ചിപ്പ് നിര്‍മ്മാണ രംഗത്ത് സാംസങ് ഇതിലൂടെ കരുത്തറിയിക്കും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്

സ്‍മാർട്ട്‌ഫോൺ രംഗത്ത് ഏറ്റവും വേഗതയേറിയതും കാര്യക്ഷമവുമായ ചിപ്പിനായുള്ള മത്സരം ശക്തമാണ്. ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്ങുമായി സഹകരിച്ച് ക്വാൽകോം അതിന്‍റെ അടുത്ത തലമുറ പവർഹൗസായ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് 2 2nm ചിപ്പ് നിർമ്മിക്കുകയാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. മിക്ക ആൻഡ്രോയ്‌ഡ് ഫ്ലാഗ്ഷിപ്പ് സ്‍മാർട്ട്ഫോണുകളും നിലവില്‍ ഉപയോഗിക്കുന്ന 3nm ചിപ്പുകളേക്കാൾ നൂതനമായ പതിപ്പാണിതെന്നായിരുന്നു പ്രതീക്ഷ. വരാനിരിക്കുന്ന ഗാലക്‌സി എസ്26 ലൈനപ്പിലെ തിരഞ്ഞെടുത്ത മോഡലുകൾക്ക് ഈ പുത്തന്‍ ചിപ്പ് കരുത്ത് പകരുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ സാംസങ്ങുമായി ചേര്‍ന്നുള്ള 2എന്‍എം ചിപ്പ് പദ്ധതി ക്വാൽകോം അവസാനിപ്പിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്.

സാംസങ് നിർമ്മിക്കേണ്ടിയിരുന്ന സ്‍നാപ്ഡ്രാഗൺ 8 എലൈറ്റ് 2 ചിപ്പിന്‍റെ 2nm പതിപ്പ് പദ്ധതി ക്വാൽകോം റദ്ദാക്കിയതായി പുതിയ ലീക്കുകള്‍ പറയുന്നു. ആന്തരികമായി SM8850-S എന്ന് വിളിക്കപ്പെടുന്ന ഈ ചിപ്പ് ക്വാൽകോമിന്‍റെ ലിസ്റ്റിംഗുകളിൽ നിന്ന് പൂർണ്ണമായും അപ്രത്യക്ഷമായതായാണ് പ്രമുഖ ലീക്കർ Jukan Choi-യുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. മുമ്പ് ക്വാൽകോമിന്‍റെ ഡോക്യുമെന്‍റേഷനിൽ SM8850, SM8850-S എന്നിങ്ങനെ രണ്ട് വ്യത്യസ്‍ത പതിപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അടിസ്ഥാന മോഡലായ SM8850 മാത്രമേ ശേഷിക്കുന്നുള്ളൂ എന്നാണ് റിപ്പോർട്ട്. അതായത് തായ്‌വാന്‍ സെമികണ്ടക്‌ടര്‍ നിര്‍മ്മാതാക്കളായ ടിഎസ്‌എംസ് നിർമ്മിച്ച 3nm ചിപ്പ് മാത്രമാണ് ഇപ്പോൾ ലിസ്റ്റിംഗിൽ അവശേഷിക്കുന്നത്.

സാംസങ്ങിനെ ക്വാൽകോം പുതിയ ചിപ്പ് നിർമ്മാണത്തിൽ നിന്നും ഒഴിവാക്കി എന്നാണ് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നത്. 2025 അവസാനത്തോടെയോ 2026-ലോ പുറത്തിറങ്ങുന്ന എല്ലാ പ്രധാന ആൻഡ്രോയ്‌ഡ് ഫോണുകളിലും സ്‍നാപ്ഡ്രാഗൺ 8 എലൈറ്റ് 2-ന്‍റെ TSMC പതിപ്പായിരിക്കും ഉണ്ടായിരിക്കുക എന്നാണ് വ്യക്തമാവുന്നത്. ചിപ്പ് നിർമ്മാണ രംഗത്ത് കരുത്തറിയിക്കാമെന്ന സാംസങ്ങിന്‍റെ പ്രതീക്ഷകള്‍ ഇതോടെ മങ്ങി. എന്നാൽ സാംസങ്ങുമായുള്ള സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് 2 2എൻഎം ചിപ്പ് നിര്‍മ്മാണ കരാര്‍ റദ്ദാക്കിയത് സംബന്ധിച്ച് ക്വാൽക്കോം ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണമൊന്നും പുറപ്പെടുവിച്ചിട്ടില്ല.

അതേസമയം, സ്‍നാപ്ഡ്രാഗൺ 8 എലൈറ്റ് 2 പ്രോട്ടോടൈപ്പിന്‍റെ വില കുത്തനെ വർധിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. 15,000 ഡോളർ ആണ് സ്‍നാപ്ഡ്രാഗൺ 8 എലൈറ്റ് 2 ചിപ്പിന്‍റെ ഇപ്പോഴത്തെ വില. ഇത് പരിമിതമായ ലഭ്യതയും ഉയർന്ന ഡിമാൻഡും സൂചിപ്പിക്കുന്നു. കൂടാതെ, സ്‍നാപ്ഡ്രാഗൺ 8എസ് ജെൻ 5 എന്ന് ബ്രാൻഡ് ചെയ്യപ്പെടാൻ സാധ്യതയുള്ള ക്വാൽകോമിന്റെ SM8845 ചിപ്പ് നിലവിൽ സ്പെസിഫിക്കേഷൻ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് എന്നതും ശ്രദ്ധേയമാണ്.

Asianet News Live | Malayalam News | Kerala News | ഏഷ്യാനെറ്റ് ന്യൂസ്