കനത്ത പ്രഹരശേഷിയുള്ള 'സോങ്കര്‍' ഡ്രോണുകള്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ കരുത്തിന് മുന്നിൽ ചിന്നിച്ചിതറി, മറ നീക്കിയത് പാക്ക്-തുർക്കി ആയുധ ബന്ധം

ദില്ലി: കഴിഞ്ഞ ദിവസം ജമ്മു കശ്‌മീര്‍ അടക്കമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കെതിരെ പാകിസ്ഥാന്‍ സൈന്യം നടത്തിയ ആക്രമണ ശ്രമത്തില്‍ ഇന്ത്യ തരിപ്പിണമാക്കിയവയില്‍ തുര്‍ക്കി നിര്‍മ്മിത ഡ്രോണുകളും എന്ന് പ്രാഥമിക പരിശോധനാ ഫലം. തുര്‍ക്കി സായുധ സേനയ്ക്കായി അസിസ്‌ഗാര്‍ഡ് എന്ന പ്രതിരോധ കമ്പനി വികസിപ്പിച്ചെടുത്ത ആളില്ലാ യുദ്ധ വിമാനമായ സോങ്കര്‍ ആണ് പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ പ്രയോഗിച്ചത്. ഇന്ത്യ വെടിവെച്ചിട്ട പാക് ഡ്രോണുകളുടെ അവശിഷ്ടങ്ങളില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയിലാണ് ആളില്ലാ യുദ്ധ വിമാനങ്ങളുടെ തുര്‍ക്കി ബന്ധം മറനീക്കി പുറത്തുവന്നത്. 

മെയ് എട്ടിനാണ് പാകിസ്ഥാന്‍ സൈന്യം അതിര്‍ത്തി ഭേദിച്ച് ഇന്ത്യന്‍ പ്രദേശങ്ങള്‍ക്ക് നേരെ ഡ്രോണുകളും മിസൈലുകളും അയച്ചത്. നാല് വ്യോമ താവളങ്ങളടക്കം ഇന്ത്യയുടെ സുപ്രധാനമായ 36 കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു പാക് പ്രകോപനം എന്നും, എല്ലാ ശ്രമങ്ങളും പരാജയപ്പെടുത്തിയെന്നും ഇന്ന് പ്രതിരോധ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. വിക്രം മിസ്രിക്കൊപ്പം കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വൈമിക സിംഗുമുണ്ടായിരുന്നു. ആകെ നാനൂറോളം ഡ്രോണുകളാണ് പാകിസ്ഥാൻ ഇന്ത്യക്ക് നേരെ ഉപയോഗിച്ചതെന്നെന്നും, ഇവയില്‍ കനത്ത പ്രഹരശേഷിയുള്ള തുർക്കി ഡ്രോണുകളുമുണ്ടായിരുന്നു എന്നും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ പാക് പ്രകോപനത്തിന്‍റെയെല്ലാം മുന ഇന്ത്യന്‍ സൈന്യം തത്സമയം വിജയകരമായി അടിച്ചൊതുക്കി. 

ചില്ലറക്കാരല്ല, പക്ഷേ ഇന്ത്യക്ക് മുന്നില്‍ മുട്ടുകുത്തി സോങ്കര്‍ ഡ്രോണുകള്‍ 

തുര്‍ക്കി സായുധ സേനയ്ക്കായി അസിസ്‌ഗാര്‍ഡ് എന്ന പ്രതിരോധ കമ്പനി വികസിപ്പിച്ചെടുത്ത ആളില്ലാ യുദ്ധ വിമാനമാണ് സോങ്കര്‍ ഡ്രോണുകള്‍. 2019ല്‍ ഇന്‍റര്‍നാഷണല്‍ ഡിഫന്‍സ് ഇന്‍ഡസ്ട്രി ഫെയറിലാണ് ഇവ ആദ്യമായി അവതരിപ്പിച്ചത്. 
തുര്‍ക്കി സായുധ സേന 2020 മുതല്‍ ഉപയോഗിക്കുന്ന സോങ്കര്‍, അവരുടെ ആദ്യ ആംഡ് ഡ്രോണ്‍ സംവിധാനം കൂടിയാണ്. ആഭ്യന്തര ആവശ്യത്തിന് പുറമെ യുദ്ധ മേഖലകളിലും തുര്‍ക്കിയുടെ സോങ്കര്‍ ഡ്രോണുകള്‍ ഉപയോഗിച്ചുവരുന്നു. വളരെ കോംപാക്റ്റായ ഡിസൈനും ടാക്റ്റിക്കല്‍ ഫ്ലെക്‌സിബിളിറ്റിയും പ്രധാന സവിശേഷതകളായി കണക്കാക്കപ്പെടുന്ന ഈ കരുത്തുറ്റ ഡ്രോണുകളാണ് ഇന്ത്യന്‍ സൈന്യം ചെറുത്ത് തോല്‍പ്പിച്ചത്. ഓട്ടോമാറ്റിക് മെഷീന്‍ ഗണ്‍ സഹിതമുള്ള ഓട്ടോമാറ്റിക് ഫയറിംഗ് സംവിധാനമാണ് ഓരോ സോങ്കര്‍ ഡ്രോണ്‍ യൂണിറ്റും. നാറ്റോ നിലവാരത്തിലുള്ള 200 5.56×45mm റൗണ്ടുകള്‍ വഹിക്കാനുള്ള ശേഷി ഇതിനുണ്ട്. ഗ്രനേഡ് ലോഞ്ചറുകളുള്ള നവീന സോങ്കറുകളും ഇപ്പോഴുണ്ട്. 2800 മീറ്റര്‍ വരെ ഉയരത്തില്‍ പറക്കാന്‍ കഴിയുന്ന ഈ ആളില്ലാ യുദ്ധ വിമാനങ്ങള്‍ക്ക് ഏകദേശം 10 കിലേമീറ്ററാണ് ഓപ്പറേഷണല്‍ റേഞ്ച്. 

ഗ്രൗണ്ട് കണ്‍ട്രോള്‍ റൂമുമായി തത്സമയം ബന്ധിപ്പിച്ചിട്ടുള്ള വീഡിയോ ട്രാന്‍സ്‌മിഷന്‍ മൊഡ്യൂള്‍ സംവിധാനമുള്ള ഈ ഡ്രോണുകള്‍ ജിപിഎസ് വഴി ഓട്ടോമാറ്റിക്കായും മാനുവലായും നിയന്ത്രിക്കാനാകും. ഡേലൈറ്റ്, ഇന്‍ഫ്രാറെഡ് ക്യാമറകളാണ് ഇതിന് കരുത്ത്. ആശയവിനിമയം നഷ്ടപ്പെടുകയോ ബാറ്ററി തകരാറിലാകുകയോ ചെയ്താൽ വിക്ഷേപിച്ച ഇടത്തേക്ക് തന്നെ മടങ്ങാനും സാങ്കേതികത്തികവുള്ള സോങ്കര്‍ ഡ്രോണുകളാണ് ഇന്ത്യന്‍ സൈനിക കരുത്തിന് മുന്നില്‍ നിഷ്‌പ്രഭമായത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം