Asianet News MalayalamAsianet News Malayalam

ഒരോ മാസത്തിലും 20 ലക്ഷം പേരെ പുറത്താക്കി വാട്ട്സ്ആപ്പ്

വാട്ട്സ്ആപ്പ് അക്കൗണ്ട് എടുത്ത ഉടനെത്തന്നെയായിരിക്കും ഇത്തരം കൂട്ടസന്ദേശങ്ങള്‍ ആളുകളിലേക്കെത്തുക. ഇത്തരത്തില്‍ ഓട്മേറ്റഡ്, ബള്‍ക്ക് ആയി സന്ദേശങ്ങള്‍ കൈമാറുന്ന നിരവധി അക്കൗണ്ടുകള്‍ വാട്ട്സ്ആപ്പ് നീക്കി

WhatsApp removing 2 million suspicious accounts a month
Author
New Delhi, First Published Feb 11, 2019, 8:19 PM IST

ദില്ലി: ഒരോ മാസത്തിലും 20 ലക്ഷത്തോളം അക്കൗണ്ടുകള്‍ വാട്ട്സ്ആപ്പില്‍ നിന്നും നീക്കം ചെയ്തു കൊണ്ടിരിക്കുന്നതായി വാട്ട്സ്ആപ്പിന്‍റെ വെളിപ്പെടുത്തല്‍. വ്യാജസന്ദേശങ്ങള്‍ കൈമാറുന്ന 95 ശതമാനത്തോളം അക്കൗണ്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അവ ഒഴിവാക്കിവരികയാണെന്നും വാട്ട്സ്ആപ്പ് സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ മാറ്റ് ജോണ്‍സ് അറിയിച്ചു. 

ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ വാട്ട്സ്ആപ്പ് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് നടപടിയെന്നും വാട്ട്സ്ആപ്പ് അറിയിച്ചു. തിരഞ്ഞെടുപ്പുവേളകളില്‍ വ്യാജ അക്കൗണ്ടുകളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യപ്പെടുന്നത് സാധാരണമാണ്. 

വാട്ട്സ്ആപ്പ് അക്കൗണ്ട് എടുത്ത ഉടനെത്തന്നെയായിരിക്കും ഇത്തരം കൂട്ടസന്ദേശങ്ങള്‍ ആളുകളിലേക്കെത്തുക. ഇത്തരത്തില്‍ ഓട്മേറ്റഡ്, ബള്‍ക്ക് ആയി സന്ദേശങ്ങള്‍ കൈമാറുന്ന നിരവധി അക്കൗണ്ടുകള്‍ വാട്ട്സ്ആപ്പ് നീക്കി. അതേ സമയം കേന്ദ്രത്തിന്‍റെ പുതിയ സോഷ്യല്‍ മീഡിയ നിയന്ത്രണം നിലവില്‍ വന്നാല്‍ വാട്ട്സ്ആപ്പിന് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ടുണ്ട്. വാട്ട്സ്ആപ്പ് ഇന്ത്യയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ തന്നെയാണ് ഒരു ദേശീയ മാധ്യമത്തോട് ഇത് വ്യക്തമാക്കിയത്. ഇന്ത്യയില്‍ മാത്രം ദിവസം 200 ദശലക്ഷം സജീവ ഉപയോക്താക്കളുള്ള സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്സ്ആപ്പ്. ആഗോളതലത്തില്‍ വാട്ട്സ്ആപ്പിന് ഇത് 1.5 ശതകോടിയാണ്.

ഇന്ത്യയില്‍ അടുത്തതായി വരാന്‍ പോകുന്ന നിയന്ത്രണങ്ങള്‍ വാട്ട്സ്ആപ്പിലെ സന്ദേശങ്ങളെ നിരീക്ഷിക്കാന്‍ സാധിക്കുന്നതാണ് എന്നാണ് വാട്ട്സ്ആപ്പ് ഹെഡ് ഓഫ് കമ്യൂണിക്കേഷന്‍ കാള്‍ വൂഗ് ദില്ലിയില്‍ പറഞ്ഞത്. ഒരു ഉപയോക്താവ് ഒരു സന്ദേശം അയച്ചാല്‍ അത് സ്വീകരിക്കുന്നയാള്‍ക്ക് മാത്രം അത് കാണാന്‍ സാധിക്കുന്ന എന്‍‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ തങ്ങളുടെ സേവനത്തില്‍ ഉള്‍പ്പെടുത്തിയ ആപ്പാണ് വാട്ട്സ്ആപ്പ്. ഈ ഫീച്ചര്‍ ഇല്ലാതാക്കുന്നതാണ് പുതിയ വരാന്‍ പോകുന്ന നിയന്ത്രണം. എന്‍‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഇല്ലാത്ത വാട്ട്സ്ആപ്പ് തീര്‍ത്തും മറ്റൊരു പ്രോഡക്ടായി മാറും എന്നാണ് വാട്ട്സ്ആപ്പ് അധികൃതര്‍ പറയുന്നത്.
 

Follow Us:
Download App:
  • android
  • ios