വാട്‌സ്ആപ്പ് യൂസര്‍നെയിം ഫീച്ചര്‍ പരീക്ഷണഘട്ടത്തില്‍. യൂസര്‍നെയിമുകള്‍ വരുന്നതോടെ സ്‌പാം മെസേജുകള്‍ കുറയുമെന്നും വാട്‌സ്ആപ്പ് വഴിയുള്ള തട്ടിപ്പുകള്‍ കുറയ്‌ക്കാമെന്നും കണക്കാക്കപ്പെടുന്നു.

കാലിഫോര്‍ണിയ: അനുദിനം പുത്തന്‍ ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ് മെറ്റയുടെ ഇന്‍സ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. ഇപ്പോഴിതാ ആൻഡ്രോയ്‌ഡ് ഉപയോക്താക്കൾക്കായി വാട്‌സ്ആപ്പ് യൂസര്‍നെയിം ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് എന്നാണ് വാബീറ്റാ ഇന്‍ഫോയുടെ റിപ്പോര്‍ട്ട്. വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് കോണ്‍ടാക്റ്റുകളില്‍ അധിക സുരക്ഷ നല്‍കുന്ന ഫീച്ചറാണിത്. പതിവ് കോണ്‍ടാക്റ്റ് നമ്പറിന് പകരം ഒരു യൂസര്‍നെയിം ഉപയോഗിച്ച് ചാറ്റ് ചെയ്യാം എന്നതാണ് ഈ ഫീച്ചറിന്‍റെ പ്രധാന സവിശേഷത. ഫോണ്‍ നമ്പറുകള്‍ ദുരുപയോഗം ചെയ്‌ത് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ വാട്‌സ്ആപ്പില്‍ നിങ്ങള്‍ക്ക് മെസേജുകള്‍ അയക്കുന്നത് ഇതോടെ കുറയ്‌ക്കാനാകുമെന്ന് മെറ്റ കരുതുന്നു. നിങ്ങള്‍ക്ക് വേണ്ട യൂസര്‍നെയിം മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും വാട്‌സ്ആപ്പ് ഒരുക്കിയേക്കും.

എന്താണ് വാട്‌സ്ആപ്പ് യൂസര്‍നെയിം?

വാട്‌സ്ആപ്പില്‍ കൂടുതല്‍ സ്വകാര്യതയും സുരക്ഷയും ഒരുക്കുന്നതിനായാണ് യൂസര്‍നെയിം ഫീച്ചര്‍ മെറ്റ കൊണ്ടുവരുന്നത്. ഈ ഫീച്ചര്‍ ഇപ്പോള്‍ ആന്‍ഡ്രോയ്‌ഡിനുള്ള വാട്‌സ്ആപ്പ് 2.25.22.9 ബീറ്റാ വേര്‍ഷനില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഫോണ്‍ നമ്പറില്‍ അധിഷ്‌ഠിതമായ വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ സ്ഥാനത്ത് ഓരോ വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്കും ഒരു യൂസര്‍നെയിം ഉപയോഗത്തിനായി തിരഞ്ഞെടുക്കാം. ഈ യൂസര്‍നെയിം കൈവശമുള്ളവര്‍ക്ക് അതുപയോഗിച്ച് നിങ്ങള്‍ക്ക് മെസേജുകള്‍ അയക്കാം. സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി യൂസര്‍നെയിം കീ എന്ന ഓപ്ഷനും വാട്‌സ്ആപ്പ് കൊണ്ടുവന്നേക്കും. നിങ്ങളുടെ വാട്‌സ്ആപ്പ് യൂസര്‍നെയിം മറ്റൊരാളുടെ കയ്യിലുണ്ടെങ്കിലും അവര്‍ക്ക് മെസേജുകള്‍ നിങ്ങള്‍ക്ക് അയക്കണമെങ്കില്‍ മാച്ചിംഗ് ആയ കീ വേണ്ടിവരുന്ന രീതിയാണ് ഈ സംവിധാനത്തിലുണ്ടാവുക.

എങ്ങനെ വാട്‌സ്ആപ്പില്‍ യൂസര്‍നെയിം ബുക്ക് ചെയ്യാം?

യൂസര്‍നെയിം സംവിധാനം പുറത്തിറക്കുമ്പോള്‍ ഒരേ യൂസര്‍നെയിമിനായി പലരും രംഗത്തുവന്നേക്കാം. ഒരു യൂസര്‍നെയിം ഒരാള്‍ക്ക് മാത്രം നല്‍കാനേ പ്രായോഗികമായി കഴിയുള്ളൂ. അതിനാല്‍ യൂസര്‍നെയിം ഫീച്ചര്‍ ആഗോള ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കും മുമ്പും യൂസര്‍നെയിം റിസര്‍വ് (Username reservation) ചെയ്യാനുള്ള ഓപ്ഷന്‍ വാട്‌സ്ആപ്പ് നല്‍കിയേക്കും. ഇത്തരത്തില്‍ ആദ്യം തന്നെ റിസര്‍വ് ചെയ്യാന്‍ വാട്‌സ്ആപ്പ് ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് കഴിഞ്ഞേക്കും. യൂസര്‍നെയിം സംവിധാനത്തിന്‍റെ പരീക്ഷണം വാട്‌സ്ആപ്പ് ആരംഭിച്ചിട്ടേയുള്ളൂ. ഇതിന്‍റെ ഗുണങ്ങളും ന്യൂനതകളും പരിശോധിച്ച് ഉറപ്പാക്കിയ ശേഷമേ വ്യാപകമായി ഉപഭോക്താക്കള്‍ക്കായി ഈ ഫീച്ചര്‍ പുറത്തിറക്കുകയുള്ളൂ. വാട്‌സ്ആപ്പ് സെറ്റിംഗ്‌സിലെ പ്രൊഫൈൽ ടാബിന് കീഴിൽ ഒരു യൂസർ നെയിം ഓപ്ഷൻ വൈകാതെ ലഭ്യമാകും. ഈ ഓപ്ഷൻ വഴി ഉപയോക്താക്കൾക്ക് അവരുടെ യൂസർ നെയിം റിസർവ് ചെയ്യാം എന്നാണ് ഇതുവരെ ലഭ്യമായ വിവരം.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്