ഇന്ത്യൻ സൈന്യം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വജ്രായുധമാണ് പിനാക മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചര്‍.

ദില്ലി: പഹൽ​ഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ കനത്ത തിരിച്ചടി നൽകിയിരിക്കുകയാണ് ഇന്ത്യ. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും 9 ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചു. ഇതോടെ പാകിസ്ഥാൻ ഇന്ത്യയ്ക്ക് എതിരെ രൂക്ഷമായ ആക്രമണമാണ് കഴിഞ്ഞ ദിവസം അഴിച്ചുവിട്ടത്. ഡ്രോണുകളും മിസൈലുകളും ഉപയോ​ഗിച്ച് നടത്തിയ ആക്രമണത്തെ ഇന്ത്യ ഫലപ്രദമായി പ്രതിരോധിച്ചു. 36 പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് 400ഓളം ഡ്രോണുകളാണ് പാകിസ്ഥാൻ ഇന്ത്യയിലേയ്ക്ക് അയച്ചത്.

ജമ്മുവിലെ സത്വാരി, സാംബ, ആർഎസ് പുര, അർനിയ എന്നിവിടങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാനിൽ നിന്നുള്ള മിസൈലുകൾ എത്തിയതായും ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ അവയെ പൂര്‍ണമായി തടഞ്ഞതായും സൈനിക വൃത്തങ്ങൾ അറിയിച്ചു. ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിർത്തിയിൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പാകിസ്ഥാൻ ജമ്മു, പത്താൻകോട്ട്, ഉധംപൂർ എന്നിവിടങ്ങളിലെ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്തിയിരുന്നു. ഇപ്പോൾ ഇതാ, പാകിസ്ഥാൻ ആക്രമണം കടുപ്പിച്ചതോടെ ഇന്ത്യയുടെ വജ്രായുധങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഉയർന്നുവരികയാണ്. 

ഇന്ത്യൻ സൈന്യം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പിനാക സിസ്റ്റത്തിന്റെ ഒരു ലൈവ് ഫയറിംഗ് ഡ്രിൽ രാജസ്ഥാനിലെ പൊഖ്‌റാൻ ഫീൽഡ് ഫയറിംഗ് റേഞ്ചിൽ അടുത്തിടെ നടത്തിയെന്നത് ശ്രദ്ധേയമാണ്. മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചറാണ് പിനാക. ഓപ്പറേഷൻ സിന്ദൂറിന് മുമ്പ് പാകിസ്ഥാനെതിരായ ഇന്ത്യയുടെ തയ്യാറെടുപ്പിന്റെ സൂചനയായാണ് പിനാകയുടെ ഈ പരീക്ഷണം കണക്കാക്കപ്പെടുന്നത്. ഒരേ സമയം നിരവധി റോക്കറ്റുകൾ വിക്ഷേപിക്കാൻ കഴിയും എന്നാണ് മൾട്ടി-ബാരൽ സിസ്റ്റം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. പുരാണത്തിൽ ശിവന്റെ വില്ലിന്റെ പേരാണ് പിനാക.

ഇന്ത്യയുടെ പീരങ്കി ശക്തിയുടെ ഒരു പ്രധാന ഘടകമാണ് പിനാക മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചര്‍. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണ് ഇത് രൂപകൽപ്പന ചെയ്തത്. കൂടാതെ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ്, ലാർസൻ & ട്യൂബ്രോ തുടങ്ങിയ ഇന്ത്യൻ പ്രതിരോധ കമ്പനികളാണ് പിനാക നിർമ്മിച്ചത്. പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. വെറും 44 സെക്കന്റിൽ 72 മിസൈലുകൾ തൊടുക്കാൻ പിനാകയ്ക്ക് കഴിയും. പിനാക്ക റോക്കറ്റുകളിൽ ജിപിഎസ് സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. ഒരു ഗൈഡഡ് സിസ്റ്റവും ഇതിൽ സ്ഥാപിച്ചിട്ടുണ്ട്. പിനാക്ക റോക്കറ്റുകൾക്ക് മാക് 4.7 (മണിക്കൂറിൽ 5,800 കിലോമീറ്റർ) വേഗത കൈവരിക്കാൻ കഴിയുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇത് ആക്രമണത്തിൽ നിന്ന് പിനാകയെ തടസ്സപ്പെടുത്തുന്നത് അത്യന്തം വെല്ലുവിളി നിറഞ്ഞതാക്കി മാറ്റുന്നു.

ഇന്ത്യൻ സൈന്യത്തിന് നാല് പിനാക റെജിമെന്റുകൾ സേവനത്തിലുണ്ട്. ആറ് എണ്ണം കൂടി ഉടൻ സേനയുടെ ഭാ​ഗമാകുമെന്നാണ് റിപ്പോർട്ട്. ഒരു യുദ്ധമുണ്ടായാൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വൻ ആക്രമണത്തിലൂടെ ശത്രുവിന്റെ സുപ്രധാന മേഖലകളിലെ ലക്ഷ്യങ്ങൾ തകർത്തെറിയുക എന്നതാണ് പിനാകയുടെ പ്രധാന ദൗത്യം. ജനുവരിയിൽ തന്നെ പിനാക്ക മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചർ സിസ്റ്റത്തിനായി 10,200 കോടി രൂപയുടെ ഓർഡർ കേന്ദ്രസർക്കാർ അംഗീകരിച്ചിരുന്നു. ഇന്ത്യ ഇതിനോടകം തന്നെ പിനാക അർമേനിയയിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്. ഫ്രാൻസുമായി ഒരു കരാർ ഉണ്ടാക്കുന്നതിനുള്ള ചർച്ചകളും പുരോ​ഗമിക്കുകയാണ്.