Asianet News MalayalamAsianet News Malayalam

വരുമാനം 10,383 കോടി; ജിയോയുടെ കുതിപ്പ്

ലാഭത്തില്‍ 65 ശതമാനത്തിന്‍റെ കുതിപ്പാണ് ജിയോ നടത്തിയിരിക്കുന്നത്. ആളോഹരി റീചാർജ് കുറഞ്ഞെങ്കിലും വരിക്കാരുടെ എണ്ണം കുത്തനെ കൂടിയത് ജിയോയുടെ ലാഭത്തിലും പ്രതിഫലിച്ചു

Reliance Jio Q3 profit surges 65% YoY to Rs 831 crore
Author
Mumbai, First Published Jan 18, 2019, 4:45 PM IST

മുംബൈ: 2018 ന്‍റെ മൂന്നാം പാദത്തില്‍ റെക്കോഡ് വരുമാനം നേടി റിലയന്‍സ് ജിയോ. ജിയോയുടെ ഓപ്പറേറ്റിങ് വരുമാനം 10,383 കോടിയാണ് ഈ പാദത്തില്‍. 2017 ഒക്ടോബര്‍ ഡിസംബര്‍ പാദത്തില്‍ ഇത്  6,879 കോടിയായിരുന്നു. 50.9 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഒരു വര്‍ഷത്തില്‍ ജിയോ ഉണ്ടാക്കിയത്. മൂന്നാം പാദത്തിൽ ജിയോയുടെ അറ്റാദായം 831 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് മൂന്നാം പാദത്തിൽ 681 കോടി രൂപയായിരുന്നു. 

ലാഭത്തില്‍ 65 ശതമാനത്തിന്‍റെ കുതിപ്പാണ് ജിയോ നടത്തിയിരിക്കുന്നത്. ആളോഹരി റീചാർജ് കുറഞ്ഞെങ്കിലും വരിക്കാരുടെ എണ്ണം കുത്തനെ കൂടിയത് ജിയോയുടെ ലാഭത്തിലും പ്രതിഫലിച്ചു. പുതിയ കണക്കുകൾ പ്രകാരം ജിയോ വരിക്കാരുടെ എണ്ണം 28 കോടിയാണ്. കഴിഞ്ഞ ഡിസംബറിൽ കമ്പനിയുടെ വരിക്കാരുടെ എണ്ണം 13.1 കോടിയായിരുന്നു.ജിയോ വരിക്കാർ മാസം ശരാശരി 10.8 ജിബി ഡേറ്റ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഓരോ മാസവും 794 മിനിറ്റ് വോയ്സ് കോളുകളും വിളിക്കുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്.

 ട്രായിയുടെ ചില തീരുമാനങ്ങളും കുറഞ്ഞ നിരക്കിലുള്ള താരിഫ് പ്ലാനുകളുമാണ് ജിയോയ്ക്ക്  ഇത്രയും വലിയ ലാഭം ഉണ്ടാക്കുവാന്‍ സഹായിച്ചത്. സ്വന്തം നെറ്റ് വര്‍ക്കില്‍ നിന്നും മറ്റൊരു നെറ്റ്വര്‍ക്കിലേക്ക ഉപയോക്താവിന്‍റെ കോള്‍ കണക്ട് ചെയ്യാന്‍ നല്‍കേണ്ട ഇന്‍റര്‍കണക്ട് ഫീ 14 പൈസയിൽ നിന്ന് ആറു പൈസയായി വെട്ടിക്കുറച്ചപ്പോൾ ഏറ്റവും കൂടുതൽ ലാഭം കിട്ടിയത് ജിയോയ്ക്കായിരുന്നു. 

അൺലിമിറ്റഡ് കോൾ സര്‍വീസ് തുടങ്ങിയ ജിയോയെ സംബന്ധിച്ചിടത്തോളം ഈ വഴിക്ക് എയർടെൽ, ഐഡിയ, വോഡഫോൺ കമ്പനികൾക്ക് വൻ തുക നൽകേണ്ടി വന്നിരുന്നു. ഒരു മാസം ജിയോ വഴി കാണുന്നത് 460 കോടി മണിക്കൂർ വിഡിയോയാണ്. ഇതും വലിയ ലാഭമാണ് ജിയോയ്ക്ക് നല്‍കിയത്.

Follow Us:
Download App:
  • android
  • ios