നാൻയാങ് ടെക്നോളജിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത അതിസുതാര്യവും വളരെ നേര്‍ത്തതുമായ പുതിയ തരത്തിലുള്ള സോളാർ സെല്ലുകൾ സാധാരണ ഗ്ലാസ് ഉപരിതലങ്ങളെ തന്നെ ശുദ്ധ ഊർജത്തിന്‍റെ ഉറവിടങ്ങളാക്കാൻ സഹായിക്കും
സിംഗപ്പൂര്‍ സിറ്റി: ഭാവിയിൽ നിങ്ങളുടെ ഓഫീസ് കെട്ടിടത്തിലെ ഗ്ലാസ് ജനലുകൾ തന്നെ വൈദ്യുതി ഉൽപാദിപ്പിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? അത്തരമൊരു അത്ഭുതം യാഥാർഥ്യത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് സിംഗപ്പൂരിലെ നാൻയാങ് ടെക്നോളജിക്കൽ യൂണിവേഴ്‌സിറ്റി (NTU)യിലെ ഗവേഷകർ. അവർ വികസിപ്പിച്ചെടുത്ത അതിസുതാര്യവും വളരെ നേര്‍ത്തതുമായ പുതിയ തരത്തിലുള്ള സോളാർ സെല്ലുകൾ സാധാരണ ഗ്ലാസ് ഉപരിതലങ്ങളെ തന്നെ ശുദ്ധ ഊർജത്തിന്‍റെ ഉറവിടങ്ങളാക്കാൻ സഹായിക്കും. ഈ കണ്ടെത്തൽ ശാസ്ത്രലോകത്തിൽ വലിയ ശ്രദ്ധ നേടുകയും എസിഎസ് എനർജി ലെറ്റേഴ്‌സ് ജേർണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്‌തു.

ലോകം മാറ്റിമറിച്ചേക്കാവുന്ന പുത്തന്‍ സാങ്കേതികവിദ്യ
അസോസിയേറ്റ് പ്രൊഫസർ അന്നലിസ ബ്രൂണോയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഈ പുതിയ കണ്ടെത്തലിന് പിന്നിൽ. പെറോവ്‌സ്‌കൈറ്റ് (Perovskite) എന്ന പ്രത്യേക വസ്‌തുവാണ് ഈ സോളാർ സെല്ലുകളുടെ പ്രധാന ഘടകം. സൂര്യപ്രകാശം വളരെ ഫലപ്രദമായി ആഗിരണം ചെയ്യാനുള്ള കഴിവ് പെറോവ്‌സ്‌കൈറ്റിന് ഉള്ളതിനാൽ, അതിനെ അടിസ്ഥാനമാക്കിയുള്ള സോളാർ സെല്ലുകൾ പരമ്പരാഗത സോളാർ പാനലുകളേക്കാൾ കൂടുതൽ കാര്യക്ഷമമാണ് എന്ന് ഗവേഷകർ പറയുന്നു.
ഈ സാങ്കേതികവിദ്യ നിർമ്മിക്കാൻ ഗവേഷകർ തെർമൽ ഇവാപറേഷൻ എന്ന പ്രത്യേക വാക്വം സാങ്കേതികവിദ്യയാണ് ഉപയോഗിച്ചത്. ഇതിലൂടെ സൂക്ഷ്‍മതലത്തിലുള്ള പാളികൾ കൃത്യമായി രൂപപ്പെടുത്താൻ സാധിച്ചു. ഇതിന്‍റെ ഫലമായി നിർമ്മിച്ച സോളാർ സെല്ലുകൾ വളരെ മെലിഞ്ഞതും നിറമില്ലാത്തതും ആയതിനാൽ ഗ്ലാസിൽ ഘടിപ്പിച്ചാലും സാധാരണ കണ്ണുകൊണ്ട് തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്.
കെട്ടിടങ്ങളിലെ ഗ്ലാസുകളില്‍ ഈ സുതാര്യ സോളാർ സെല്ലുകൾ സ്ഥാപിക്കാം
ലോകത്തിലെ മൊത്തം ഊർജ ഉപഭോഗത്തിൽ ഏകദേശം 40 ശതമാനവും കെട്ടിടങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ ഗ്ലാസ് കെട്ടിടങ്ങളുടെ ജനലുകളിൽ ഈ സുതാര്യ സോളാർ സെല്ലുകൾ സ്ഥാപിക്കാൻ സാധിച്ചാൽ വൈദ്യുതി ഉപഭോഗം വലിയ തോതിൽ കുറയ്ക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. ഓഫീസ് കെട്ടിടങ്ങൾക്കൊപ്പം കാറുകളുടെ വിൻഡോകൾ, സൺറൂഫുകൾ, സ്‍മാർട്ട് ഗ്ലാസുകൾ, വെയറബിൾ ഇലക്‌ട്രോണിക് ഉപകരണങ്ങൾ എന്നിവയിലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാൻ സാധിക്കും. പുതിയ കണ്ടുപിടിത്തം ഭാവിയിലെ സ്‍മാർട്ട് സിറ്റികൾക്ക് വലിയ പിന്തുണ നൽകും എന്നാണ് ശാസ്ത്രലോകത്തിന്‍റെ വിലയിരുത്തൽ. ശുദ്ധ ഊർജ ഉൽപാദനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും ഇത് നിർണായകമായ സംഭാവന നൽകുമെന്ന് ഗവേഷകർ വിശ്വസിക്കുന്നു.



