മൊബൈൽ കണക്ഷൻ പ്രീപെയ്‌ഡിൽ നിന്ന് പോസ്റ്റ്‌പെയ്‌ഡിലേക്കും പോസ്റ്റ്‌പെയ്‌ഡിൽ നിന്നും പ്രീപെയ്‌ഡിലേക്കും മാറ്റാനുള്ള കൂള്‍-ഓഫ് കാലയളവ് കുറച്ചു

ദില്ലി: നിങ്ങളുടെ മൊബൈൽ കണക്ഷൻ സിം പ്രീപെയ്‌ഡിൽ നിന്ന് പോസ്റ്റ്‌പെയ്‌ഡിലേക്കോ പോസ്റ്റ്‌പെയ്‌ഡിൽ നിന്നും പ്രീപെയ്‌ഡിലേക്കോ മാറ്റണോ? എങ്കിൽ, നിങ്ങൾക്ക് ഒരു സന്തോഷ വാർത്തയുണ്ട്. രാജ്യത്തെ കോടിക്കണക്കിന് മൊബൈൽ വരിക്കാരുടെ സിം കാർഡുകളുമായി ബന്ധപ്പെട്ട ഒരു പ്രധാന നിയമം ഇപ്പോൾ മാറിയിരിക്കുന്നു. പ്രീപെയ്‌ഡ്, പോസ്റ്റ്‌പെയ്‌ഡ് മൊബൈൽ കണക്ഷനുകൾക്കിടയിൽ മാറുന്ന പ്രക്രിയ ഒടിപി അടിസ്ഥാനമാക്കി ടെലികോം വകുപ്പ് (DOT) ലളിതമാക്കി.

ഇപ്പോൾ ഉപയോക്താക്കൾക്ക് 30 ദിവസത്തിന് ശേഷം പ്രീപെയ്‌ഡിൽ നിന്ന് പോസ്റ്റ്‌പെയ്‌ഡിലേക്കോ പോസ്റ്റ്‌പെയ്‌ഡില്‍ നിന്നും പ്രീപെയ്‌ഡിലേക്കോ മാറാൻ കഴിയും. മുമ്പ് ഒരാൾക്ക് അങ്ങനെ ചെയ്യാൻ 90 ദിവസം കാത്തിരിക്കേണ്ടി വന്നിരുന്നു. എന്നാൽ 2025 ജൂൺ 10-ന് പുറപ്പെടുവിച്ച പുതിയ നിർദ്ദേശം അനുസരിച്ച്, പുനഃക്രമീകരണത്തിനുള്ള നിർബന്ധിത കൂളിംഗ്-ഓഫ് കാലയളവ് ടെലികോം വകുപ്പ് കുറച്ചു. നേരത്തെ, പ്രീപെയ്‌ഡില്‍ നിന്ന് പോസ്റ്റ്പെയ്‌ഡിലേക്കോ തിരിച്ചോ മാറിയ ശേഷം, തിരികെ മാറാൻ ഉപഭോക്താക്കൾക്ക് 90 ദിവസം കാത്തിരിക്കേണ്ടിയിരുന്നു. ഇപ്പോൾ, 90 ദിവസത്തെ ഈ ലോക്ക്-ഇൻ കാലയളവ് വെറും 30 ദിവസമായി കുറച്ചിരിക്കുന്നു. സർക്കാരിന്റെ ഈ നീക്കം പ്രീപെയ്‌ഡ്, പോസ്റ്റ്‌പെയ്‌ഡ് പ്ലാനുകൾക്കിടയിൽ മാറുന്ന ദശലക്ഷക്കണക്കിന് മൊബൈൽ ഉപയോക്താക്കൾക്ക് ആശ്വാസമാകും.

മറ്റൊരു ശ്രദ്ധേയ നിര്‍ദ്ദേശവും

അതേസമയം, ടെലികോം വകുപ്പുമായി ബന്ധപ്പെട്ട് മറ്റൊരു വാര്‍ത്ത കൂടിയുണ്ട്. ഡാറ്റാ സുരക്ഷയ്ക്കായി ബിഎസ്എൻഎൽ സേവനങ്ങൾ ഉപയോഗിക്കാൻ ടെലികോം വകുപ്പ് സംസ്ഥാന സർക്കാരുകളോട് അഭ്യർഥിച്ചു. ബി‌എസ്‌എൻ‌എല്ലിനൊപ്പം മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡിന്‍റെ (എം‌ടി‌എൻ‌എൽ) ടെലികോം സേവനം ഉപയോഗിക്കാനും സംസ്ഥാന സർക്കാരുകളോട് ടെലികോം വകുപ്പ് കത്തിൽ നിർദ്ദേശിച്ചിട്ടുണ്ടെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സർക്കാർ ടെലികോം കമ്പനികളുടെ സേവനങ്ങൾ പ്രോജക്ട് അടിസ്ഥാനത്തിൽ ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ടെലികോം മേഖലയുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങള്‍ പറയുന്നു. രാജ്യത്ത് ഇത്തരമൊരു നിർദ്ദേശം നൽകുന്നത് ഇതാദ്യമാണെന്നും ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ വിശദീകരിക്കുന്നു.

ഏപ്രിലിൽ എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്ക് ഡിഒടി സെക്രട്ടറി നീരജ് മിത്തൽ എഴുതിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. കേന്ദ്ര മന്ത്രിസഭ നേരത്തെ എടുത്ത തീരുമാനം കണക്കിലെടുത്ത്, എല്ലാ സംസ്ഥാന സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ലാൻഡ്‌ലൈൻ, ബ്രോഡ്‌ബാൻഡ്, ലീസ്‌ഡ് ലൈൻ ആവശ്യങ്ങൾക്കായി ബിഎസ്എൻഎല്ലിന്‍റെയും എംടിഎൻഎല്ലിന്‍റേയും സേവനങ്ങൾ ഉപയോഗിക്കുന്നത് പരിഗണിക്കാൻ അഭ്യർഥിക്കുന്നു എന്നാണ് കത്തില്‍ ഡിഒടി സെക്രട്ടറി വിശദീകരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News