Asianet News MalayalamAsianet News Malayalam

കുട്ടികളില്‍ അഡിക്ഷനും ദുരുപയോഗവും വ്യാപകം; സ്‌മാര്‍ട്ട് ഫോണ്‍ ഉപയോഗം പൂര്‍ണമായും വിലക്കാന്‍ യുകെ

പതിനാറ് വയസില്‍ താഴെയുള്ള കുട്ടികള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതില്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ട് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു

Smartphone ban for kids Under 16 considering in UK
Author
First Published May 26, 2024, 2:44 PM IST

ലണ്ടന്‍: സ്‌മാര്‍ട്ട് ഫോണുകള്‍ ജീവിതത്തിന്‍റെ വലിയ ഭാഗമായി കഴിഞ്ഞിട്ട് കുറച്ച് വര്‍ഷങ്ങളായി. സ്‌മാര്‍ട്ട് ഫോണില്ലാതെ ജീവിക്കാന്‍ പറ്റില്ല എന്ന് കരുതപ്പെടുന്ന ഈ ലോകത്തില്‍ എന്നാല്‍ കുട്ടികളെ ഇത്തരം ഫോണുകളുടെ ഉപയോഗം സാരമായി ബാധിക്കുന്നുണ്ട് എന്ന് നിരീക്ഷണങ്ങളേറെ. ഇത് ശരിവെക്കുന്ന തെളിവുകളാണ് യുകെയിലെ എംപിമാരുടെ സംഘത്തിന്‍റെ റിപ്പോര്‍ട്ടിലുള്ളത്. ഇതോടെ 16 വയസില്‍ താഴെ പ്രായമുള്ളവര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും വിലക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് യുകെ. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലുടന്‍ ഇതിനായി നിയമം നിര്‍മിക്കപ്പെട്ടേക്കും. 

പതിനാറ് വയസില്‍ താഴെയുള്ള കുട്ടികള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതില്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ട് എന്നാണ് യുകെ എഡ്യുക്കേഷന്‍ സെലക്ട് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് എന്ന് ബിബിസിയുടെ വാര്‍ത്തയില്‍ പറയുന്നു. സ്‌കൂളുകളില്‍ ഫോണ്‍ വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് ഇംഗ്ലണ്ടില്‍ ഈ വര്‍ഷാദ്യം നടപ്പിലാക്കിയ സര്‍ക്കാര്‍ നിര്‍ദേശം വലിയ ചര്‍ച്ചയായിരുന്നു. ഇംഗ്ലണ്ടില്‍ ഇത്തരം നടപടികള്‍ കൂടുതല്‍ കടുപ്പിക്കാനാണ് സാധ്യത. 'സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗം കുട്ടികളിലും യുവാക്കളിലും ഗുണത്തേക്കാള്‍ ദോഷമുണ്ടാക്കുന്നു. 18 വയസില്‍ താഴെയുള്ളവരില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗമുണ്ടാക്കിയ പ്രത്യാഘാതത്തെ കുറിച്ച് ഞെട്ടിക്കുന്ന കണക്കുകളാണ് ഉള്ളത്' എന്നുമാണ് കമ്മിറ്റി തലവന്‍ റോബന്‍ വാക്കറുടെ വാക്കുകള്‍. സ്ക്രീന്‍ടൈം അടുത്തിടെ ഏറെ വര്‍ധിച്ചെന്നും നാലില്‍ ഒരു കുട്ടികളില്‍ മൊബൈല്‍ ഉപയോഗം ആസക്തിയുണ്ടാക്കുന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്. 

'പോണോഗ്രാഫി കാണുന്നതിലേക്ക് നയിക്കുന്നത്, ക്രിമിനല്‍ സംഘങ്ങള്‍ കുട്ടികളെ റിക്രൂട്ട് ചെയ്യാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെ ഉപയോഗിക്കുന്നത് തുടങ്ങിയവ വലിയ അപകടമാണ് സൃഷ്‌ടിക്കുന്നത്. രക്ഷിതാക്കളും സ്‌കൂളുകളും വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. ഈ വെല്ലുവിളികള്‍ മറികടക്കാന്‍ സര്‍ക്കാര്‍ കൂടുതലായി ഇടപെടേണ്ടതുണ്ട്. 16 വയസില്‍ താഴെയുള്ളവര്‍ക്ക് സ്‌മാര്‍ട്ട് ഫോണുകള്‍ പൂര്‍ണമായും നിരോധിക്കുന്നത് പോലെയുള്ള കടുത്ത നടപടികള്‍ വേണ്ടിവന്നേക്കാം'- റോബിന്‍ വാക്കര്‍ വ്യക്തമാക്കി. 16 വയസില്‍ താഴെയുള്ളവര്‍ക്ക് മൊബൈല്‍ ഫോണ്‍ വില്‍ക്കുന്നത് വിലക്കുക, സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ ആരംഭിക്കാനുള്ള പ്രായപരിധി കൂട്ടുക, മൊബൈല്‍ മാതാപിതാക്കള്‍ നിരീക്ഷിക്കാന്‍ സംവിധാനമൊരുക്കുക തുടങ്ങിയ നടപടികളും ഇതിനൊപ്പമുണ്ടായേക്കും. 

Read more: പേടിഎമ്മില്‍ കൂട്ടപ്പിരിച്ചുവിടല്‍ വരുന്നു; ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്‌ടമാകും- റിപ്പോര്‍ട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
 

Latest Videos
Follow Us:
Download App:
  • android
  • ios