ഇതാ കേരളത്തില്‍ രക്ഷദൗത്യത്തിന് എത്തിയ ഒരു സൈനികന്‍റെ വാക്കുകള്‍ വൈറലാകുന്നു. മുന്‍ വ്യോമസേന പൈലറ്റ് രാജീവ് ത്യാഗിയാണ് ഈ പോസ്റ്റ് പങ്കുവച്ചത്.  

കൊച്ചി: സൈന്യത്തിന്‍റെ വലിയ പങ്കാളിത്തം കേരളത്തിലെ പ്രളയത്തില്‍ രക്ഷാദൗത്യത്തില്‍ നിര്‍ണ്ണായകമായി. ഇതാ കേരളത്തില്‍ രക്ഷദൗത്യത്തിന് എത്തിയ ഒരു സൈനികന്‍റെ വാക്കുകള്‍ വൈറലാകുന്നു. മുന്‍ വ്യോമസേന പൈലറ്റ് രാജീവ് ത്യാഗിയാണ് ഈ പോസ്റ്റ് പങ്കുവച്ചത്. 

കുറിപ്പ് ഇങ്ങനെ

കൊച്ചിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മുന്‍ നിരയിലായിരുന്നു ഞാന്‍. സൈന്യം നടത്തിയ രക്ഷാപ്രവര്‍ത്തനം അതിഗംഭീരമായിരുന്നുവെന്നതിന് സംശയമില്ലാതിരിക്കുമ്പോഴും ശ്രീനഗര്‍, ചെന്നൈ, ഉത്തരാഞ്ചല്‍, മുംബൈ എന്നിവിടങ്ങളില്‍ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിന്നുണ്ടായ വ്യത്യാസം ഇവിടെ ചൂണ്ടിക്കാണിക്കട്ടെ.

ആദ്യമെ തന്നെ ഇതിന്റെ പ്രശംസ അര്‍ഹിക്കുന്നത് പൊതുസമൂഹത്തോടൊപ്പം നിന്ന് മുന്‍നിരയില്‍ പ്രവര്‍ത്തിച്ച പൊതു ഭരണനിര്‍വ്വഹണ വിഭാഗമാണ്. ഇതരസ്ഥലങ്ങളില്‍ പൊതുവെ മറഞ്ഞിരിക്കുകയും മുന്‍നിരയില്‍ പ്രത്യക്ഷപ്പെടാന്‍ കൂട്ടാക്കാതിരിക്കുകയും ചെയ്യുന്ന ഇവര്‍ ഇവിടെ ദുരിത ബാധിതര്‍ക്കൊപ്പം തോളോട്തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു.

രണ്ടാമതായി കേരളത്തിലെ ചെറുപ്പക്കാരാണ്. അവര്‍ സ്വന്തം നിലയ്ക്ക് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയായിരുന്നു. ഐ ടി കമ്പനികള്‍ അവരുടെ സ്റ്റാഫിന് രക്ഷാപ്രവര്‍ത്തനം നടത്താന്‍ അവധി നല്‍കിയിരുന്നു. ഇവരാകട്ടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ സോഫ്റ്റ് വെയര്‍ സംവിധാനമടക്കം സര്‍വ്വഥാ സജ്ജരായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണവും മറ്റ് ആവശ്യ വസ്തുക്കളും എത്തിക്കുന്ന ചെറുപ്പക്കാരെ ഏകോപിപ്പിച്ചുകൊണ്ടായിരുന്നു അവരുടെ പ്രവര്‍ത്തനം. 

എന്റെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ നിന്ന് ഒറ്റ രാത്രികൊണ്ട് ചെറിയ പെണ്‍കുട്ടികള്‍ മൂന്ന് ലക്ഷ രൂപ പിരിച്ചെടുത്തു.രാത്രി മുഴുവന്‍ ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു അവര്‍. മൂന്നാമതായി മത്സ്യത്തൊഴിലാളികളാണ്. വലിയ ബോട്ടുകള്‍ വാഹനങ്ങളിലെത്തിച്ച് ഒറ്റപ്പെട്ടവരെ അവര്‍ ഒന്നൊന്നായി രക്ഷിച്ചെടുത്തു. അതേപോലെ തന്നെ മറ്റുള്ളവര്‍ ചെറിയ ചെറിയ സംഘങ്ങളായി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. 

മറ്റുള്ള സ്ഥലങ്ങളിലേതു പോലെ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇവിടെ ആരും കാത്തു നിന്നില്ല. ജാതി,മതി,വര്‍ഗീയ ചിന്തകള്‍ക്ക് അതീതമായി എല്ലാ സംഘങ്ങളും ഒരുമിച്ച് തോളോട്തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചത് കണ്ടപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഞാന്‍ ഒരു പള്ളിയില്‍ ഭക്ഷ്യധാന്യങ്ങളുമായി എത്തിയപ്പോള്‍ കൂടുതല്‍ പേര്‍ പട്ടിണിയില്‍ കഴിയുന്ന ക്ഷേത്രത്തിലേക്ക് അവരെന്നെ വഴികാട്ടി. നമ്മളില്‍ ഒരു വിഭാഗവും, രാഷ്ട്രീയ കാരും പറയുന്നത് മാറ്റിവെച്ച് എനിക്ക് നിസ്സംശയം പറയാനാവും, ഈ രാജ്യത്തിന് ഒരു മികച്ച ഭാവിയുണ്ട്.