ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ പുതുക്കാന്‍ ആധാര്‍ സേവാകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കേണ്ട കാലം കഴിയുന്നു. ആധാര്‍ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഇനി മുതല്‍ പുത്തന്‍ ആധാര്‍ ആപ്പ് വഴി കഴിയും.
ദില്ലി: ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഇനി ആധാര്‍ സേവാ കേന്ദ്രങ്ങളില്‍ വലിയ ക്യൂ നില്‍ക്കേണ്ടതില്ല. ഒടിപിയും ഫേസ് ഓതന്‍റിക്കേഷനും വഴി വീട്ടിലിരുന്നുകൊണ്ട് ആധാര്‍ മൊബൈല്‍ നമ്പര്‍ പുതുക്കാനുള്ള ഫീച്ചര്‍ ഉടന്‍ പുത്തന്‍ ആധാര്‍ ആപ്പില്‍ യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) അവതരിപ്പിക്കും. ഈ സവിശേഷത ആധാര്‍ ആപ്പില്‍ വരുന്നതോടെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ എന്‍റോള്‍മെന്‍റ് സെന്‍റര്‍ സന്ദര്‍ശിക്കുകയോ ക്യൂവില്‍ നില്‍ക്കുകയോ വേണ്ടിവരില്ല.
ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ ഇനി എളുപ്പത്തില്‍ അപ്‌ഡേറ്റ് ചെയ്യാം
ആധാര്‍ ആപ്പ് ഉപയോഗിച്ച് ഡിജിറ്റല്‍ വെരിഫിക്കേഷന്‍ മാര്‍ഗത്തിലൂടെ ഉടന്‍ തന്നെ വീട്ടിലിരുന്ന് ആധാര്‍ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയുമെന്ന് യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെ അറിയിച്ചു. ഒടിപിയും ഫേസ് ഓതന്‍റിക്കേഷനുമായിരിക്കും ആധാര്‍ ആപ്പില്‍ വെരിഫിക്കേഷനായി സ്വീകരിക്കുക. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ അംഗീകൃത ആധാര്‍ സെന്‍ററുകള്‍ സന്ദര്‍ശിക്കണമെന്ന നിലവിലെ നിയമത്തിന്‍റെ ആയാസം ഒഴിവാക്കുന്നതായിരിക്കും പുത്തന്‍ രീതി. മുതിര്‍ന്ന പൗരന്‍മാര്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും, ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കുമെല്ലാം ആധാര്‍ സേവാ കേന്ദ്രങ്ങളിലെത്തി ആധാര്‍ മൊബൈല്‍ നമ്പറില്‍ മാറ്റം വരുത്തുന്നത് ബാലികേറാമലയായിരുന്നു ഇതുവരെ. ആധാര്‍ എന്‍റോള്‍മെന്‍റ് കേന്ദ്രങ്ങളിലാവട്ടേ വലിയ ക്യൂവും നാളിതുവരെ ദൃശ്യമായിരുന്നു. അതേസമയം, ആധാര്‍ അപ്‌ഡേറ്റുകളുടെ സങ്കീര്‍ണത കാരണം നിശ്ചിത അപ്പോയ്‌ന്‍മെന്‍റുകള്‍ മാത്രമേ ഈ ആധാര്‍ സേവാ കേന്ദ്രങ്ങളില്‍ ഓരോ ദിവസവും നല്‍കിയിരുന്നുള്ളൂ എന്നതും പൊതുജനങ്ങളെ വലച്ചിരുന്നു. എന്നാല്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ നമ്പറുകള്‍ സ്‌മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ച് ആധാര്‍ ഉടമയ്‌ക്ക് തന്നെ അപ്‌ഡേറ്റ് ചെയ്യാനുള്ള സൗകര്യം വരുന്നതോടെ ഈ പ്രയാസങ്ങള്‍ കുറയുമെന്നാണ് പ്രതീക്ഷ.
പുത്തന്‍ ആധാര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം
പുതിയ ആധാര്‍ ആപ്പില്‍ നിന്ന് നിലവിലെ മൊബൈല്‍ നമ്പറിലേക്കോ പുതിയ നമ്പറിലേക്കോ ഒടിപി അയച്ചുകൊണ്ടാണ് അപ്‌ഡേഷന്‍ പ്രക്രിയ തുടങ്ങേണ്ടത്. ആപ്പിലെ ബില്‍ട്ട്-ഇന്‍ സൗകര്യം വഴി ഫേസ് ഓതന്‍റിക്കേഷന്‍ പിന്നാലെ പൂര്‍ത്തീകരിക്കണം. കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഈ രണ്ട് പ്രക്രിയയും ആധാര്‍ ആപ്പില്‍ നടക്കുക. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ആധാര്‍ ആപ്പില്‍ യുഐഡിഎഐ ഉടന്‍ തന്നെ അവതരിപ്പിക്കും. ഇതിന് മുന്നോടിയായി, പുത്തന്‍ ആധാര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഏവരോടും ആവശ്യപ്പെട്ടു. ആധാര്‍ ആപ്പ് ഐഒഎസ്, ആന്‍ഡ്രോയ്‌ഡ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്. മൊബൈല്‍ ഫോണ്‍ വഴി നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഫേസ് ഓതന്‍റിക്കേഷന്‍ പിന്തുണയുള്ള സ്‌മാര്‍ട്ട്‌ഫോണ്‍ അനിവാര്യമാണ്.



