വയനാട് ജില്ലയിലും മലപ്പുറത്തെ നിലമ്പൂര്‍ താലൂക്കിലുമാണ് ബിഎസ്എന്‍എല്‍ സൗജന്യ സേവനം പ്രഖ്യാപിച്ചിരിക്കുന്നത്

മുണ്ടക്കൈ: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിലെ മേപ്പാടിക്കടുത്ത മുണ്ടക്കൈക്ക് കൂടുതല്‍ ആശ്വാസവുമായി പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. രക്ഷാപ്രവര്‍ത്തനത്തിന് സഹായകമാകുന്ന രീതിയില്‍ സൗജന്യ കോളും ഡാറ്റയും മെസേജ് സൗകര്യവും ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 

വയനാട് ജില്ലയിലും മലപ്പുറത്തെ നിലമ്പൂര്‍ താലൂക്കിലുമാണ് ബിഎസ്എന്‍എല്‍ സൗജന്യ സേവനം പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ദിവസത്തേക്ക് സൗജന്യ കോളും ഡാറ്റയും ദിവസവും 100 എസ്എംഎസ് വീതവും വയനാട് ജില്ലയിലെയും നിലമ്പൂര്‍ താലൂക്കിലെയും എല്ലാ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കും ലഭിക്കും. ഇന്നലെയാണ് ബിഎസ്എന്‍എല്‍ സഹായം പ്രഖ്യാപിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് സഹായകമാകുന്ന തരത്തിലും ദുരിതബാധിതര്‍ക്ക് പിന്തുണ നല്‍കുന്നതിന്‍റെയും ഭാഗമായാണ് ഈ പ്രഖ്യാപനങ്ങളെന്ന് ബിഎസ്എന്‍എല്‍ കേരള ട്വീറ്റ് ചെയ്തു. മുണ്ടക്കൈയിലെ രക്ഷാപ്രവര്‍ത്തനത്തിനൊപ്പം ബിഎസ്എന്‍എല്ലും ചേരുകയാണ് എന്ന് കമ്പനി വ്യക്തമാക്കി. 

Scroll to load tweet…

നേരത്തെയും ഉരുള്‍പൊട്ടല്‍ പ്രദേശത്ത് ബിഎസ്എന്‍എല്‍ സേവനങ്ങള്‍ വര്‍ധിപ്പിച്ചിരുന്നു. മുണ്ടക്കൈക്ക് അടുത്ത ചൂരല്‍മലയിലുള്ള ഏക മൊബൈല്‍ ടവറായ ബിഎസ്എന്‍എല്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ മൊബൈല്‍ സിഗ്നല്‍, ഇന്‍റര്‍നെറ്റ്, ടോള്‍-ഫ്രീ സൗകര്യങ്ങള്‍ എന്നിവ യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറാക്കിയിരുന്നു. ബിഎസ്എന്‍എല്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ചൂരല്‍മലയിലും മേപ്പാടിയിലും 4ജി സേവനം ലഭ്യമാക്കിയതാണ് ഇതില്‍ ശ്രദ്ധേയം. രക്ഷാപ്രവര്‍ത്തനം ഈര്‍ജിതമാക്കാന്‍ അതിവേഗ ഇന്‍റർനെറ്റും ടോള്‍-ഫ്രീ നമ്പറുകളും ഒരുക്കിയതും ഇതില്‍ ഉള്‍പ്പെടും.

Read more: ചൂരല്‍മലയിലും മേപ്പാടിയിലും മണിക്കൂറുകള്‍ക്കകം 4ജി എത്തി; രക്ഷാപ്രവര്‍ത്തനത്തിന് വേഗം പകര്‍ന്ന് ബിഎസ്എന്‍എല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം