അപ്‌ലോഡ് ചെയ്ത ഫയലുകൾ "മെഷീൻ ലേണിംഗ് മോഡലുകൾ മെച്ചപ്പെടുത്താൻ" ഉപയോഗിച്ചേക്കാമെന്ന നിബന്ധന മാറ്റാന്‍ നിര്‍ബന്ധിതമായി വീട്രാന്‍സ്‌ഫര്‍
ലണ്ടന്‍: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) മോഡലുകളെ പരിശീലിപ്പിക്കാൻ ഉപയോക്താക്കൾ അപ്‌ലോഡ് ചെയ്ത ഫയലുകൾ ഉപയോഗിക്കില്ലെന്ന് ജനപ്രിയ ഫയൽ ഷെയറിംഗ് സേവനമായ വീട്രാൻസ്‍ഫറിന്‍റെ വിശദീകരണം. അടുത്തിടെ കമ്പനിയുടെ സേവന നിബന്ധനകളിൽ വീട്രാന്‍സ്‌ഫര്‍ വരുത്തിയ മാറ്റങ്ങളെ ഉപയോക്താക്കൾ ശക്തമായി വിമർശിച്ചിരുന്നു. ഇതിനെത്തുടർന്നാണ് വീട്രാന്‍സ്‌ഫറിന്‍റെ പുതിയ വിശദീകരണം.
ഈ മാസം ആദ്യമാണ് വീട്രാൻസ്‍ഫർ സേവന നിബന്ധനകൾ അപ്‌ഡേറ്റ് ചെയ്തത്. അപ്‌ലോഡ് ചെയ്ത ഫയലുകൾ "മെഷീൻ ലേണിംഗ് മോഡലുകൾ മെച്ചപ്പെടുത്താൻ" ഉപയോഗിക്കാമെന്ന് ഇതില്‍ പറഞ്ഞിരുന്നു. ഈ അപ്‌ഡേറ്റ് ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പത്തിനും കടുത്ത പ്രതിഷേധത്തിനും ഇടയാക്കി. എന്നാല്‍ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) മോഡലുകളെ പരിശീലിപ്പിക്കുന്നതിന് ഉപയോക്തൃ-അപ്‌ലോഡ് ഉള്ളടക്കം ഉപയോഗിക്കില്ലെന്ന് വീട്രാന്‍സ്‌ഫര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. വീട്രാൻസ്‍ഫർ വഴി പങ്കിടുന്ന ഉള്ളടക്കങ്ങള്‍ പ്രോസസ്സ് ചെയ്യുന്നതിന് മെഷീൻ ലേണിംഗ് അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ടൂളുകള്‍ ഉപയോഗിക്കുന്നില്ലെന്നും, മൂന്നാം കക്ഷികൾക്ക് ഉള്ളടക്കമോ ഡാറ്റയോ വിൽക്കുന്നില്ല എന്നും ബിബിസി ന്യൂസിന് നൽകിയ പ്രസ്താവനയിൽ വീട്രാൻസ്‍ഫർ വക്താവ് പറഞ്ഞു. ഓഗസ്റ്റ് 8 മുതൽ നിലവിലുള്ള ഉപയോക്താക്കൾക്ക് പുതുക്കിയ നിബന്ധനകൾ പ്രാബല്യത്തിൽ വരും.
അതേസമയം, ഉപഭോക്തൃ ഡാറ്റകൾ ആക്സസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ വിവാദമാകുന്നത് ഇതാദ്യമല്ല. രണ്ടുവർഷങ്ങൾക്ക് മുമ്പ് നടന്ന സമാനമായ ഒരു സാഹചര്യമാണ് വീട്രാൻസ്‍ഫർ ഉൾപ്പെട്ട ഇപ്പോഴത്തെ സംഭവത്തിലും പ്രതിഫലിക്കുന്നത്. ഡ്രോപ്പ്‌ബോക്‌സ്, അഡോബ് പോലുള്ള കമ്പനികൾക്ക് യഥാക്രമം 2023 ലും 2024 ലും ഉപയോക്തൃ ഉള്ളടക്കം ആക്‌സസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആശങ്കകളിൽ ഉപഭോക്താക്കളില്‍ ഇത്തരത്തിൽ വ്യക്തതകൾ നൽകേണ്ടിവന്നിരുന്നു. എഐ മോഡലുകളെ പരിശീലിപ്പിക്കാന്‍ അനുമതിയില്ലാതെ ഉപഭോക്തൃ ഡാറ്റ ഉപയോഗിക്കുന്നതായുള്ള സംശയം ആഗോള വ്യാപകമായുണ്ട്.


