സ്‌മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ ഫോണിനൊപ്പം യുഎസ്‌ബി കേബിളുകള്‍ നല്‍കാന്‍ മടിക്കുന്നു. സോണിയുടെ ഏറ്റവും പുതിയ സോണി എക്‌സ്‌പീരിയ 10 VII ബോക്‌സിൽ ചാർജറോ യുഎസ്ബി-സി കേബിളോ ഇല്ലെന്ന റെഡ്ഡിറ്റിലെ ഒരു പോസ്റ്റ് വൈറല്‍. 

നിങ്ങൾ ഒരു പുതിയ സ്‍മാർട്ട്‌ഫോൺ വാങ്ങുകയാണെങ്കിൽ അതിന്‍റെ പാക്കിംഗ് ബോക്‌സിന് ഭാരം കുറവുണ്ടെങ്കിൽ ഞെട്ടേണ്ട. ഈ ബോക്‌സിൽ നിന്നും ആദ്യം കമ്പനികൾ ചാർജിംഗ് അഡാപ്റ്റർ നീക്കം ചെയ്‌തു. ഇപ്പോൾ യുഎസ്ബി കേബിളുകളും ഒഴിവാക്കിത്തുടങ്ങിയിരിക്കുന്നു. സോണിയുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായ എക്‌സ്‌പീരിയ 10 VII, അതിന്‍റെ റീട്ടെയിൽ പാക്കേജിൽ യുഎസ്ബി കേബിൾ ഉൾപ്പെടുത്തിയിട്ടില്ല. ഇത് ടെക് ലോകത്ത് പുതിയൊരു ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നു. സോണി എക്‌സ്‌പീരിയ 10 VII ബോക്‌സിൽ ചാർജറോ യുഎസ്ബി-സി കേബിളോ ഇല്ലെന്ന് റെഡ്ഡിറ്റിലെ ഒരു പോസ്റ്റ് വെളിപ്പെടുത്തി. റെഡ്ഡിറ്റ് ഉപയോക്താവായ ബ്രിക്ക് ഫിഷ് ആണ് ഈ വിവരം ആദ്യം പങ്കുവെച്ചത്. പുതിയ എക്‌സ്‌പീരിയ 10 VII ബോക്‌സിന്‍റെ ചിത്രവും ബ്രിക്ക് ഫിഷ് പോസ്റ്റ് ചെയ്‌തു. ഈ ഡിവൈസിന്‍റെ ബോക്‌സിൽ ചാർജറോ ചാർജിംഗ് കേബിളോ ഉൾപ്പെടുത്തിയിട്ടില്ല എന്ന് ഈ ഫോട്ടോകൾ വ്യക്തമാക്കുന്നു.

ആപ്പിളിന് പിന്നാലെ സോണിയും കേബിളുകള്‍ ഒഴിവാക്കി

അതേസമയം, ഫോണ്‍ ബോക്‌സില്‍ യുഎസ്ബി കേബിൾ ഉൾപ്പെടുത്തേണ്ടതില്ല എന്ന സോണിയുടെ തീരുമാനം ഒരു ഒറ്റപ്പെട്ട സംഭവമല്ല. 2020-ൽ ചാർജിംഗ് ബ്രിക്കില്ലാതെ ആപ്പിൾ ഐഫോൺ 12 പുറത്തിറക്കിയിരുന്നു. ഏറ്റവും പുതിയ ഇയർബഡുകളായ എയർപോഡ്‍സ് 4, എയർപോഡ്‍സ് പ്രോ 3 എന്നിവയിൽ നിന്ന് ബണ്ടിൽ ചെയ്‌ത യുഎസ്ബി കേബിളുകളും കമ്പനി ഒഴിവാക്കി.

പാരിസ്ഥിതിക ആശങ്കകളും ചെലവ് ലാഭവും

പാരിസ്ഥിതിക ആശങ്കകളാണ് ബണ്ടിൽ ചെയ്‌ത കേബിളുകൾ ഒഴിവാക്കാനുള്ള നീക്കത്തിന് പ്രധാന കാരണമെന്നാണ് കമ്പനികൾ പറയുന്നത്. ഇ-മാലിന്യങ്ങളും പ്ലാസ്റ്റിക് പാക്കേജിംഗും കുറയ്ക്കുക എന്നതാണ് യുഎസ്ബി കേബിൾ നീക്കം ചെയ്യുന്നതിന്‍റെ ഉദ്ദേശ്യമെന്നും കമ്പനികൾ വാദിക്കുന്നു. യുഎസ്ബി-സി സ്റ്റാൻഡേർഡായി മാറുന്നതോടെ, ഉപഭോക്താക്കൾക്ക് ഏത് കേബിളുകളും ഉപയോഗിക്കാമെന്നും കമ്പനികൾ പറയുന്നു. എന്നാൽ, ഈ ആക്‌സസറികൾ ഉൾപ്പെടുത്താതിരിക്കുന്നതിലൂടെ സ്‍മാർട്ട്ഫോൺ കമ്പനികൾക്ക് ചെലവ് ലാഭിക്കുകയാണ് ഉദ്ദേശ്യമെന്നും വാദമുണ്ട്. ദശലക്ഷക്കണക്കിന് യൂണിറ്റുകൾ വിൽക്കുമ്പോൾ ഈ ഇനത്തിൽ കോടിക്കണക്കിന് രൂപ സ്‌മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്ക് ലാഭം കിട്ടും. മാത്രമല്ല, പിന്നീട് ഈ ആക്‌സസറികൾ പ്രത്യേകം വിൽക്കുന്നതിലൂടെ കമ്പനികൾക്ക് അധിക ലാഭവും നേടാം.

ഗുണനിലവാര ആശങ്കകൾ

ഈ പ്രവണത കുറഞ്ഞ നിലവാരമുള്ള റീപ്ലേസ്‌മെന്‍റ് കേബിളുകൾ വാങ്ങാൻ തങ്ങളെ പ്രേരിപ്പിച്ചേക്കാമെന്ന് പല ഉപഭോക്താക്കളും ആശങ്കാകുലരാണ്. ഇത്തരം കേബിളുകൾ മികച്ച പ്രകടനം കാഴ്‌ചവയ്ക്കുകയോ അല്ലെങ്കിൽ കൂടുതൽ കാലം ഈട് നിൽക്കുകയോ ചെയ്യണം എന്നില്ല. പുതിയ സോണി സ്‌മാർട്ട്‌ഫോണിനെക്കുറിച്ചുള്ള ബ്രിക്ക് ഫിഷിന്‍റെ പോസ്റ്റിലെ കമന്‍റ് വിഭാഗത്തിൽ പലരും ഈ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്