പ്രമുഖ കന്നഡ നടി ബി സരോജ ദേവിയുടെ നിര്യാണത്തില്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് മെറ്റ തെറ്റായി ഓട്ടോ ട്രാന്‍സ്ലേറ്റ് ചെയ്തത്

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കന്നഡയില്‍ എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് മെറ്റ തെറ്റായി ട്രാന്‍സ്ലേറ്റ് ചെയ്തത് വിവാദത്തില്‍. പ്രമുഖ കന്നഡ നടി ബി സരോജ ദേവിയുടെ നിര്യാണത്തില്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഓട്ടോ ട്രാന്‍സ്ലേറ്റ് ചെയ്തപ്പോള്‍ മരണപ്പെട്ടത് സിദ്ധരാമയ്യയാണ് എന്നാവുകയായിരുന്നു. ഇതിന് പിന്നാലെ ഫേസ്ബുക്ക് ഉടമകളായ മെറ്റയ്ക്കെതിരെ ഗുരുതര വിമര്‍ശനവുമായി സിദ്ധരാമയ്യ രംഗത്തെത്തി.

അന്തരിച്ച മുതിര്‍ന്ന കന്നഡ നടി ബി സരോജ ദേവിക്ക് ഫേസ്ബുക്ക് കുറിപ്പില്‍ ആദരാഞ്ജലി അര്‍പ്പിക്കുകയായിരുന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. എന്നാല്‍ ഈ പോസ്റ്റിന്‍റെ ഓട്ടോ ട്രാന്‍സ്ലേഷനില്‍ എഴുതിക്കാണിച്ചത് വന്‍ അബദ്ധമായി. സരോജ ദേവിയുടെ സ്ഥാനത്ത്, മരണപ്പെട്ടത് സിദ്ധരാമയ്യയാണ് എന്ന് മെറ്റയുടെ ഓട്ടോ ട്രാന്‍സ്ലേഷന്‍ സംവിധാനം തെറ്റായി എഴുതിക്കാണിച്ചു. മെറ്റയുടെ പിഴവ് ശ്രദ്ധയില്‍പ്പെട്ട സിദ്ധരാമയ്യ അതിശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി. കന്നഡ ഉള്ളടക്കത്തിന്‍റെ തെറ്റായ മൊഴിമാറ്റം എഴുതിക്കാട്ടി മെറ്റ വസ്‌തുതകളെ വളച്ചൊടിക്കുകയും യൂസര്‍മാരെ തെറ്റിദ്ധരിപ്പിക്കുകയുമാണ്. ഔദ്യോഗിക സംഭാഷണങ്ങളില്‍ ഇങ്ങനെ സംഭവിക്കുന്നത് വളരെ അപകടകരമാണ്. എത്രയും പെട്ടെന്ന് തെറ്റ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് മെറ്റയ്ക്ക് എന്‍റെ മാധ്യമ ഉപദേഷ്‌ടാവ് കെ വി പ്രഭാകര്‍ കത്തെഴുതിയിട്ടുണ്ടെന്നും സിദ്ധരാമയ്യ എക്‌സില്‍ (പഴയ ട്വിറ്റര്‍) കുറിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണം. ഓട്ടോ ട്രാന്‍സ്ലേഷനുകള്‍ തെറ്റായ വിവരം നല്‍കിയേക്കാമെന്ന് ഞാന്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ്. ഇത്തരം വലിയ പിഴവുകള്‍ പൊതുസമൂഹത്തിന്‍റെ ധാരണയെയും വിശ്വാസത്തെയും ദോഷകരമായി ബാധിക്കും എന്നും സിദ്ധരാമയ്യ വിമര്‍ശിച്ചു.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിമര്‍ശനത്തിന് പിന്നാലെ പിഴവ് മെറ്റ തിരുത്തി. കന്നഡയില്‍ നിന്ന് ഇംഗ്ലീഷിലേക്കുള്ള ട്രാന്‍സ്ലേഷനുകളുടെ കൃത്യതയും നിലവാരവും ഉറപ്പാക്കാന്‍ കന്നഡ ഭാഷാ വിദഗ‌്‌ധരുടെ സഹായത്തോടെ മെറ്റ തയ്യാറാകണമെന്ന് സിദ്ധരാമയ്യയുടെ മാധ്യമ ഉപദേഷ്‌ടാവ് മെറ്റ എഴുതിയ കത്തില്‍ ആവശ്യപ്പെട്ടു. പൊതുജനങ്ങളുമായുള്ള ആശയവിനിമയങ്ങളിലും ഔദ്യോഗിക കുറിപ്പുകളിലും ഇത്തരം ഓട്ടോ ട്രാന്‍സ്ലേഷന്‍ പിഴവുകള്‍ കടന്നുകയറുന്നത് വലിയ അപകടമാണെന്ന് മെറ്റയെ കത്തില്‍ സിദ്ധരാമയ്യയുടെ ഓഫീസ് ഓര്‍മ്മിപ്പിച്ചു. വായിക്കുന്നത് ഒറിജിനല്‍ കണ്ടന്‍റാണോ, ഓട്ടോമേറ്റഡ് ട്രാന്‍സ്ലേഷനാണോ എന്നുപോലും ആളുകള്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നും മെറ്റയെ കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Kollam school incident