ഇനി പാസ്‌വേഡുകൾ ഓർത്തിരിക്കേണ്ട! ചാറ്റ് ബാക്കപ്പുകൾക്കായി പാസ്‌കീ അടിസ്ഥാനമാക്കിയുള്ള എൻക്രിപ്ഷൻ അവതരിപ്പിച്ച് മെറ്റയുടെ ഇന്‍സ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്‌ഫോം വാട്‌സ്ആപ്പ്.

ചാറ്റ് ബാക്കപ്പുകൾക്കായി പാസ്‌കീ അടിസ്ഥാനമാക്കിയുള്ള എൻക്രിപ്ഷൻ അവതരിപ്പിച്ച് ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട‌്‌സ്ആപ്പ്. ഉപയോക്താക്കളെ വാട്‌സ്ആപ്പ് ചാറ്റ് ഹിസ്റ്ററി എളുപ്പത്തിൽ സുരക്ഷിതമാക്കാൻ ഈ പുതിയ ഫീച്ചർ സഹായിക്കും. ഈ ഫീച്ചർ പാസ്‌വേഡിനെ ആശ്രയിക്കുന്നതിനോ 64 അക്ക എൻക്രിപ്ഷൻ കീ സൂക്ഷിക്കുന്നതിനോ പകരം ഫോണിലെ വിരലടയാളം, മുഖം തിരിച്ചറിയൽ അല്ലെങ്കിൽ സ്‌ക്രീൻ ലോക്ക് ഉപയോഗിച്ച് അവരുടെ ബാക്കപ്പുകൾ പരിരക്ഷിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. പാസ്‌വേഡുകൾ ആവർത്തിച്ച് മറക്കുകയോ ബാക്കപ്പ് ആക്‌സസ് ചെയ്യാൻ കഴിയാതിരിക്കുകയോ ചെയ്യുന്ന പ്രശ്‌നത്താൽ ബുദ്ധിമുട്ടുന്നവർക്ക് ഈ അപ്‌ഡേറ്റ് പ്രത്യേകിച്ചും പ്രയോജനകരമാണ്.

Scroll to load tweet…

പാസ്‌കീ അധിഷ്‌ഠിതമായ ചാറ്റ് ബാക്കപ്പ് അവതരിപ്പിച്ച് വാട്‌സ്ആപ്പ്

വ്യക്തിഗത സന്ദേശങ്ങളെയും കോളുകളെയും സംരക്ഷിക്കുന്ന വാട്‌സ്ആപ്പിന്‍റെ നിലവിലുള്ള എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സിസ്റ്റത്തെ അടിസ്ഥാനമാക്കിയാണ് ഈ പുതിയ ഫീച്ചറും വരുന്നത്. ഇത്രകാലവും ഗൂഗിൾ ഡ്രൈവിലോ ഐക്ലൗഡിലോ തങ്ങളുടെ ബാക്കപ്പുകൾ എൻക്രിപ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഒരു പ്രത്യേക പാസ്‌വേഡോ എൻക്രിപ്ഷൻ കീയോ സൃഷ്‍ടിക്കേണ്ടി വന്നിരുന്നു. എന്നാൽ പുതിയ പാസ്‌കീ ഓപ്ഷൻ ഉപയോഗിച്ച് ഒറ്റ ടാപ്പിലോ അല്ലെങ്കിൽ ഫേസ് ഡിറ്റക്ഷനോ ഉപയോഗിച്ച് ചാറ്റ് ബാക്കപ്പ് സുരക്ഷിതമാക്കാനും പിന്നീട് റീസ്റ്റോർ ചെയ്യാനും സാധിക്കും. നിങ്ങളുടെ സ്‍മാർട്ട്ഫോൺ നഷ്‍ടപ്പെട്ടാലോ അഥവാ മാറ്റി പുതിയത് വാങ്ങിയാലോ ബാക്കപ്പുകൾ സ്വകാര്യമായി തുടരുന്നുവെന്ന് ഈ ഫീച്ചർ ഉറപ്പാക്കുന്നുവെന്നും വാട‌്‌സ്ആപ്പ് പറയുന്നു. ഘട്ടം ഘട്ടമായിട്ടായിരിക്കും ഈ ഫീച്ചർ നടപ്പിലാക്കുന്നത്. ഉപയോക്താക്കൾക്ക് സെറ്റിംഗ്‍സില്‍ പ്രവേശിച്ച്, ചാറ്റുകൾ- ചാറ്റ് ബാക്കപ്പ്- എൻഡ്-ടു-എൻഡ് എൻക്രിപ്ഷന്‍ ബാക്കപ്പ് എന്ന ഓപ്ഷനുകളിലേക്ക് പോയി ഈ ഫീച്ചർ ആക്‌ടിവേറ്റ് ചെയ്യാം.

Scroll to load tweet…

എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ

വാട്‌‌സ്ആപ്പില്‍ നിലവിലുള്ള എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സന്ദേശങ്ങളും കോളുകളും അയച്ചയാൾക്കും സ്വീകരിക്കുന്നയാൾക്കും മാത്രമേ ദൃശ്യമാകൂ എന്ന് ഉറപ്പാക്കുന്നുവെന്ന് മെറ്റ അവകാശപ്പെടുന്നു. ഓരോ സന്ദേശവും ഒരു ഡിജിറ്റൽ കീ ഉപയോഗിച്ച് ലോക്ക് ചെയ്‌തിരിക്കുന്നു. ഈ കീ വാട്‌സ്ആപ്പിന് പോലും ആക്‌സസ് ചെയ്യാൻ കഴിയില്ല. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സിസ്റ്റം ഓട്ടോമാറ്റിക്കായിട്ടാണ് പ്രവർത്തിക്കുന്നത്. അതേസമയം പാസ്‌കീ എൻക്രിപ്ഷനിലേക്ക് മാറുന്നതിലൂടെ സങ്കീർണ്ണമായ എൻക്രിപ്ഷൻ വിശദാംശങ്ങൾ കൈകാര്യം ചെയ്യാതെ തന്നെ ഉപയോക്താക്കൾക്ക് വർഷങ്ങൾ പഴക്കമുള്ള ചാറ്റുകൾ, ഫോട്ടോകൾ, വോയ്‌സ് നോട്ടുകൾ എന്നിവ സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയുമെന്നും വാട‌്‌സ്ആപ്പ് അവകാശപ്പെടുന്നു.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്