സര്‍ഫ്രാന്‍സിസ്കോ: 2014 ഫേസ്ബുക്ക് ഏറ്റെടുത്തതിന് ശേഷം തങ്ങളുടെ പ്രൈവസി പോളിസിയിലെ ഏറ്റവും വലിയ മാറ്റം വാട്ട്സ്ആപ്പ് പുറത്തുവിട്ടു. ഇത് പ്രകാരം ഇനി മുതല്‍ വാട്ട്സ്ആപ്പ് തങ്ങളുടെ ഉപയോക്താക്കളുടെ വിവരങ്ങള്‍ മാതൃകമ്പനിയായ ഫേസ്ബുക്കിന് കൈമാറും. ഏറ്റെടുക്കുന്ന കാലത്ത് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നപ്പോള്‍ ഈ കാര്യം വാട്ട്സ്ആപ്പ് സ്ഥാപകര്‍ വിസമ്മതിച്ചതായിരുന്നു.

എന്നാല്‍ ഉപയോക്താവിന്‍റെ അയക്കുന്ന സന്ദേശങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കും എന്നാണ് വാട്ട്സ്ആപ്പ് പറയുന്നത്. ഞങ്ങളുടെ ഡിഎന്‍എയില്‍ അടങ്ങിയിരിക്കുന്നതാണ് ഉപയോക്താവിന്‍റെ സ്വകാര്യത, നിങ്ങളെക്കുറിച്ച് കുറച്ച് മാത്രം അറിഞ്ഞാണ് ഞങ്ങള്‍ വാട്ട്സ്ആപ്പ് ഉണ്ടാക്കിയത്. പോളിസി സംബന്ധിച്ച ബ്ലോഗില്‍ വാട്ട്സ്ആപ്പ് അധികൃതര്‍ ഇങ്ങനെയാണ് എഴുതുന്നത്.

വാട്ട്സ്ആപ്പില്‍ നിന്നും ലഭിക്കുന്ന ഫോണ്‍ നമ്പറുകള്‍ ഫേസ്ബുക്ക് തങ്ങളുടെ പരസ്യ വിതരണത്തിന് ഉപയോഗിക്കും എന്ന് പുതിയ വാട്ട്സ്ആപ്പ് പ്രൈവസി പോളിസി പറയുന്നു. എന്നാല്‍ 2014ല്‍ വാട്ട്സ്ആപ്പിനെ വാങ്ങുന്ന കാലത്ത് തന്നെ വാട്ട്സ്ആപ്പ് ഇത് തന്നെയാണ് ലക്ഷ്യമിട്ടത് എന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്.