ബില്യണയറാവുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരന്‍ എന്ന നേട്ടത്തില്‍ അരവിന്ദ് ശ്രീനിവാസ്. എഐ സ്റ്റാര്‍ട്ടപ്പായ പെര്‍പ്ലെക്‌സിറ്റിയുടെ സഹസ്ഥാപകനും നിലവിലെ സിഇഒയുമാണ് അരവിന്ദ് ശ്രീനിവാസ് എന്ന ചെന്നൈക്കാരന്‍. 

ചെന്നൈ: ബില്യണയറാവുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരന്‍ എന്ന നേട്ടത്തില്‍ പെര്‍പ്ലെക്‌സിറ്റി എഐ സഹസ്ഥാപകനും സിഇഒയുമായ 31 വയസുകാരന്‍ അരവിന്ദ് ശ്രീനിവാസ്. ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന എഐ സ്റ്റാര്‍ട്ടപ്പായ പെര്‍പ്ലെക്‌സിറ്റിയെ നയിക്കുന്ന അരവിന്ദ് ശ്രീനിവാസിന്‍റെ ആസ്‌തി 21,190 കോടി രൂപയായാണ് കണക്കാക്കുന്നതെന്ന് എന്‍ഡിടിവി അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ജനറേറ്റീവ് എഐ രംഗത്ത് ടെക് ഭീമന്‍മാര്‍ റാഞ്ചാന്‍ ശ്രമിക്കുന്ന കമ്പനിയാണ് അരവിന്ദ് ശ്രീനിവാസിന്‍റെ പെര്‍പ്ലെക്‌സിറ്റി എഐ. 1994 ജൂണ്‍ ഏഴിന് ചെന്നൈയില്‍ ജനിച്ച അരവിന്ദ് ശ്രീനിവാസ് കാലിഫോര്‍ണിയ ആസ്ഥാനമായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അരവിന്ദ് സ്ഥാപിച്ച പെര്‍പ്ലെക്‌സിറ്റി ലോകത്തിലെ ഏറ്റവും മൂല്യമുള്ള എഐ സ്റ്റാര്‍ട്ടപ്പുകളിലൊന്നാണ്.

ആരാണ് അരവിന്ദ് ശ്രീനിവാസ്?

മദ്രാസ് ഐഐടിയിലെ ബിടെക്, എംടെക് (ഇലക്‌ട്രിക് എഞ്ചിനീയറിംഗ്) വിദ്യാഭ്യാസത്തിന് ശേഷം ഉപരിപഠനത്തിനായാണ് അരവിന്ദ് ശ്രീനിവാസ് അമേരിക്കയിലെത്തിയത്. കമ്പ്യൂട്ടര്‍ സയന്‍സിലേക്ക് ചുവടുമാറിയ അരവിന്ദ് കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് 2021ല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സില്‍ പിഎച്ച്ഡി നേടി. പിഎച്ച്‌ഡി പഠനത്തിന് ശേഷം അരവിന്ദ് ശ്രീനിവാസ് എഐ രംഗത്തെ പ്രമുഖ ഗവേഷണ കമ്പനികളായ ഗൂഗിള്‍ ഡീപ്‌മൈന്‍ഡിലും ഓപ്പണ്‍എഐയിലും ചെറിയ കാലം ജോലി ചെയ്‌തു. 2022 ഓഗസ്റ്റില്‍ അരവിന്ദ് ശ്രീനിവാസ് മറ്റ് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സ്റ്റാര്‍ട്ടപ്പായ പെര്‍പ്ലെക്‌സിറ്റി എഐക്ക് തുടക്കമിട്ടു. ചാറ്റ്-അധിഷ്‌ഠിതമായ സെര്‍ച്ച് എഞ്ചിനായ പെര്‍പ്ലെക്‌സിറ്റി അതിന്‍റെ വേഗവും ക‍ൃത്യതയും കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.

എന്താണ് പെര്‍പ്ലെക്‌സിറ്റി?

ഇന്ത്യക്കാരനായ അരവിന്ദ് ശ്രീനിവാസ് സഹസ്ഥാപകനും സിഇഒയുമായ എഐ സ്റ്റാര്‍ട്ടപ്പാണ് പെര്‍പ്ലെക്‌സിറ്റി. മറ്റ് മൂന്ന് പേരുമായി ചേര്‍ന്ന് 2022-ലാണ് അരവിന്ദ് ശ്രീനിവാസ് ഈ കമ്പനി സ്ഥാപിച്ചത്. എഐ സെര്‍ച്ച് എഞ്ചിന്‍ എന്ന നിലയില്‍ ശ്രദ്ധേയമായ അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പാണ് പെര്‍പ്ലെക്‌സിറ്റി. അടുത്തിടെ കോമറ്റ് എന്ന പേരിലൊരു എഐ ബ്രൗസറും പെര്‍പ്ലെക്‌സിറ്റി പുറത്തിറക്കിയിരുന്നു. ഭാരതി എയര്‍ടെല്ലുമായി കൈകോര്‍ത്ത് പെര്‍പ്ലെക്‌സിറ്റി പ്രോ ഇന്ത്യക്കാര്‍ക്ക് സൗജന്യമായി ലഭ്യമാക്കിയതോടെ രാജ്യത്ത് പ്രചാരം വര്‍ധിച്ചു. പെര്‍പ്ലെക്‌സിറ്റിയെ ഏറ്റെടുക്കാന്‍ ആപ്പിള്‍ ആലോചിക്കുന്നതായി മുമ്പ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 2025 ജൂലൈയിലെ കണക്കുകള്‍ അനുസരിച്ച് പെര്‍പ്ലെക്‌സിറ്റി കമ്പനിയുടെ മൂല്യം 18 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ്. ടിക് ടോക്കിന്‍റെ അമേരിക്കയിലെ ബിസിനസും, ഗൂഗിള്‍ ക്രോം ബ്രൗസറിനെയും സ്വന്തമാക്കാന്‍ ശ്രമിച്ച കമ്പനി കൂടിയാണ് അരവിന്ദ് ശ്രീനിവാസിന്‍റെ പെര്‍പ്ലെക്‌സിറ്റി എഐ.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്