മാതാപിതാക്കൾ തങ്ങളുടെ സന്ദേശങ്ങൾ വായിക്കുമെന്ന് കുട്ടികൾ പലപ്പോഴും ഭയപ്പെടുന്നു. പക്ഷേ ഇതൊഴിവാക്കാൻ സ്‍നാപ്‍ചാറ്റ് ഒരു മധ്യമാർഗം കണ്ടെത്തി.
കുട്ടികളുടെ സുരക്ഷയ്ക്കായി പുതിയ സുരക്ഷാ ഫീച്ചറുകൾ ചേർത്ത് സ്‍നാപ്‌ചാറ്റ്. ആപ്പിന്‍റെ ഫാമിലി സെന്‍റർ ഹബ്ബിൽ ചേർത്ത ഈ പുതിയ അപ്‌ഡേറ്റ് ഉപയോഗിച്ച്, സ്‌നാപ്‌ചാറ്റില്‍ കുട്ടികൾ ആരുമായാണ് കൂടുതൽ ഇടപഴകുന്നതെന്നും ആരുമായാണ് അവർ ലൈവ് ലൊക്കേഷൻ പങ്കിടുന്നതെന്നും മാതാപിതാക്കൾക്ക് കാണാൻ കഴിയും. എങ്കിലും ആ ചാറ്റുകളുടെ ഉള്ളടക്കം പൂർണ്ണമായും സ്വകാര്യമായി തുടരും. കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനും മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള മികച്ച ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ ഫീച്ചർ രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് സ്‍നാപ്‍ചാറ്റ് പറയുന്നു.
സന്ദേശങ്ങൾ സ്വകാര്യമായി തുടരും, പക്ഷേ ഇക്കാര്യം നിരീക്ഷിക്കപ്പെടും
ഈ പുതിയ സവിശേഷതകളിൽ കുട്ടികളുടെ സ്വകാര്യത പൂർണ്ണമായി പരിഗണിച്ചിട്ടുണ്ടെന്ന് സ്‌നാപ്‌ചാറ്റ് അധികൃതര്‍ വ്യക്തമാക്കി. മാതാപിതാക്കൾ തങ്ങളുടെ സന്ദേശങ്ങൾ വായിക്കുമെന്ന് കുട്ടികൾ പലപ്പോഴും ഭയപ്പെടുന്നു. പക്ഷേ ഇതൊഴിവാക്കാൻ സ്‍നാപ്‍ചാറ്റ് ഒരു മധ്യമാർഗം കണ്ടെത്തിയിരിക്കുന്നു. അതായത് കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ കുട്ടികൾ ഏറ്റവും കൂടുതൽ സംസാരിച്ചത് ആരോടാണെന്ന് ഇപ്പോൾ മാതാപിതാക്കൾക്ക് കാണാൻ കഴിയും. കുട്ടികൾ സോഷ്യൽ മീഡിയയിൽ കൂടുതൽ ഇടപെടുന്നുണ്ടെന്ന് മനസിലാക്കാനും രക്ഷിതാക്കൾക്ക് സാധിക്കും. എന്നാൽ സന്ദേശങ്ങളുടെ ഉള്ളടക്കം ഇപ്പോഴും സ്വകാര്യമായി തുടരും. ഇത് കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുമെന്നും സംശയാസ്‍പദമായ ഏതൊരു പ്രവർത്തനവും കണ്ടെത്താൻ മാതാപിതാക്കളെ ഈ ഫീച്ചര്‍ സഹായിക്കുമെന്നും കമ്പനി വിശ്വസിക്കുന്നു.
സ്‌നാപ്‌ചാറ്റ് സുതാര്യത വർധിപ്പിച്ചു
പുതിയ അപ്‌ഡേറ്റ് സ്‍നാപ് മാപ്പിനെ കൂടുതൽ സുരക്ഷിതവും സുതാര്യവുമാക്കിയിരിക്കുന്നു. കുട്ടികൾ ഏതൊക്കെ സുഹൃത്തുക്കളുമായാണ് ലൈവ് ലൊക്കേഷൻ പങ്കിടുന്നതെന്ന് മാതാപിതാക്കൾക്ക് ഇപ്പോൾ അറിയാൻ കഴിയും. അതേസമയം മാതാപിതാക്കൾക്ക് അവരുടെ കുട്ടിയുടെ തത്സമയ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ കഴിയില്ല. എങ്കിലും എന്തെങ്കിലും അപകടമോ മറ്റോ ഉണ്ടായാൽ സ്‍നാപ്‍ചാറ്റ് ഓട്ടോമാറ്റിക്കായി മാതാപിതാക്കളെ ഇക്കാര്യം അറിയിക്കും.
ഈ അപ്‌ഡേറ്റ് ആവശ്യമായി വന്നത് എന്തുകൊണ്ട്?
ശക്തമായ സ്വകാര്യതാ ക്രമീകരണങ്ങൾ കാരണം കൗമാരക്കാർക്കിടയിൽ സ്‍നാപ്‍ചാറ്റ് വളരെ ജനപ്രിയമാണ്. എന്നാൽ ഈ സ്വകാര്യത മാതാപിതാക്കൾക്കിടയിൽ ആശങ്കയ്ക്ക് കാരണമായി. പുതിയ അപ്‌ഡേറ്റിലൂടെ, കുട്ടികളുടെ സ്വാതന്ത്ര്യത്തിനും മാതാപിതാക്കളുടെ ആശങ്കകൾക്കും ഇടയിൽ ഒരു സന്തുലിതാവസ്ഥ കൈവരിക്കാനാണ് സ്‍നാപ്‍ചാറ്റിന്‍റെ ശ്രമം. കുട്ടികളെ ചാരപ്പണി ചെയ്യുക എന്നതല്ല ഈ അപ്‌ഡേറ്റിന്‍റെ ഉദ്ദേശ്യമെന്ന് സ്‍നാപ്‍ചാറ്റ് പറയുന്നു. മാതാപിതാക്കൾക്കും കുട്ടികൾക്കും ഇടയിലുള്ള വിശ്വാസം വർധിപ്പിക്കുന്നതിനാണ് ഈ അപ്‍ഡേറ്റുകൾ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യ ഉൾപ്പെടെ ലോകമെമ്പാടും ഈ ഫീച്ചറുകൾ ലഭ്യമാണ്. സൈബർ കുറ്റകൃത്യങ്ങളുടെ വര്‍ധിച്ചുവരുന്ന കേസുകൾ കണക്കിലെടുക്കുമ്പോൾ, കുട്ടികളുടെ ഓൺലൈൻ സുരക്ഷയിലേക്കുള്ള ഒരു വലിയ ചുവടുവയ്പ്പാണ് സ്‌നാപ്‌ചാറ്റിന്‍റെ പുത്തന്‍ നടപടി.



