സന്‍ഫ്രാന്‍സിസ്കോ: വര്‍ഷങ്ങള്‍ക്ക് ശേഷം വാട്ട്സ്ആപ്പ് ഉപയോക്താക്കളെ വലയിലാക്കുവാന്‍ ആ സൈബര്‍ കെണി വീണ്ടും. വാട്ട്സ്ആപ്പ് ഗോള്‍ഡ് അപ്‌ഡേറ്റുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു സന്ദേശമാണ് വീണ്ടും ഫേസ്ബുക്ക് നിയന്ത്രിക്കുന്ന വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ആശങ്ക സൃഷ്ടിക്കുന്നത്.  വാട്ട്സ്ആപ്പ്  വഴി പ്രചരിക്കുന്ന ഈ ലിങ്ക് 2016-ല്‍ പ്രശ്നം സൃഷ്ടിച്ചിരുന്നു

വാട്ട്സ്ആപ്പ് ഗോള്‍ഡ് എന്ന പേരില്‍ വാട്ട്സ്ആപ്പിന്‍റെ വ്യാജപതിപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടുള്ള മെസേജായിരുന്നു അത്. അന്ന് സന്ദേശത്തിനൊപ്പം ഒരു ലിങ്കും ഉണ്ടായിരുന്നു. ഇതു വഴി മാല്‍വെയര്‍ പ്രചരിക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും മറ്റൊരു രൂപത്തില്‍ ഇത് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ലിങ്കിന് പകരം വിഡിയോ ആണെന്ന വ്യത്യാസം മാത്രമാണുള്ളത്. ഒരു വിഡിയോയെക്കുറിച്ചുള്ള മുന്നറിയിപ്പിന്‍റെ രൂപത്തിലുള്ള മെസേജ് ആയിട്ടാണ് എത്തിയിരിക്കുന്നത്. 

മാര്‍ട്ടിനെല്ലി എന്ന പേരില്‍ നിങ്ങളുടെ വാട്‌സാപ്പില്‍ പ്രത്യക്ഷപ്പെടുന്ന വീഡിയോ ഒരു മാല്‍വെയര്‍ ആണെന്നും അത് പ്ലേ ചെയ്ത് പത്തു നിമിഷങ്ങള്‍ക്കുള്ളില്‍ ഫോണ്‍ ഹാക്ക് ചെയ്യുമെന്നുമായിരിക്കും മെസേജ്. വാട്‌സാപ്പ് ഗോള്‍ഡ് അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യരുതെന്നും ഇതില്‍ പറയും. 

എന്നാല്‍ ഈ മുന്നറിയിപ്പ് തന്നെ തട്ടിപ്പാണെന്ന വാദവും ഉയരുന്നുണ്ട്. മാര്‍ട്ടിനെല്ലി എന്ന ഒരു വിഡിയോ ഇല്ലെന്നും വിദഗ്ധര്‍ പറയുന്നു. എന്നാല്‍ വാട്ട്സ്ആപ്പില്‍ ലഭിക്കുന്ന ലിങ്ക് ഒരു കാരണവശാലും ക്ലിക്ക് ചെയ്യുകയോ ഫോര്‍വേഡ് ചെയ്യാന്‍ പാടില്ല. 

ഗൂഗിള്‍ പ്‌ളേ സ്റ്റോര്‍ പോലുള്ള പരിചിത സ്ഥലങ്ങളില്‍ നിന്നു മാത്രം ആപ്‌ളിക്കേഷനുകള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ശ്രദ്ധിക്കണമെന്നും ടെക് വിദഗ്ധര്‍ വ്യക്തമാക്കുന്നു.