ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മേഖലയില്‍ ഇന്ത്യയുടെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കാന്‍ പുത്തന്‍ ഉപകമ്പനി പ്രഖ്യാപിച്ച് മുകേഷ് അംബാനിയുടെ റിലയന്‍സ്, പ്രഖ്യാപനം റിലയന്‍സ് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍.

മുംബൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) രംഗത്ത് പുത്തന്‍ പ്രതീക്ഷകളുമായി പുതിയ ഉപകമ്പനി പ്രഖ്യാപിച്ച് റിലയന്‍സ് ഉടമ മുകേഷ് അംബാനി. 'റിലയന്‍സ് ഇന്‍റലിജന്‍സ്' എന്നാണ് റിലയന്‍സിന്‍റെ പുതിയ ഉപകമ്പനിയുടെ പേര്. ഇന്ത്യയുടെ എഐ സ്വപ്‌നങ്ങള്‍ക്ക് കുതിപ്പേകുക ലക്ഷ്യമിട്ടാണ് റിലയന്‍സ് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ മുകേഷ് അംബാനിയുടെ പ്രഖ്യാപനം. ഇന്ത്യയുടെ ഡിജിറ്റല്‍ ഭാവിക്കായുള്ള സുപ്രധാന നീക്കമെന്നാണ് റിലയന്‍സ് ഇന്‍റലിജന്‍സിനെ റിലയന്‍സ് എജിഎം 2025ല്‍ മുകേഷ് അംബാനി വിശേഷിപ്പിച്ചത്. റിലയന്‍സ് ഇന്‍റലിജന്‍സ്, എഐ രംഗത്തെ കരുത്തരായ ഗൂഗിളും മെറ്റയുമായി തന്ത്രപരമായ പങ്കാളിത്തത്തിലേര്‍പ്പെടും. എഐ രംഗത്ത് പുത്തന്‍ സബ്‌സീഡ്യറിയുടെ നാല് ലക്ഷ്യങ്ങളും മുകേഷ് അംബാനി യോഗത്തില്‍ പങ്കുവെച്ചു.

1. അടുത്ത തലമുറ എഐ ഇന്‍ഫ്രാസ്‌ട്രെക്‌ചര്‍

ഇന്ത്യയുടെ അടുത്ത തലമുറ എഐ ഇന്‍ഫ്രാസ്‌ട്രെക്‌ചര്‍ ഒരുക്കുക എന്നതാണ് ഇതില്‍ ആദ്യത്തെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി ഡാറ്റാ സെന്‍ററുകള്‍ റിലയന്‍സ് ഇന്‍റലിജന്‍സ് വികസിപ്പിക്കും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ റിലയന്‍സ് ഇതിനകം തുടങ്ങിക്കഴിഞ്ഞു.

2. ആഗോള സഹകരണം

എഐ രംഗത്തുള്ള ആഗോള സഹകരണമാണ് റിലയന്‍സ് ഇന്‍റലിജന്‍സ് മുന്നോട്ടുവെക്കുന്ന രണ്ടാമത്തെ ലക്ഷ്യം. ലോകത്തെ പ്രധാന ടെക് കമ്പനികളെയും ഓപ്പണ്‍-സോഴ്‌സ് സംരംഭങ്ങളെയും റിലയന്‍സ് ഒരു കുടക്കീഴിലേക്ക് കൊണ്ടുവരും. ഉയര്‍ന്ന പ്രകടനം ഉറപ്പാക്കുന്ന എഐ സംവിധാനവും സപ്ലൈ ചെയിനും ഇതുവഴി ഇന്ത്യയില്‍ ഉറപ്പിക്കുകയാണ് റിലയന്‍സിന്‍റെ ലക്ഷ്യം.

3. ഇന്ത്യക്കായി എഐ സേവനം

ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കും ചെറുകിട കമ്പനികള്‍ക്കും സംരംഭങ്ങള്‍ക്കുമായി റിലയന്‍സ് ഇന്‍റലിജന്‍സ് കുറഞ്ഞ നിരക്കിലുള്ള എഐ സേവനങ്ങള്‍ തയ്യാറാക്കും. വിദ്യാഭ്യാസം, ആരോഗ്യം, കാര്‍ഷിക മേഖല എന്നിവിടങ്ങളില്‍ ഇവ ഉപകാരപ്രദമാകും എന്നാണ് കമ്പനിയുടെ പ്രതീക്ഷ.

4. ടാലന്‍റ് ഇന്‍ക്യുബേഷന്‍

ലോകോത്തര എഐ ഗവേഷകര്‍, എഞ്ചിനീയര്‍മാര്‍, ഡിസൈനര്‍മാര്‍, നിര്‍മ്മാതാക്കള്‍ എന്നിവരെ ഒരു കുടക്കീഴില്‍ എത്തിക്കുകയാണ് ഇതിലൂടെ റിലയന്‍സ് ഇന്‍റലിജന്‍സിന്‍റെ ലക്ഷ്യം. ഇന്ത്യക്കും ലോകത്തിനുമായി നൂതനാശയങ്ങളും ആപ്ലിക്കേഷനുകളും റിലയന്‍സ് ഇന്‍റലിജന്‍സ് സൃഷ്‌ടിക്കുമെന്നും മുകേഷ് അംബാനി വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പറഞ്ഞു.

Asianet News Live | Malayalam News Live | Onam 2025 | Latest Kerala Updates | Live Breaking News