ടെക് ലോകത്ത് വിസ്‌മയമായ ലൂസി ഗുവോയുടെ ആസ്‌തി 1.3 ബില്യൺ യുഎസ് ഡോളറാണ്, അതായത് ഏകദേശം 11,445 കോടി രൂപ
ഒരു മനുഷ്യന്‍റെ ജീവിത വിജയം എന്നത് ബിരുദത്തെയോ ജീവിത പശ്ചാത്തലത്തെയോ മാത്രം ആശ്രയിച്ചല്ല, മറിച്ച് കഠിനാധ്വാനം, ധൈര്യം, ശരിയായ അവസരം കണ്ടെത്താനുള്ള കഴിവ് തുടങ്ങിയവയെക്കൂടി അടിസ്ഥാനമാക്കിയിരിക്കുന്നു. ഇക്കാര്യങ്ങളെല്ലാം ഒത്തുവരുന്നത് ഒരു വ്യക്തിയെ വലിയ ഉയരങ്ങളിലേക്ക് നയിക്കുമെന്ന് തെളിയിക്കുന്ന നിരവധി കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കോടീശ്വരയായി ഫോർബ്‍സ് അടുത്തിടെ വിശേഷിപ്പിച്ച ലൂസി ഗുവോയുടെ കഥയും അത്തരത്തിലുള്ള ഒന്നാണ്. 30 വയസുള്ളപ്പോൾ, ദശലക്ഷക്കണക്കിന് ആളുകൾ എത്തിച്ചേരാൻ സ്വപ്‍നം കാണുന്ന ഒരു സ്ഥാനം നേടിയ സമ്പന്ന വനിതയായ ലൂസി ഗുവോയുടെ കഥ ആർക്കും പ്രചോദനകരമാണ്.
ആരാണ് ലൂസി ഗുവോ?
ടെക് ലോകത്ത് ചര്‍ച്ചാവിഷയമായ ലൂസി ഗുവോയുടെ ആസ്‌തി 1.3 ബില്യൺ യുഎസ് ഡോളറാണ്, അതായത് ഏകദേശം 11,445 കോടി രൂപ. പാസസ് എന്ന കണ്ടന്‍റ് ക്രിയേറ്റർ മോണിറ്റൈസേഷൻ പ്ലാറ്റ്‌ഫോമിന്‍റെ സ്ഥാപകയാണ് അവർ. കൂടാതെ 'സ്കെയിൽ എഐ'യുടെ സഹസ്ഥാപകയുമാണ്. സ്കെയിൽ എഐയെ ഫേസ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റ അടുത്തിടെ 25 ബില്യൺ ഡോളറിന് ഏറ്റെടുത്തിരുന്നു.
'ഞാൻ പഠനം ഉപേക്ഷിച്ചു, പക്ഷേ എന്‍റെ സ്വപ്‍നങ്ങളെയല്ല'...
അമേരിക്കയിലെ ഒരു മധ്യവർഗ ചൈനീസ് കുടുംബത്തിലാണ് ലൂസി ഗുവോ ജനിച്ചത്. മെച്ചപ്പെട്ട ഭാവി തേടിയാണ് ലൂസിയുടെ മാതാപിതാക്കൾ ചൈനയിൽ നിന്ന് അമേരിക്കയിലെത്തിയത്. വീട്ടിൽ പഠനത്തിനും അച്ചടക്കത്തിനും വലിയ പ്രാധാന്യം നൽകിയിരുന്നു. അങ്ങനെ കാർണഗീ മിലോൺ സർവകലാശാലയിൽ കമ്പ്യൂട്ടർ സയൻസും ഹ്യുമൺ-കമ്പ്യൂട്ടർ ഇടപെടലും പഠിക്കാൻ ചേർന്നു ലൂസി ഗുവോ. എന്നാൽ ബിരുദ പഠനത്തിന് ചേർന്ന് രണ്ട് വർഷം കഴിഞ്ഞ് ബിരുദം നേടാൻ കേവലം ഒരു വർഷം മാത്രം ശേഷിക്കുമ്പോള്‍ ലൂസി ആ അമ്പരപ്പിക്കുന്ന ഒരു തീരുമാനം എടുത്തു. പഠനം ഉപേക്ഷിച്ച് സ്വന്തം പാത കണ്ടെത്താനായിരുന്നു അവരുടെ തീരുമാനം. അങ്ങനെ സർവകലാശാലയിൽ നിന്ന് ലൂസി പുറത്തുപോയി. അവരുടെ തീരുമാനത്തിൽ മാതാപിതാക്കൾ വളരെയധികം ഞെട്ടിപ്പോയി. ആ സമയത്ത് പലരും ലൂസിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ ക്ലാസ് മുറിക്ക് പുറത്താണ് തന്‍റെ ലക്ഷ്യസ്ഥാനം എന്ന് ലൂസി വിശ്വസിച്ചു.
തീൽ ഫെലോഷിപ്പ് ഒരു മികച്ച അവസരം നൽകി
യൂണിവേഴ്‌സിറ്റി വിട്ടതിനുശേഷം, തീൽ ഫെലോഷിപ്പിന്‍റെ ഭാഗമായി ലൂസി. യുവസംരംഭകർക്ക് സ്വന്തമായി ഒരു കമ്പനി ആരംഭിക്കാൻ കഴിയുന്ന തരത്തിൽ ഈ ഫെലോഷിപ്പ് രണ്ടുലക്ഷം ഡോളർ ധനസഹായം നൽകുന്നു. അങ്ങനെ സാങ്കേതികവിദ്യയുടെയും സ്റ്റാർട്ടപ്പുകളുടെയും ലോകത്തേക്ക് ലൂസി ഗുവോ തന്‍റെ ചുവടുവയ്പ്പ് നടത്തി.
കുട്ടിക്കാലം മുതൽ പണത്തിന്‍റെ മൂല്യം പഠിച്ചു
ലൂസി ഗുവോ തന്‍റെ ഒരു അഭിമുഖത്തിൽ പറഞ്ഞത്, മാതാപിതാക്കൾ വളരെ ലളിതമായ ജീവിതം നയിച്ചിരുന്നവരാണെന്നും പണത്തിന്‍റെ പ്രാധാന്യം എപ്പോഴും വിശദീകരിച്ചിരുന്നുവെന്നുമാണ്. പണം സമ്പാദിക്കുന്നത് എളുപ്പമല്ലെന്ന് ചെറുപ്പം മുതലേ ഗുവോ മനസിലാക്കിയിരുന്നു. കുട്ടിക്കാലത്ത് നിയോപെറ്റ്സ് എന്ന മൊബൈൽ ഗെയിമിന്‍റെ വലിയ ആരാധികയായിരുന്നു ലൂസി ഗുവോ. ഗെയിമിൽ വെർച്വൽ ഇനങ്ങളും കറൻസിയും വിറ്റ് ചെറുപ്പത്തിൽ പണം സമ്പാദിച്ചിരുന്നു ലൂസി. ഇതിനുശേഷം പ്രോഗ്രാമിംഗും കോഡിംഗും പഠിക്കുകയും ഗെയിമുകൾക്കായി ബോട്ടുകൾ നിർമ്മിക്കാൻ തുടങ്ങുകയും ചെയ്‌തു. അക്ഷരാർത്ഥത്തിൽ ലൂസി ഗുവോയുടെ ടെക് യാത്രയുടെ യഥാർഥ തുടക്കമായിരുന്നു അത്.
സ്റ്റാർട്ടപ്പ് ലോകത്തെ താരം
സ്കെയിൽ എഐ, പാസസ് എന്നിവ മാത്രമല്ല, മറ്റ് നിരവധി സ്റ്റാർട്ടപ്പുകളും ലൂസി ഗുവോ സ്ഥാപിച്ചിട്ടുണ്ട്. 2019ൽ, പുതിയ ടെക് സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കുന്നതിനായി അവർ ബാക്കെൻഡ് വെഞ്ചേഴ്‌സ് എന്ന പേരിൽ ഒരു വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനം ആരംഭിച്ചു. 2022ൽ ലൂസി ഗുവോ പാസ്സസ് പ്ലാറ്റ്‌ഫോം ആരംഭിച്ചു, ഇത് ഇന്ന് കണ്ടന്‍റ് ക്രിയേറ്റേഴ്‌സിന് വലിയ പിന്തുണയായി മാറിയിരിക്കുന്നു.
ക്രെഡിറ്റ് മാതാപിതാക്കൾക്ക്
ലൂസി തന്‍റെ വിജയത്തിന്‍റെ ക്രെഡിറ്റ് മാതാപിതാക്കളോടാണ് പറയുന്നത്. പണത്തിന്‍റെ മൂല്യം പഠിപ്പിച്ചത് മാതാപിതാക്കളാണെന്ന് അവൾ പറയുന്നു. ചെറുപ്പത്തിൽ തുടങ്ങിയ അവളുടെ യാത്ര ഇന്ന് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരയാക്കി അവളെ മാറ്റി. അഭിനിവേശവും കഠിനാധ്വാനവുമുണ്ടെങ്കിൽ, ബിരുദമൊന്നും ഇല്ലെങ്കിലും വലിയ സ്വപ്‍നങ്ങൾ സാക്ഷാത്കരിക്കാൻ കഴിയുമെന്ന് ലൂസിയുടെ കഥ നമ്മോട് പറയുന്നു.


