ഐഫോണ്‍ 18 ശ്രേണിയിലെ ഫോണ്‍ മോഡലുകള്‍ 24-മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ സഹിതമാണ് വിപണിയിലെത്തുക എന്നതാണ് പുതിയ വാര്‍ത്ത. ഇതുവരെ പരമാവധി 18 എംപി ക്യാമറയായിരുന്നു ഐഫോണുകളിലുണ്ടായിരുന്നത്.
കാലിഫോര്‍ണിയ: ആപ്പിളിന്‍റെ ഓരോ ഐഫോണ്‍ ലൈനപ്പുകള്‍ വരുമ്പോഴും മാസങ്ങള്‍ മുമ്പേ കിംവദന്തികള്‍ നിറയാറുണ്ട്. 2026-ല്‍ പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ 18 ലൈനപ്പിനെ കുറിച്ചും വാര്‍ത്തകള്‍ ഇതിനകം സജീവമായിക്കഴിഞ്ഞു. ഐഫോണ്‍ 18 ശ്രേണിയിലെ മോഡലുകള്‍ 24-മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ സഹിതമാണ് വിപണിയിലെത്തുക എന്നതാണ് പുതിയ വാര്‍ത്ത. ജെപി മോര്‍ഗനിലെ വിപണി വിദഗ്‌ധരാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. മുന്‍ ഐഫോണുകളില്‍ പരമാവധി 18 എംപി സെല്‍ഫി ക്യാമറകള്‍ നല്‍കിയ സ്ഥാനത്താണ് ഈ അപ്‌ഗ്രേഡ്. അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ ഫോള്‍ഡിന്‍റെ ഫോള്‍ഡിംഗ് സ്‌ക്രീനില്‍ 24 എംപിയുടെ അണ്ടര്‍-ഡിസ്‌പ്ലെ സെല്‍ഫി ക്യാമറ വരുമെന്ന അഭ്യൂഹങ്ങളും സമാന റിപ്പോര്‍ട്ടിലുണ്ട്.
ഐഫോണ്‍ 18 ശ്രേണി സെല്‍ഫികളില്‍ മിന്നും
ഐഫോണ്‍ 18 പ്രോയിലും ഐഫോണ്‍ 18 പ്രോ മാക്‌സിലും ഫ്രണ്ട് ക്യാമറയ്‌ക്കായി ചെറിയ പഞ്ച് ഹോളാണ് വരികയെന്ന റൂമറുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. നാളിതുവരെ ഒരു ഐഫോണിലും 24-മെഗാപിക്‌സലിന്‍റെ സെല്‍ഫി ക്യാമറ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഐഫോണ്‍ 17 നിരയില്‍ 24 എംപി ക്യാമറ ചേര്‍ത്തേക്കാമെന്ന് മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അത് യാഥാര്‍ഥ്യമായിരുന്നില്ല. മറ്റൊരു വിവരം കൂടി ജെപി മോര്‍ഗന്‍ പുറത്തിവിട്ടിട്ടുണ്ട്. മറ്റ് വരും വര്‍ഷത്തെ ഐഫോണ്‍ മോഡലുകളില്‍ 24-മെഗാപിക്‌സല്‍ ക്യാമറ സെന്‍സര്‍ വരുമ്പോഴും ഐഫോണ്‍ 17ഇ, ഐഫോണ്‍ 18ഇ എന്നിവയില്‍ 18 എംപി ഫ്രണ്ട് ക്യാമറ തുടരാനാണ് സാധ്യത. ഐഫോണ്‍ എയര്‍ 2, ഐഫോണ്‍ 18 പ്രോ, ഐഫോണ്‍ 18 പ്രോ മാക്‌സ് എന്നിവ 2026 സെപ്റ്റംബറിലും ഐഫോണ്‍ 18, ഐഫോണ്‍ 18ഇ എന്നിവ 2027 ആദ്യവുമാകും പുറത്തിറങ്ങുക എന്നാണ് റിപ്പോര്‍ട്ട്.
ഐഫോണ്‍ ഫോള്‍ഡില്‍ അണ്ടര്‍-ഡിസ്‌പ്ലെ ക്യാമറ
ആപ്പിളിന്‍റെ ചരിത്രത്തിലെ കന്നി ഫോള്‍ഡബിള്‍ ഐഫോണിന്‍റെ ഫോള്‍ഡിംഗ് സ്‌ക്രീനില്‍ അണ്ടര്‍-ഡിസ്‌പ്ലെ ക്യാമറയുണ്ടായിരിക്കുമെന്ന റിപ്പോര്‍ട്ടും വലിയ ചര്‍ച്ചയായിരിക്കുകയാണ്. ആപ്പിളിന്‍റെ എതിരാളികളായ സാംസങ് മുമ്പുതന്നെ അണ്ടര്‍-ഡിസ്‌പ്ലെ ക്യാമറകള്‍ അവതരിപ്പിച്ചെങ്കിലും 24-മെഗാപിക്‌സലിന്‍റെ ഉയര്‍ന്ന റെസലൂഷനിലുള്ള അണ്ടര്‍-ഡിസ്‌പ്ലെ സെന്‍സര്‍ ആപ്പിള്‍ അവതരിപ്പിക്കാനൊരുങ്ങുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സ്‌ക്രീനിന്‍റെ മുകള്‍ഭാഗത്തായി ക്യാമറ നോച്ച് കാണുന്ന പതിവ് രീതിക്ക് ബദലായാണ് അണ്ടര്‍-ഡിസ്‌പ്ലെ ക്യാമറ ഐഫോണ്‍ ഫോള്‍ഡിലേക്ക് വരിക. ഫേസ് ഐഡി ഉള്‍പ്പെടുത്താന്‍ സാധ്യതയില്ലാത്തതിനാല്‍ സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്‍റ് സെന്‍സറും ആപ്പിള്‍ ഐഫോണ്‍ ഫോള്‍ഡിലേക്ക് ചേര്‍ത്തേക്കും.



