ദില്ലി: സോഷ്യല്‍ മീഡിയ വഴി ലൈംഗിക അതിക്രമങ്ങളുടെ വീഡിയോ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണ്ണായക നിര്‍ദേശവുമായി സുപ്രീംകോടതി. ലൈംഗിക അതിക്രമ വീഡിയോകള്‍ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്ക്, മൈക്രോസോഫ്റ്റ്, ഗൂഗിള്‍, യാഹൂ, തുടങ്ങിയ വിദേശത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനികളോട് ഏപ്രിലില്‍ ഇന്ത്യയിലെത്തി യോഗം ചേരാന്‍ സുപ്രിം കോടതി ആവശ്യപെട്ടു.

ഇത്തരം വീഡിയോകള്‍ പ്രചരിക്കുന്നത് തടയാന്‍ എന്ത് ചെയ്യാന്‍ സാധിക്കും എന്നതിനെ കുറിച്ച് ചര്‍ച്ച നടത്താനാണ് പ്രമുഖ കമ്പനികളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ സുപ്രിം കോടതി ഇന്ത്യയിലേക്ക് വിളിച്ചുവരുത്തുന്നത്. കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയവുമായി ഇന്‍റര്‍നെറ്റ് രംഗത്തെ ഈ വമ്പന്‍ കമ്പനികളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് ചര്‍ച്ച നടത്താനും കോടതി നിര്‍ദേശിച്ചു. 

പതിനഞ്ചു ദിവസത്തെ മീറ്റിങ്ങാണ് നടക്കുക. ബുധനാഴ്ച്ചയാണ് കമ്പനികളോട് ഇന്ത്യയിലേക്ക് വരാന്‍ സുപ്രിം കോടതി ആവശ്യപ്പെട്ടത്.
കൂട്ട ബലാത്സംഗത്തെ അതിജീവിച്ച പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തക സുനിത കൃഷ്ണന്റെ പരാതിയിലാണ് സുപ്രിം കോടതിയുടെ നിര്‍ദേശം. 2015ല്‍ മുന്‍ ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവിന് സുനിത കൃഷ്ണന്‍ സമൂഹമാധ്യമങ്ങളിലൂടെ ബലാത്സംഗം, പോണോഗ്രാഫി തുടങ്ങിയ അസ്ലീല വീഡിയോകള്‍ പ്രചരിക്കുന്നതിനെതിരെ പരാതി നല്‍കിയിരുന്നു. 

ഇതിന്‍ഖെ അടിസ്ഥാനത്തില്‍ സംഭവവുമായി ബന്ധപെട്ട് സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു. തെളിവുകള്‍ അടങ്ങിയ പെന്‍ ഡ്രൈവ് അടക്കമാണ് സുപ്രിം കോടതിക്ക് സുനിത കൃഷ്ണന്‍ പരാതി നല്‍കിയത്. കുറ്റവാളികള്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടി എടുക്കണമെന്നും അവര്‍ കോടതിയില്‍ ആവശ്യപെട്ടിരുന്നു. ഏപ്രില്‍ 5 മുതല്‍ 20 വരെ കമ്പനികളുടെ മീറ്റിങ്ങ് ഐടി മന്ത്രാലയവുമായി നടത്താനാണ് കോടതി ഉത്തരവിട്ടത്.