താങ്ങാനാവുന്ന വിലയിൽ മികച്ച പ്രകടനമുള്ള വിൻഡോസ് ലാപ്‌ടോപ്പുകൾക്കായി ക്വാൽകോം പുതിയ സ്‍നാപ്ഡ്രാഗൺ സി ചിപ്പ് അവതരിപ്പിച്ചു. ബജറ്റ് ലാപ്‌ടോപ്പുകളിലെ പ്രകടനക്കുറവ്, ബാറ്ററി പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാൻ ലക്ഷ്യമിടുന്ന ഈ ചിപ്പ്, ആപ്പിളിന്റെ മാക്ബുക്ക് നിയോയ്ക്ക് വെല്ലുവിളിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
താങ്ങാനാവുന്ന വിലയിൽ മികച്ച പെർഫോമൻസുള്ള വിൻഡോസ് ലാപ്‌ടോപ്പുകൾ വിപണിയിലെത്തിക്കാൻ ലക്ഷ്യമിട്ട് ക്വാൽകോം പുതിയ സ്‍നാപ്ഡ്രാഗൺ സി ചിപ്പ് അവതരിപ്പിച്ചു. കമ്പ്യൂട്ടർ നിർമ്മാതാക്കൾക്ക് കുറഞ്ഞ ചെലവിൽ കൂടുതൽ കാര്യക്ഷമമായ ലാപ്‌ടോപ്പുകൾ നിർമ്മിക്കാൻ സഹായിക്കുന്ന ഈ ചിപ്പ് ഉപയോഗിച്ചുള്ള ഉപകരണങ്ങൾ ഈ വർഷം തന്നെ വിപണിയിൽ എത്തുമെന്നാണ് കമ്പനി അറിയിച്ചത്. സ്‍നാപ്ഡ്രാഗൺ C അടിസ്ഥാനമാക്കിയുള്ള ലാപ്‌ടോപ്പുകളുടെ ആരംഭ വില ഏകദേശം 300 ഡോളർ (ഏകദേശം 28,500 രൂപ) ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത് ആപ്പിളിന്‍റെ ഏറ്റവും വിലകുറഞ്ഞ ലാപ്‌ടോപ്പായ മാക്‌ബുക്ക് നിയോയ്ക്ക് വെല്ലുവിളിയാകുമോയെന്ന ചർച്ച ഇതിനോടകം ടെക് ലോകത്ത് സജീവമായിട്ടുണ്ട്. മാർച്ചിലാണ് ആപ്പിൾ മാക്‌ബുക്ക് നിയോ പുറത്തിറക്കിയത്. ഐഫോൺ 16 പ്രോയിൽ ഉപയോഗിച്ച എ18 പ്രോ ചിപ്പ് ഉൾപ്പെടുത്തിയതിലൂടെ മികച്ച പ്രകടനവും ദീർഘമായ ബാറ്ററി ലൈഫും ഉറപ്പാക്കിയ ഈ ലാപ്‌ടോപ്പിന് വിപണിയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഉയർന്ന ഡിമാൻഡ് കാരണം ഉൽപ്പാദനം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് ആപ്പിളെന്നും റിപ്പോർട്ടുകളുണ്ട്.
ഇതിനിടെയാണ് ക്വാൽകോം സ്‌നാപ്ഡ്രാഗൺ C പ്ലാറ്റ്‌ഫോമുമായി രംഗത്തെത്തുന്നത്. 2026-ലെ കമ്പ്യൂട്ടെക്‌സ് സാങ്കേതിക പ്രദർശനത്തിന് മുന്നോടിയായി പ്രഖ്യാപിച്ച ഈ എആർഎം അധിഷ്‍ഠിത ചിപ്പ്, എൻട്രി-ലെവൽ ലാപ്‌ടോപ്പുകളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനാണ് പ്രധാനമായും രൂപകൽപ്പന ചെയ്തിരിക്കുന്നത്. കുറഞ്ഞ ശേഷി, മോശം ബാറ്ററി ലൈഫ്, കൂടുതൽ ചൂട്, ശബ്‍ദമുള്ള കൂളിംഗ് സംവിധാനങ്ങൾ എന്നിവയാണ് സാധാരണയായി ബജറ്റ് ലാപ്‌ടോപ്പുകൾ നേരിടുന്ന പ്രധാന പ്രശ്‍നങ്ങൾ. ഇവയ്ക്ക് പരിഹാരം നൽകാനാകുമെന്നാണ് ക്വാൽകോമിന്റെ അവകാശവാദം.
ഏസർ, എച്ച്പി, ലെനോവോ തുടങ്ങിയ പ്രമുഖ കമ്പനികൾ സ്‍നാപ്ഡ്രാഗൺ C ചിപ്പ് ഉപയോഗിച്ചുള്ള ലാപ്‌ടോപ്പുകൾ പുറത്തിറക്കാൻ ക്വാൽകോമുമായി സഹകരിക്കുന്നതായി അറിയിച്ചിട്ടുണ്ട്. വെബ് ബ്രൗസിംഗ്, ഓഫീസ് ജോലികൾ, ഓൺലൈൻ ക്ലാസുകൾ, വീഡിയോ സ്ട്രീമിംഗ് തുടങ്ങിയ ദൈനംദിന ആവശ്യങ്ങൾ മുൻനിർത്തിയാണ് പുതിയ പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്.
എന്നാൽ ചെലവ് കുറയ്ക്കുന്നതിനായി ചില വിട്ടുവീഴ്ചകളും നടത്തിയിട്ടുണ്ട്. ക്വാൽകോമിന്‍റെ ഏറ്റവും പുതിയ പ്രീമിയം ചിപ്പുകളിലുള്ള ഓറിയോൺ സിപിയു കോറുകൾക്ക് പകരം പഴയ ക്രൈയോ (Kryo) കോറുകളാണ് സ്‍നാപ്ഡ്രാഗൺ Cയിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ എഐ പ്രവർത്തനങ്ങൾക്കായി എൻപിയു ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഈ ലാപ്‌ടോപ്പുകൾ മൈക്രോസോഫ്റ്റിന്റെ കോപൈലറ്റ്+പിസി വിഭാഗത്തിൽ ഉൾപ്പെടില്ല. അതിനാൽ ചില ഉയർന്ന തലത്തിലുള്ള എഐ സൗകര്യങ്ങൾ ഉപയോക്താക്കൾക്ക് ലഭിക്കില്ല.
എങ്കിലും കുറഞ്ഞ വില, ദീർഘമായ ബാറ്ററി ലൈഫ്, ശാന്തമായ പ്രവർത്തനം എന്നിവയുടെ സംയോജനത്തോടെ ബജറ്റ് ലാപ്‌ടോപ്പ് വിപണിയിൽ പുതിയ മത്സരം സൃഷ്‍ടിക്കാൻ സ്‍നാപ്ഡ്രാഗൺ സിയ്ക്ക് കഴിയും എന്നാണ് വിലയിരുത്തൽ.



