മെറ്റ ബിസിനസ് അക്കൗണ്ടുകള്‍ക്ക് പുറമെ സാധാരണ വാട്‌സ്ആപ്പ് അക്കൗണ്ടുകളിലും കവർ ഫോട്ടോ സജ്ജമാക്കാൻ അനുവദിക്കും. ഈ ഫീച്ചര്‍ ഇപ്പോള്‍ പരീക്ഷണഘട്ടത്തിലാണ്.
തിരുവനന്തപുരം: ഒരാളുടെ സോഷ്യൽ നെറ്റ്‌വർക്കിംഗ് അക്കൗണ്ടുകൾ വ്യക്തിഗതമാക്കുന്നതിൽ പ്രൊഫൈൽ ചിത്രങ്ങളും കവർ ഫോട്ടോകളും ഒരു പ്രധാന പങ്ക് വഹിക്കുന്നു. എന്നാൽ വാട്‌സ്ആപ്പില്‍ ഇത്രകാലവും കവർ ഫോട്ടോകൾ ബിസിനസ് അക്കൗണ്ടുകൾക്ക് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോഴിതാ ഈ ഫീച്ചർ എല്ലാ വാട്‌സ്ആപ്പ് ഉപയോക്താക്കളിലേക്കും എത്തിക്കാൻ ഒരുങ്ങുകയാണ് മെറ്റ എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇത് നിലവിൽ വികസനത്തിലാണെന്നും ഉടൻ തന്നെ ഉപഭോക്താക്കൾക്ക് ലഭ്യമായേക്കാമെന്നും ഫീച്ചർ ട്രാക്കറായ വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.
വാട്‌സ്ആപ്പ് കവര്‍ ഫോട്ടോ എങ്ങനെ സെറ്റ് ചെയ്യാം?
ഈ ഫീച്ചർ ലോഞ്ച് ചെയ്‌താൽ വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈൽ സെറ്റിംഗ്‍സിൽ നിന്ന് ഒരു ചിത്രം തിരഞ്ഞെടുക്കാൻ കഴിയും. ഇങ്ങനെ തിരഞ്ഞെടുക്കുന്ന കവർ ഫോട്ടോ ഉപയോക്താവിന്‍റെ പ്രൊഫൈലിന് മുകളിൽ പ്രദർശിപ്പിക്കും. ഇത് ഫേസ്‍ബുക്ക്, ലിങ്ക്ഡ്ഇൻ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ കാണുന്നതിനോട് സാമ്യമുള്ളതുമായിരിക്കും.
കവർ ഫോട്ടോ സെലക്‌ടർ എങ്ങനെയിരിക്കുമെന്ന് കാണിക്കുന്ന ഒരു സ്ക്രീൻഷോട്ടും വാബീറ്റ ഇൻഫോ നൽകിയിട്ടുണ്ട്. കവർ ഫോട്ടോകൾക്കായി ഒരു പുതിയ പ്രൈവസി സെറ്റിംഗ്‍സ് വാട്‌സ്ആപ്പ് അവതരിപ്പിക്കുമെന്നും ഇത് ഉപയോക്താക്കൾക്ക് ആർക്കൊക്കെ അവ കാണാമെന്ന നിയന്ത്രണം നൽകുമെന്നും പ്രതീക്ഷിക്കുന്നു. നിലവിൽ പരീക്ഷണത്തിലുള്ള ഓപ്ഷനുകളിൽ സ്റ്റാറ്റസ്, പ്രൊഫൈൽ ഫോട്ടോ ക്രമീകരണങ്ങളിൽ ലഭ്യമായ ഓപ്ഷനുകൾക്ക് സമാനമായി, എവരിവൺ, മൈ കോൺടാക്റ്റ്സ്, നോബഡി എന്നിവ ഉൾപ്പെടുന്നു.
ബീറ്റ ടെസ്റ്റർമാർക്ക് ഉടന്‍ ലഭ്യമാക്കും
എവരിവൺ തിരഞ്ഞെടുത്താൽ നിങ്ങളുടെ കവർ ഫോട്ടോ എല്ലാ വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കും ദൃശ്യമാകും. അതായത് നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്തവർക്ക് പോലും അത് കാണാൻ സാധിക്കും. മൈ കോൺടാക്റ്റ്സ് തിരിഞ്ഞെടുത്താൽ ഇത് സേവ് ചെയ്‌ത കോൺടാക്റ്റുകൾക്ക് മാത്രമേ ദൃശ്യമാകൂ. അതേസമയം 'നോബഡി' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നത് എല്ലാവരിൽ നിന്നും കവർ ഫോട്ടോ മറയ്ക്കും. ഈ ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ ആര്‍ക്കും കവര്‍ ചിത്രം കാണാൻ സാധിക്കില്ല.
ആൻഡ്രോയ്‌ഡ് സ്‌മാർട്ട്‌ഫോണുകൾക്കായുള്ള വാട്‌സ്ആപ്പ് ബീറ്റ 2.25.32.2-ൽ കവർ ഇമേജ് സവിശേഷത വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുണ്ട്. ഇത് ഗൂഗിൾ പ്ലേ ബീറ്റ പ്രോഗ്രാം വഴി ടെസ്റ്റർമാർക്ക് ലഭ്യമാക്കും. ഈ സവിശേഷത ഇപ്പോഴും വികസന ഘട്ടത്തിലാണ്, അതായത് ബീറ്റാ ഉപഭോക്താക്കൾക്ക് ഇത് ദൃശ്യമാകില്ല.



