ട്രംപിന് വേണ്ടപ്പെട്ടവരോ, ട്രംപിനെ വേണ്ടവരോ...സത്യപ്രതിജ്ഞ ചടങ്ങില്‍ ടെക് സിഇഒമാരുടെ നിര. ചടങ്ങില്‍ ശതകോടീശ്വരന്‍മാര്‍ക്ക് മുന്‍നിര സീറ്റുകള്‍ നല്‍കിയതില്‍ വിമര്‍ശനവും ശക്തം 

വാഷിംഗ്‌ടണ്‍: അമേരിക്കയുടെ നാല്‍പത്തിയേഴാം പ്രസിഡന്‍റായി ഡോണൾഡ്‌ ട്രംപ് അധികാരമേല്‍ക്കുന്നതിന് നേരിട്ട് സാക്ഷികളായി ലോകത്തെ പ്രമുഖ ടെക് സിഇഒമാരുടെ നിര. വാഷിംഗ്‌ടണ്‍ ഡിസിയിലെ ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക്, ആമസോണ്‍ സിഇഒ ജെഫ് ബെസോസ്, മെറ്റ സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ്, ആപ്പിള്‍ സിഇഒ ടിം കുക്ക്, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു. ടെക് ഭീമന്‍മാര്‍ക്കെല്ലാം മുന്‍നിരയില്‍ കസേരകള്‍ ലഭിച്ചു എന്നതും ശ്രദ്ധേയമായി. 

ട്രംപ് അധികാരമേല്‍ക്കുന്നതിന് തൊട്ടുമുമ്പ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയും ടെസ്‌ല തലവന്‍ ഇലോണ്‍ മസ്‌കും തമ്മില്‍ സൗഹൃദ സംഭാഷണം നടത്തുന്നതും കാണാനായി. ചെറു പുഞ്ചിരിയോടെയായിരുന്നു ഇരുവരുടെയും സംസാരം. ഈ ദൃശ്യങ്ങള്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള എക്‌സില്‍ (പഴയ ട്വിറ്റര്‍) വൈറലാവുകയും ചെയ്തു. ടു ടെക് ബ്രോസ് എന്ന തലക്കെട്ടിലാണ് വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടത്. അതേസമയം ട്രംപിന്‍റെ സ്ഥാനാരോഹണ വേളയിൽ വ്യവസായ പ്രമുഖര്‍ക്ക് അമിത പ്രാധാന്യം ലഭിച്ചു എന്ന വിമര്‍ശനവും ഇതിനകം ഉയര്‍ന്നു. ട്രംപിന്‍റെ കാബിനറ്റ് അംഗങ്ങളേക്കാള്‍ പ്രാധാന്യം ശതകോടീശ്വരന്‍മാര്‍ക്ക് ലഭിച്ചു എന്നാണ് വിമര്‍ശനം. 

Scroll to load tweet…

1861-ല്‍ എബ്രഹാം ലിങ്കണ്‍ ഉപയോഗിച്ച ബൈബിളും 1955-ല്‍ സ്വന്തം അമ്മ നല്‍കിയ ബൈബിളും തൊട്ടായിരുന്നു ഡോണൾഡ്‌ ട്രംപിന്‍റെ സത്യപ്രതിജ്ഞ. വൈസ് പ്രസിഡന്‍റായ ജെഡി വാൻസായിരുന്നു ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ട്രംപിന്‍റെ ഭാര്യ മെലാനിയയും വൈസ് പ്രസിഡന്‍റ് വാൻസിന്‍റെ ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ ചിലുകുറിയും വേദിയിലുണ്ടായിരുന്നു. മുന്‍ യുഎസ് പ്രസിഡന്‍റുമാരായ ബില്‍ ക്ലിന്‍റണ്‍, ജോര്‍ജ് ബുഷ്, ബരാക്ക് ഒബാമ എന്നിവര്‍ ചടങ്ങിന് നേരിട്ട് സാക്ഷികളായി. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇന്ത്യയെ ഔദ്യോഗികമായി പ്രതിനിധീകരിച്ചു. 2016 മുതൽ 2020 വരെ യുഎസ് പ്രസിഡന്‍റായിരുന്ന ഡോണൾഡ്‌ ട്രംപ് ഇപ്പോൾ എഴുപത്തിയെട്ടാം വയസിലാണ് വൈറ്റ് ഹൗസിലേക്ക് തിരികെ എത്തുന്നത്. 

Read more: മെക്സിക്കോ അതിര്‍ത്തിയിൽ അടിയന്തിരാവസ്ഥ, അമേരിക്കയിൽ ഇനി സ്ത്രീയും പുരുഷനും മാത്രം; ട്രംപ് പ്രഖ്യാപനങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം