വ്യാപാര രഹസ്യ ദുരുപയോഗ കേസിൽ ടിസിഎസിന് തിരിച്ചടി, 1700 കോടിയിലധികം രൂപ നഷ്‍ടപരിഹാരം നൽകണമെന്ന വിധി ശരിവെച്ച് അമേരിക്കന്‍ ആപ്പില്‍ കോടതി. ഡിഎക്‌സ്‌സി ടെക്നോളജി ആണ് ടിസിഎസിനെതിരെ കേസ് ഫയല്‍ ചെയ്‌തത്.
മുംബൈ: വ്യാപാര രഹസ്യങ്ങൾ ദുരുപയോഗം ചെയ്‌തതുമായി ബന്ധപ്പെട്ട യുഎസ് കേസിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഫർമേഷൻ-ടെക്നോളജി സേവനദാതാവായ ടാറ്റ കൺസൾട്ടൻസി സർവീസസിന് (ടിസിഎസ്) തിരിച്ചടി. ഡിഎക്‌സ്‌സി ടെക്നോളജി കമ്പനിയുമായി (കമ്പ്യൂട്ടർ സയൻസസ് കോർപ്പറേഷൻ ) ബന്ധപ്പെട്ട കേസിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് അപ്പീൽ കോടതി ടിസിഎസിന് പ്രതികൂല വിധി ശരിവെക്കുകയായിരുന്നു. ഇതോടെ ഈ കേസിൽ ടിസിഎസ് ഏകദേശം 194 മില്യൺ ഡോളർ (17,31,10,46,800 കോടി രൂപ) നഷ്‍ടപരിഹാരം നൽകേണ്ടിവരും.
കേസില്‍ ടിസിഎസിന് തിരിച്ചടി
വ്യാപാര രഹസ്യങ്ങൾ ദുരുപയോഗം ചെയ്‌തതിന് കഴിഞ്ഞ വർഷം ഒരു യുഎസ് ജില്ലാ കോടതി ടിസിഎസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കമ്പനി 194 മില്യൺ ഡോളർ നഷ്‍ടപരിഹാരം നൽകാനും ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ടിസിഎസ് അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ യുണൈറ്റഡ് സ്റ്റേറ്റ്സ് കോർട്ട് ഓഫ് അപ്പീൽസ് ഈ വിഷയത്തിൽ പ്രതികൂല വിധി പുറപ്പെടുവിച്ചെന്നും ജില്ലാ കോടതിയുടെ നഷ്‍ടപരിഹാര വിധി ശരിവച്ചിട്ടുണ്ടെന്നും ടിസിഎസ് ഒരു റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
ട്രാൻസ്അമേരിക്കയുടെ അനുബന്ധ സ്ഥാപനത്തിന് ലൈസൻസ് നൽകിയ ശേഷം തങ്ങളുടെ സോഫ്റ്റ്‌വെയർ ദുരുപയോഗം ചെയ്‌തു എന്നാരോപിച്ച് ഡിഎക്‌സ്‌സി ടെക്നോളജി അഥവാ കമ്പ്യൂട്ടർ സയൻസസ് കോർപ്പറേഷൻ 2019ൽ ആണ് കേസ് ഫയൽ ചെയ്തത്. ട്രാൻസ്അമേരിക്കയിലെ ജീവനക്കാർക്ക് അനുവദിച്ച സോഫ്റ്റ്‌വെയർ ആക്‌സസ് ടിസിഎസ് ചൂഷണം ചെയ്‌തതായി കേസ് ആരോപിച്ചു. രണ്ട് ബില്യൺ ഡോളറിന്‍റെ കരാറിന്‍റെ ഭാഗമായി ടിസിഎസിലേക്ക് മാറിയ ട്രാൻസ്‌അമേരിക്ക തൊഴിലാളികൾ സോഫ്റ്റ്‌വെയർ ആക്‌സസ് ദുരുപയോഗം ചെയ്തുവെന്നും കേസിൽ ഡിഎക്‌സ്‌സി ടെക്നോളജി ആരോപിച്ചു. സിഎസ്‌സിയുമായി മത്സരിക്കുന്ന ഒരു ഇൻഷുറൻസ് പ്ലാറ്റ്‌ഫോം നിർമ്മിക്കാൻ ഇത് ടിസിഎസിനെ അനുവദിച്ചുവെന്നും കേസിൽ പറയുന്നു.
കൂടുതല്‍ അപ്പീലുകള്‍ക്ക് ടിസിഎസ് ശ്രമം
അതേസമയം, ഈ പുതിയ കോടതി ഉത്തരവുമായി ബന്ധപ്പെട്ട് വിവിധ ഓപ്ഷനുകൾ പരിഗണിക്കുന്നുണ്ടെന്ന് ടിസിഎസ് അറിയിച്ചു. പുനഃപരിശോധനയ്ക്ക് അപേക്ഷിക്കുന്നതും ഉചിതമായ കോടതിയിൽ അപ്പീൽ നൽകുന്നതും ഇതിൽ ഉൾപ്പെടുന്നു. തങ്ങളുടെ വാദം ശക്തമായി അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നതായും ടിസിഎസ് കമ്പനി പറയുന്നു.



