ടെലികോം വരിക്കാർക്ക് നിരാശ വാർത്ത. വിലകുറഞ്ഞ പ്രീപെയ്ഡ് പ്ലാനുകൾ നിർത്തലാക്കിയതിനെക്കുറിച്ച് പ്രതികരിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. നിലവിൽ ഈ വിഷയത്തിൽ അടിയന്തര നടപടി ആവശ്യമില്ലെന്ന് ട്രായ് വൃത്തങ്ങൾ.
ദില്ലി: ടെലികോം കമ്പനികളുടെ എൻട്രി ലെവൽ പ്രീപെയ്ഡ് പ്ലാനുകളെച്ചൊല്ലി ഉയർന്നുവന്ന വിവാദത്തിൽ നിലപാട് വ്യക്തമാക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). നിലവിൽ ഈ വിഷയത്തിൽ അടിയന്തര നടപടി ആവശ്യമില്ലെന്ന് ട്രായ് വൃത്തങ്ങൾ അറിയിച്ചു. ടെലികോം കമ്പനികളുടെ എൻട്രി ലെവൽ പ്രീപെയ്ഡ് പ്ലാനുകളെച്ചൊല്ലി ഉയർന്നുവന്ന വിവാദത്തിൽ പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയോട് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (ഡിഒടി) ആവശ്യപ്പെട്ടിരുന്നു. ഏറ്റവും താങ്ങാനാവുന്ന വിലയിൽ 1 ജിബി എൻട്രി ലെവൽ പ്രീപെയ്ഡ് പ്ലാനുകൾ പിൻവലിച്ചതിനെ തുടർന്നായിരുന്നു നിർദ്ദേശം. തുടർന്ന് കമ്പനികളിൽ നിന്നും ലഭിച്ച മറുപടികൾ പരിശോധിച്ച ശേഷമാണ് ട്രായ് നിലപാട് വ്യക്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
എന്താകും സാധാരണക്കാരായ ടെലികോം വരിക്കാരുടെ ഭാവി?
ഓഗസ്റ്റ് മധ്യത്തോടെയാണ് ജിയോയും എയർടെല്ലും തങ്ങളുടെ പ്രതിദിനം 1 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന 249 രൂപ പ്രീപെയ്ഡ് പ്ലാനുകൾ നിർത്തലാക്കിയത്. ജിയോയുടെ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റി ഉണ്ടായിരുന്നു. അതേസമയം എയർടെൽ പ്ലാനിന് 24 ദിവസത്തെ വാലിഡിറ്റി ആയിരുന്നു ഉണ്ടായിരുന്നത്. ജിയോ ആദ്യം ഈ പ്ലാൻ അതിന്റെ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്തു. ഇതിന് ദിവസങ്ങൾക്കകം എയർടെല്ലും പ്ലാൻ പിൻവലിച്ചു. 249 രൂപയുടെ എൻട്രി ലെവൽ പ്ലാൻ പിൻവലിച്ചതിനെക്കുറിച്ച് ട്രായ് റിലയൻസ് ജിയോയിൽ നിന്നും ഭാരതി എയർടെല്ലിൽ നിന്നും വിശദീകരണം തേടി. രണ്ട് കമ്പനികളും അവരുടെ മറുപടികൾ സമർപ്പിച്ചു. ട്രായ്ക്ക് നൽകിയ മറുപടിയിൽ, ജിയോ സ്റ്റോറുകൾ വഴി പ്ലാൻ ഓഫ്‌ലൈനിൽ ഇപ്പോഴും ലഭ്യമാകുമെന്ന് ജിയോ പറഞ്ഞതായിട്ടാണ് റിപ്പോർട്ടുകൾ. അതേസമയം ആന്തരിക വിലയിരുത്തലുകളും ഉപഭോക്തൃ ഉപയോഗ വിശകലനവുമാണ് തീരുമാനത്തിന് കാരണമെന്നാണ് എയർടെൽ പറയുന്നത്.
5ജി വിന്യാസ ചെലവുകൾ വർധിക്കുന്നതിനിടയിൽ, ശരാശരി ഉപയോക്തൃ വരുമാനം (ARPU) കൂട്ടുന്നതിനുള്ള ഓപ്പറേറ്റർമാരുടെ വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് ഈ പിൻവലിക്കലുകൾ എന്ന് വ്യവസായ വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു. ജിയോയുടെ ശരാശരി ഉപയോക്തൃ വരുമാനം ഏകദേശം ആറ് മുതൽ ഏഴ് ശതമാനം വരെ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉയർന്ന വിലയുള്ള പായ്ക്കുകളിലേക്ക് ഉപഭോക്താക്കൾ മാറുന്നതോടെ എയർടെല്ലിന്റെ ARPU ഏകദേശം നാല് മുതൽ 4.5 ശതമാനം വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഉപഭോക്തൃ താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്ന നിയമപരമായ ഉത്തരവാദിത്തം ട്രായ് ഊന്നിപ്പറഞ്ഞതായും വരിക്കാരുടെ മൈഗ്രേഷൻ, ഓഫ്‌ലൈൻ ലഭ്യതാ ക്ലെയിമുകൾ, പുതുക്കിയ വില പോയിന്റുകൾക്ക് പിന്നിലെ യുക്തി എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ തേടിയതായും റിപ്പോർട്ട് ഉണ്ട്. എങ്കിലും, പ്രാഥമിക പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ, പരിഹാര നടപടികളുടെ അടിയന്തര ആവശ്യമില്ല എന്നും പക്ഷേ ട്രായ് സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരും എന്നുമാണ് റിപ്പോർട്ടുകൾ.



