‌ല പറയുന്നു.



