സാംസങ് ഇലക്‌ട്രോണിക്‌സ് 2025 കലണ്ടര്‍ വര്‍ഷത്തിലെ മൂന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. സാംസങ്ങിന്‍റെ 2025-ലെ മൊത്തംപാദ വരുമാനം ഏകദേശം ഒമ്പത് ശതമാനം ഉയർന്ന് 86 ട്രില്യൺ വോൺ (60.4 ബില്യൺ ഡോളർ) ആയി.
സോള്‍: ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ് ഇലക്‌ട്രോണിക്‌സ് 2025 കലണ്ടര്‍ വർഷത്തിലെ മൂന്നാം പാദത്തിൽ (ജൂലൈ-സെപ്റ്റംബർ 2025) ശക്തമായ പ്രകടനം റിപ്പോർട്ട് ചെയ്‌തു. പ്രവർത്തന ലാഭം 32.5 ശതമാനം ഉയർന്ന് 12.2 ട്രില്യൺ വോൺ (ഏകദേശം 8.6 ബില്യൺ ഡോളർ) ആയി. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) ഉപയോഗത്തിനുള്ള കമ്പ്യൂട്ടർ ചിപ്പുകൾക്കായുള്ള വർധിച്ചുവരുന്ന ആവശ്യകതയാണ് ഈ വളര്‍ച്ചയ്‌ക്ക് പ്രധാനമായും കാരണമായത് എന്നാണ് റിപ്പോർട്ടുകൾ.
സാംസങിന്‍റെ 2025-ലെ മൊത്തംപാദ വരുമാനം ഏകദേശം ഒമ്പത് ശതമാനം ഉയർന്ന് 86 ട്രില്യൺ വോൺ (60.4 ബില്യൺ ഡോളർ) ആയി. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന നിരക്കാണിത്. സെമികണ്ടക്‌ടർ ഉൽപ്പന്നങ്ങളുടെയും സ്‌മാർട്ട്‌ഫോണുകളുടെയും വിൽപ്പനയിലെ വർധനവാണ് ഇതിന് കാരണം. വരുംമാസങ്ങളിൽ എഐ അധിഷ്‍ഠിത ചിപ്പുകൾക്കുള്ള ആവശ്യം അതിവേഗം ഉയരുമെന്ന് സാംസങ് പറഞ്ഞു. കമ്പനിയുടെ സെമികണ്ടക്‌ടർ വിഭാഗം മാത്രം 7 ട്രില്യൺ വോൺ പ്രവർത്തന ലാഭം റിപ്പോർട്ട് ചെയ്‌തു. എഐ ആപ്ലിക്കേഷനുകൾക്ക് പവർ നൽകാൻ ഉപയോഗിക്കുന്ന ഹൈ-ബാൻഡ്‌വിഡ്ത്ത് മെമ്മറി (HBM) ചിപ്പുകളുടെ വിൽപ്പനയാണ് ഇതിന് പ്രധാന കാരണം.
സാംസങിന്‍റെ HBM3E ചിപ്പ് പതിപ്പ് ഇപ്പോൾ വൻതോതിൽ ഉൽപ്പാദിപ്പിക്കുന്നുണ്ടെന്നും എല്ലാ പ്രധാന ഉപഭോക്താക്കൾക്കും വിതരണം ചെയ്യുന്നുണ്ടെന്നും കമ്പനി അറിയിച്ചു. തിരഞ്ഞെടുത്ത ക്ലയന്‍റുകൾക്ക് അടുത്ത തലമുറ HBM4 ചിപ്പിന്‍റെ സാമ്പിളുകൾ കമ്പനി ഇതിനകം അയച്ചിട്ടുണ്ട്. എഐ നിക്ഷേപത്തിന്‍റെ ശക്തമായ വേഗത കാരണം വരും മാസങ്ങളിൽ സെമികണ്ടക്‌ടർ വിപണിയിൽ തുടർച്ചയായ വളർച്ച കാണുമെന്ന് സാംസങ് പ്രസ്‌താവനയിൽ പറഞ്ഞു. കഴിഞ്ഞ പാദത്തിലെ ഇൻവെന്‍ററി ക്രമീകരണങ്ങളും സാങ്കേതിക കയറ്റുമതി നിയന്ത്രണങ്ങളും ബാധിച്ചതിന് ശേഷം, സാംസങ്ങിനെ സംബന്ധിച്ച് സാമ്പത്തിക വർഷത്തിലെ ഈ പാദം കമ്പനിക്ക് ഒരു പ്രധാന തിരിച്ചുവരവ് അടയാളപ്പെടുത്തി.



