റിയാദ്: പോക്കിമോന്‍ ഗോ ഗെയിം കളിക്കുന്നത് ഇസ്ലാം വിരുദ്ധമെന്ന് സൗദിയിലെ മതപുരോഹിതര്‍. ഇസ്ലാം മതവിശ്വാസികള്‍ പോക്കിമോന്‍ കളിക്കരുതെന്നും മതപുരോഹിതര്‍ നിര്‍ദ്ദേശം നല്‍കി. 2001ല്‍ പോക്കിമോന്‍ കാര്‍ഡും വീഡിയോ ഗെയിമുകളും പുതുക്കിയാണ് പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. 

സൗദിയില്‍ പോക്കിമോന്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്തിട്ടില്ലെങ്കിലും നിയമവിരുദ്ധമായി ഗെയിം ഡൗണ്‍ലോഡ് ചെയ്ത് പലരും കളി തുടങ്ങിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മതപുരോഹിതരുടെ ഇടപെടല്‍. പോക്കിമോന്‍ ഗോയിലെ കഥാപാത്രങ്ങളുടെ സങ്കല്‍പ്പം ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ സാധൂകരിക്കുന്നതാണ്. ഇത് ഇസ്ലാമിന് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മതനേതൃത്വം വ്യക്തമാക്കി. 

ഗെയിമിലെ സയണിസ്റ്റുകളുടെയും ക്രിസ്ത്യാനികളുടെയും അടയാളങ്ങളും സൂചനകളും ഗെയിമിന്‍റെ ഇസ്ലാം വിരുദ്ധ സ്വഭാവത്തിന് ഉദാഹരണമായി മതനേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഗെയിം ബഹുദൈവ വാദത്തെ അംഗീകരിക്കുന്നതായും മതനേതാക്കള്‍ ആരോപിക്കുന്നു.