ഇന്ത്യയിലെ വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ്. ഐഫോണ്‍, മാക് ഡിവൈസുകളില്‍ ആപ്പ് ഉപയോഗിക്കുന്നവര്‍ ജാഗ്രത. 

ദില്ലി: ജനപ്രിയ ഇന്‍സ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്‌സ്ആപ്പില്‍ സൈബര്‍ സുരക്ഷാ ഏജൻസികൾ ഒരു പുതിയ വീഴ്‌ച കണ്ടെത്തി. ഇന്ത്യൻ സൈബർ സുരക്ഷാ ഏജൻസിയായ സിഇആർടി -ഇൻ (CERT-In) വാട്‌സ്ആപ്പിന്‍റെ ചില ഐഒഎസ് അല്ലെങ്കിൽ മാക് പതിപ്പുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കാണ് സുരക്ഷാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഹാക്കർമാർക്ക് നിങ്ങളുടെ സ്വകാര്യ ഡാറ്റ ആക്‌സസ് ചെയ്യാൻ കഴിയുന്നവിധത്തിലുള്ള ഒരു ഗുരുതരമായ പിഴവാണ് (CVE-2025-55177) സിഇആർടി -ഇൻ കണ്ടെത്തിയിരിക്കുന്നത്.

വാട്‌സ്ആപ്പ് ഡിവൈസ് സിൻക്രൊണൈസേഷനിലെ പിഴവുകളിൽ നിന്നാണ് ഈ പ്രശ്‌നം വരുന്നത്. മറ്റൊരു ആപ്പിൾ സുരക്ഷാ ബഗുമായി ചേരുമ്പോൾ ഇത് പ്രത്യേകിച്ച് അപകടകരമാണെന്ന് സുരക്ഷാ വിദഗ്‌ധർ പറയുന്നു. ലോകമെമ്പാടുമുള്ള തിരഞ്ഞെടുത്ത ഉപയോക്താക്കളെ ഹാക്കർമാർ ലക്ഷ്യം വച്ചതായാണ് റിപ്പോർട്ടുകൾ. സുരക്ഷാ പഴുതുകൾ സെൻസിറ്റീവ് ഉപയോക്തൃ വിവരങ്ങൾ കവരാൻ ഹാക്കർമാരെ അനുവദിക്കുന്നു.

അതേസമയം, ഈ സുരക്ഷാ പ്രശ്‌നം വാട്‌സ്ആപ്പ് അംഗീകരിച്ചു. ഐഫോണുകൾക്കും മാക് ഉപകരണങ്ങൾക്കുമുള്ള മെസഞ്ചർ ആപ്പിൽ ഒരു പുതിയ അപ്‌ഡേറ്റ് പിന്നാലെ പുറത്തിറക്കി. ആപ്പിൾ ഡിവൈസ് ഉടമകൾ വാട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ മെറ്റ നിർദ്ദേശിക്കുന്നു.

നിങ്ങളുടെ വാട്ട്‌സ്ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് ഇതാ:

ആപ്പ് സ്റ്റോർ തുറക്കുക. വാട്‌സ്ആപ്പ് മെസഞ്ചർ എന്ന് ടൈപ്പ് ചെയ്‌ത് അപ്‌ഡേറ്റ് ബട്ടൺ ടാപ്പ് ചെയ്യുക.

നിങ്ങളുടെ ആപ്പുകൾ എത്രയും വേഗം അപ്ഡേറ്റ് ചെയ്യുക.

നിങ്ങളുടെ ഐഒഎസിനുള്ള വാട്‌സ്ആപ്പ് പതിപ്പ് 2.25.21.73-നേക്കാൾ പഴയതാണെങ്കിൽ, അല്ലെങ്കിൽ 2.25.21.78 വരെയുള്ള ഐഒഎസിനുള്ള വാട്‌സ്ആപ്പ് ബിസിനസ് അല്ലെങ്കിൽ മാക് പതിപ്പ് 2.25.21.78 ഉപയോഗിക്കുകയാണെങ്കിൽ, ഇപ്പോൾ തന്നെ അപ്ഡേറ്റ് ചെയ്യുക. മാത്രമല്ല സുരക്ഷിതമായി തുടരാൻ, ഓട്ടോ-അപ്‌ഡേറ്റുകൾ ഓണാക്കാനും അപൂർണ്ണമായ ലിങ്കുകൾ ഒഴിവാക്കാനും നിങ്ങളുടെ അക്കൗണ്ടുമായി ഏതൊക്കെ ഡിവൈസുകൾ ലിങ്ക് ചെയ്‌തിട്ടുണ്ടെന്ന് പരിശോധിക്കാനും സിഇആർടി -ഇൻ നിർദ്ദേശിക്കുന്നു. ഇന്ത്യയിൽ മാത്രം 400 ദശലക്ഷത്തിലധികം വാട്‌സ്ആപ്പ് ഉപയോക്താക്കളുള്ളതിനാൽ, ഓൺലൈനിൽ സുരക്ഷിതമായി തുടരുന്നതിന് ആപ്പുകൾ അപ്‌ഡേറ്റ് ചെയ്യുന്നത് മുമ്പത്തേക്കാളും പ്രധാനമാണെന്നും വിദഗ്‌ധർ പറയുന്നു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming