കനത്ത മഴയെ അവഗണിച്ച് മൊബൈല്‍ ടവറിന് മുകളില്‍ കയറി അറ്റകുറ്റപ്പണികള്‍ നടത്തുന്ന തൊഴിലാളികളുടെ ദൃശ്യങ്ങള്‍ ടെലികോം മന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പങ്കുവെച്ചു

മുണ്ടക്കൈ: വയനാട്ടിലെ മേപ്പാടിക്കടുത്ത മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് പിന്നാലെ സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനത്തിനാണ് കേരളം സാക്ഷ്യംവഹിക്കുന്നത്. മുണ്ടക്കൈ രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗവും എന്നാല്‍ അധികമാരും ശ്രദ്ധിക്കപ്പെടാത്തതുമായ ആളുകള്‍ ടെലികോം കമ്പനികളുടെ ജീവനക്കാരാണ്. വൈദ്യുതി മുടങ്ങിയ പ്രദേശത്ത് മൊബൈല്‍ ടവറുകളുടെ പ്രവര്‍ത്തനം സുഗമമായി ഉറപ്പിക്കാന്‍ ബിഎസ്എന്‍എല്ലും സ്വകാര്യ കമ്പനികളും കഠിനപ്രയത്നമാണ് നടത്തിയത്. കനത്ത മഴയെ അവഗണിച്ച് മൊബൈല്‍ ടവറിന് മുകളില്‍ കയറി അറ്റകുറ്റപ്പണികള്‍ നടത്തുന്ന തൊഴിലാളികളുടെ ദൃശ്യങ്ങള്‍ ടെലികോം മന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പങ്കുവെച്ചു.

Scroll to load tweet…

രക്ഷാപ്രവര്‍ത്തനം സുഗമമായി നടക്കാന്‍ മേപ്പാടി, ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്ത് മൊബൈല്‍ നെറ്റ്‌വര്‍ക്കും ജില്ലയിലെ കണ്‍ട്രോള്‍ റൂമുകളിലടക്കം അതിവേഗ ഇന്‍റര്‍നെറ്റും അനിവാര്യമായിരുന്നു. ചൂരല്‍മല പ്രദേശത്തെ ഏക മൊബൈല്‍ ടവറായ ബിഎസ്എന്‍എല്‍ ജനറേറ്റര്‍ സൗകര്യം ഉറപ്പാക്കുകയാണ് ആദ്യം ചെയ്‌തത്. മുടങ്ങാതെ നെറ്റ്‌വര്‍ക്ക് ലഭ്യമാക്കിയതിനൊപ്പം പ്രദേശത്ത് 4ജി മണിക്കൂറുകള്‍ക്കുള്ളില്‍ സജ്ജമാക്കാനും ബിഎസ്എന്‍എല്ലിന് സാധിച്ചിരുന്നു. കണ്‍ട്രോള്‍ റൂമുകളിലേക്ക് അതിവേഗ ഇന്‍റര്‍നെറ്റും ബിഎസ്എന്‍എല്‍ നല്‍കി. 

Scroll to load tweet…

സൗജന്യ കോളും ഡാറ്റയും

സമാനമായി റിലയന്‍സ് ജിയോ ഉള്‍പ്പെടെയുള്ള സ്വകാര്യ ടെലികോം കമ്പനികളും മുണ്ടക്കൈ രക്ഷാദൗത്യത്തിന് കമ്മ്യൂണിക്കേഷന്‍ സൗകര്യങ്ങള്‍ അതിവേഗമൊരുക്കി. പ്രദേശത്ത് രണ്ടാമതൊരു ടവര്‍ തന്നെ ജിയോ സ്ഥാപിച്ചു. പ്രദേശത്തെ എല്ലാ ടെലികോം സേവനദാതാക്കളും 4ജി, 5ജി നെറ്റ്‌വര്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും നെറ്റ്‌വര്‍ക്ക് കൃത്യമായി നിരീക്ഷിക്കുന്നതായും ടെലികോം മന്ത്രാലയം അറിയിച്ചു. ദുര്‍ഘടമായ പാതയിലൂടെ സാധനങ്ങള്‍ ചുമന്ന് എത്തിച്ചായിരുന്നു ജിയോയുടെ തൊഴിലാളികള്‍ സേവനമൊരുക്കിയത്. ഇതിന് പുറമെ വയനാട് ജില്ലയിലും മലപ്പുറത്തെ നിലമ്പൂര്‍ താലൂക്കിലും സൗജന്യ കോളും ഡാറ്റയും വിവിധ ടെലികോം സേവനദാതാക്കള്‍ ഒരുക്കിയിട്ടുണ്ട്. മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ രക്ഷാപ്രവര്‍ത്തനത്തിന് ഇവ ഊര്‍ജം പകരം എന്നാണ് ടെലികോം കമ്പനികള്‍ പ്രതീക്ഷിക്കുന്നത്. 

Scroll to load tweet…

Read more: സൗജന്യ കോളും ഇന്‍റര്‍നെറ്റും എസ്എംഎസും പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍; വയനാട്ടിലെ അണ്‍സങ് ഹീറോസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം