എല്ലാ പ്രായത്തിലുമുള്ള ജിയോ ഉപഭോക്താക്കൾക്ക് 18 മാസത്തേക്ക് സൗജന്യ ഗൂഗിൾ എഐ പ്രോ സബ്‌സ്‌ക്രിപ്‌ഷൻ കമ്പനി ഇപ്പോൾ വാഗ്‌ദാനം ചെയ്യുന്നു. ഈ ഓഫര്‍ എങ്ങനെ ക്ലെയിം ചെയ്യാമെന്ന് നോക്കാം.

മുംബൈ: നിങ്ങൾ ഒരു ജിയോ ഉപയോക്താവാണെങ്കിൽ വലിയൊരു സന്തോഷവാർത്തയുണ്ട്. ഉപയോക്താക്കൾക്കായി റിലയൻസ് ജിയോ ഒരു വലിയ പ്രഖ്യാപനം നടത്തിയിരിക്കുന്നു. എല്ലാ പ്രായത്തിലുമുള്ള ജിയോ ഉപഭോക്താക്കൾക്കും 18 മാസത്തേക്ക് സൗജന്യ ഗൂഗിൾ എഐ പ്രോ സബ്‌സ്‌ക്രിപ്‌ഷൻ കമ്പനി ഇപ്പോൾ വാഗ്‌ദാനം ചെയ്യുന്നു. ഈ ഓഫർ അനുസരിച്ച് ജെമിനി എഐയുടെ പ്രീമിയം ടൂളുകൾ, എഐ വീഡിയോ ജനറേഷൻ, കോഡിംഗ് അസിസ്റ്റന്‍റ്, 2 ടിബി ക്ലൗഡ് സ്റ്റോറേജ് തുടങ്ങിയ ഉയർന്ന നിലവാരമുള്ള സേവനങ്ങളിലേക്ക് ജിയോ വരിക്കാര്‍ക്ക് സൗജന്യ ആക്‌സസ് ലഭിക്കും. മൈജിയോ ആപ്പ് വഴി എല്ലാ ജിയോ 5ജി ഉപയോക്താക്കൾക്കും ഈ ഓഫറിലേക്ക് ആക്‌സസ് നേടാം. 

എല്ലാ പ്രായത്തിലുമുള്ള ജിയോ ഉപയോക്താക്കൾക്ക് ഇനി സൗജന്യ ഗൂഗിൾ എഐ പ്രോ ആക്‌സസ് ലഭിക്കും. റിലയൻസ് ജിയോയും ഗൂഗിളും തമ്മിലുള്ള പങ്കാളിത്തത്തിന്‍റെ ഭാഗമായി, ഓരോ ജിയോ 5ജി ഉപഭോക്താവിനും ഇപ്പോൾ 18 മാസത്തെ സൗജന്യ ഗൂഗിൾ എഐ പ്രോ ആക്‌സസ് ലഭിക്കും. മുമ്പ്, ഈ ഓഫർ 18-നും 25-നും ഇടയിൽ പ്രായമുള്ള ഉപയോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ എല്ലാ പ്രായക്കാർക്കും ഈ ഓഫര്‍ വ്യാപിപ്പിച്ചിരിക്കുന്നു. അതായത് 25 വയസ്സിനു മുകളിലുള്ള ഉപയോക്താക്കൾക്കും ഈ പ്രീമിയം എഐ അനുഭവം ആസ്വദിക്കാൻ കഴിയും. ഇന്ത്യയിൽ എഐ സാങ്കേതികവിദ്യ കൂടുതൽ ആക്‌സസ് ചെയ്യുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ജിയോയുടെ ഈ നീക്കം.

സൗജന്യ ഗൂഗിൾ എഐ പ്രോ സബ്‌സ്‌ക്രിപ്‌ഷൻ എങ്ങനെ ക്ലെയിം ചെയ്യാം?

ഈ ഓഫർ പ്രയോജനപ്പെടുത്താൻ, ഉപയോക്താക്കൾക്ക് ഒരു ആക്‌ടീവായ ജിയോ 5ജി സിമ്മും പരിധിയില്ലാത്ത ഡാറ്റ പ്ലാനും ഉണ്ടായിരിക്കണം. മൈജിയോ ആപ്പ് തുറന്നാൽ ആപ്പിന്‍റെ ഹോം പേജിൽ, മുകളിൽ ഒരു "ഏർലി ആക്‌സസ്" എന്ന ബാനർ കാണാം. ഈ ഏർലി ആക്‌സസ് ബാനറിൽ ക്ലിക്ക് ചെയ്യുക. "ഇപ്പോൾ ക്ലെയിം ചെയ്യുക" എന്നത് തിരഞ്ഞെടുക്കുമ്പോള്‍ ഓഫർ വിശദാംശങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു പുതിയ പേജ് തുറക്കും. താഴേക്ക് സ്ക്രോൾ ചെയ്ത് "Agree" ക്ലിക്ക് ചെയ്യുന്നത് സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാന്‍ ആക്‌ടീവാക്കും. തുടർന്ന് ഉപയോക്താക്കൾക്ക് ജെമിനി ആപ്പിൽ അവരുടെ പ്രോ സബ്‌സ്‌ക്രിപ്‌ഷൻ സ്റ്റാറ്റസ് പരിശോധിക്കാം.

ഗൂഗിൾ എഐ പ്രോയിൽ നിങ്ങൾക്ക് സൗജന്യമായി എന്തൊക്കെ ലഭിക്കും?

ഗൂഗിൾ എഐ പ്രോയ്ക്ക് സാധാരണയായി പ്രതിമാസം ഏകദേശം 1,950 രൂപ ചിലവാകും, അതായത് 18 മാസക്കാലത്തേക്ക് 35,100 രൂപ. എന്നാൽ ഇപ്പോൾ ജിയോ ഉപയോക്താക്കൾക്ക് ഇത് സൗജന്യമായി ലഭിക്കും. ഡീപ്പ് റിസർച്ച്, കോഡിംഗ്, ഇമേജ് നിർമ്മാണം എന്നിവയ്‌ക്കായി നൂതന ഫീച്ചറുകളുമായി വരുന്ന ജെമിനി 2.5 പ്രോ മോഡലിലേക്കുള്ള ആക്‌സസ് ഇതിൽ ഉൾപ്പെടുന്നു. ഏറ്റവും ശ്രദ്ധേയമായ സവിശേഷത വിയോ 3.1 ഫാസ്റ്റ് സവിശേഷതയാണ്. ലളിതമായ ടെക്സ്റ്റ് പ്രോംപ്റ്റുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ഇപ്പോൾ എഐ വീഡിയോകൾ സൃഷ്‌ടിക്കാൻ കഴിയും. ഈ വീഡിയോകളിൽ നേറ്റീവ് ഓഡിയോയും ഉണ്ട്. ഇത് വിനോദത്തിനോ പ്രോജക്റ്റുകൾക്കോ വേണ്ടി ക്രിയേറ്റീവായ കാര്യങ്ങൾ സൃഷ്‍ടിക്കാൻ നിങ്ങളെ അനുവദിക്കുന്നു. ജെമിനി കമാൻഡ് ലൈൻ ഇന്റർഫേസ് (CLI), ജെമിനി കോഡ് അസിസ്റ്റ് ഐഡിഇ എക്സ്റ്റൻഷനുകൾ എന്നിവയ്‌ക്ക് ഉയർന്ന ഉപയോഗ പരിധികളും ഇത് വാഗ്‌ദാനം ചെയ്യുന്നു.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്